Nature

കാനത്തൂര്‍ നെയ്യംകയം കാസർഗോഡ് ജില്ലയിലെ ആദ്യത്തെ പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രം

പശ്ചിമഘട്ട മലനിരകളില്‍ നിന്നും ഉദ്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്ന പയസ്വിനി പുഴയിലെ ഏറ്റവും ആഴമേറിയ ഭാഗം ഏതെന്ന് ചോദിച്ചാല്‍ മുളിയാര്‍ നിവാസികള്‍ പറയും അത് നിസംശയം ജൈവവൈവിധ്യത്താല്‍ സമ്പുഷ്ടമായ കാനത്തൂര്‍ നെയ്യംകയമാണെന്ന്. 25 മീറ്ററോളം ആഴമുള്ള നെയ്യംകയത്തിന് അര ഏക്കറോളം വിസതൃതിയുണ്ട്. പ്രദേശത്തിന്റെ ജൈവികമായ പ്രത്യേകതകള്‍ പ്രകാരം നെയ്യംകയം ജില്ലയിലെ ആദ്യത്തെ പ്രാദേശിക ജൈവവൈവിധ്യ പൈതൃക കേന്ദ്രമായി മാറിയിരിക്കുകയാണ്. തദ്ദേശീയമായതും അപൂര്‍വവുമായ മത്സ്യ ഇനങ്ങളും സസ്യങ്ങളും ഔഷധ സസ്യങ്ങളും ജീവവര്‍ഗങ്ങളും കാണപ്പെടുന്ന ഈ പ്രദേശത്തെ ജൈവവ്യവസ്ഥയെ സംരക്ഷിച്ച് നിലനിര്‍ത്താനാണ് പൈതൃക കേന്ദ്രമാക്കി മാറ്റിയതെന്ന് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി പറഞ്ഞു. ജൈവ വൈവിധ്യം കൂടുതലുള്ളതും വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങള്‍ ഉള്ളതുമായ ആവാസ വ്യവസ്ഥകളെ പ്രാദേശിക ജൈവ വൈവിധ്യ പൈതൃകകേന്ദ്രമാക്കി പ്രഖ്യാപിക്കേണ്ട ചുമതല അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള ജൈവവൈവിധ്യ പരിപാലന സമിതി(ബിഎംസി)യുടേതാണ്. കഴിഞ്ഞ വര്‍ഷം നെയ്യംകയത്ത് അപൂര്‍വയിനത്തില്‍പെട്ട മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതിനെ തുടര്‍ന്നാണ് മുളിയാര്‍ ഗ്രാമപഞ്ചായത്ത് ബിഎംസിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ വിദഗ്ധസമിതി സന്ദര്‍ശനം നടത്തി ജൈവവൈവിധ്യ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ആയിരുന്ന നിലവില്‍ കാസര്‍കോട് വിജിലന്‍സ് ഡി വൈ എസ് പിയായ ഡോ വി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഡോ സജീവ്, ഡോ സി പി ഷാജി, ഡോ ജാഫര്‍ പാലോട്ട്, ഡോ സുബ്രഹ്മണ്യ പ്രസാദ് എന്നിവരടങ്ങിയ വിദഗ്ധസമിതി യുടെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശപ്രകാരമാണ് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പ്രദേശത്തെ പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചത്. ഇവിടെ ബി എം സി യുടെ കീഴില്‍ ഒരു പ്രാദേശിക ജൈവവൈവിധ്യ പരിപാലന സമിതി രൂപീകരിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍ സ്ഥലത്തെ കര്‍ഷകര്‍ ഉള്‍പ്പെടുന്നതാണ് സമിതി.

പ്രാദേശിക ജൈവവൈവിധ്യ പരിപാലന കേന്ദ്രങ്ങളുടെ സംരക്ഷണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി വിഹിതം വകയിരുത്തണമെന്നാണ് സമിതിയുടെ നിര്‍ദേശം. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ദേശീയ ജൈവ വൈവിധ്യ അതോറിറ്റി എന്നിവയുടെയും പ്രാദേശിക വൈവിധ്യ പൈതൃക സമിതിയുടെയും സഹായം തേടും. വരള്‍ച്ച രൂക്ഷമായാല്‍ സമീപത്തെ കര്‍ഷകര്‍ക്ക് അവരുടെ ജലാശങ്ങളില്‍ മത്സ്യങ്ങളെ പരിപാലിക്കുന്നതിന് അവസരമൊരുക്കാമെന്ന നിര്‍ദ്ദേശവും സമിതി നല്‍കിയിട്ടുണ്ട്.

പാരമ്പര്യ അറിവുകളും സംരക്ഷിക്കപ്പെടും

നെയ്യംകയത്തെ ജനങ്ങളുടെ നിയമ പ്രകാരമുള്ള ഉപഭോഗത്തിന് ഭംഗം വരാതെയും അവിടത്തെ കാര്‍ഷിക സാംസ്‌കാരിക ജൈവ വൈവിധ്യത്തെ സംബന്ധിക്കുന്ന പാരമ്പര്യ,നാടന്‍ അറിവുകള്‍ രേഖപ്പെടുത്തിയുമായിരിക്കും പൈതൃക കേന്ദ്രത്തെ സംരക്ഷിക്കുക. ഇതില്‍ നിന്നും ലഭിക്കുന്ന ഫലം തുല്യവും നീതിപൂര്‍വവുമായും പങ്കിടും. കാറഡുക്ക റിസര്‍വ് വനത്തിന് സമീപത്തെ ഈ പ്രദേശത്ത് ഏകദേശം 50 ഏക്കര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ക്കുള്ളത്. ഈ ഭൂമിയില്‍ കാര്‍ഷിക വൃത്തി ചെയ്താണ് നിരവധി കുടുംബങ്ങള്‍ ജീവിച്ചു വരുന്നത്. കവുങ്ങ്, തെങ്ങ്, വാഴ, ചേമ്പ്, ചേന, കപ്പ തുടങ്ങിയ വിളകള്‍ കൃഷി ചെയ്യുന്നുണ്ട്. കയത്തിന് ചുറ്റും കണ്ടല്‍ കാടുകളും മരങ്ങളും വെച്ചു പിടിപ്പിക്കുന്നതോടൊപ്പം അവയെ ദൈവ തുല്യമായാണ് നാട്ടുകാര്‍ കാണുന്നത്. കയത്തിന് അരികിലുള്ള വന്‍മരങ്ങളിലൊന്നായ കൊയമ്പുന്ന (പ്രാദേശിക നാമം) മരത്തിന് ചുവടെ എല്ലാ വര്‍ഷവും രണ്ട് ദിവസം വിളക്ക് കൊളുത്തുകയും നിവേദ്യമായി ഇളനീര്‍ വെക്കുകയും ചെയ്യാറുണ്ട്. കയത്തിന് ചുറ്റുമുള്ള എല്ലാ ജീവജാലങ്ങള്‍ക്കും യാതൊരു പോറലുമേല്‍ക്കാതെ കാത്തു കൊള്ളണമെന്ന പ്രാര്‍ത്ഥനയാണ് ഇവിടെ നടക്കുന്നത്. നെയ്യംകയത്തിന് ചുറ്റുമുള്ള ജീവജാലങ്ങളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരമൊരു ചടങ്ങ് നടത്തുന്നതെന്നാണ് വിശ്വാസം.

ജൈവസമ്പുഷ്ടമായ നെയ്യംകയം

മെരുവല്‍, കൂര്‍മീന്‍, തേന്‍മീന്‍, കരിമീന്‍, കുരുടന്‍, കലുവ, കൊളോന്‍, മലഞ്ചില്‍, കൊത്ത്യന്‍, ആരക്കന്‍, നൊളിവാള, മുഷു, വരാല്‍, എരിമീന്‍, നരിമീന്‍, കൊയല, പാലത്താന്‍, പുല്ലന്‍, കടു, കാരി തുടങ്ങിയ 22 ഓളം മത്സ്യ ഇനങ്ങളും 35 കിലോ വരെ തൂക്കം വരുന്ന ആമയിനത്തില്‍പെട്ട പാലപ്പൂവനും ഇവിടെ കാണപ്പെടുന്നു.

നെയ്യംകയത്തിലും തീരങ്ങളിലുമായി 111 സസ്യ ഇനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഇരുപതോളം ഇനങ്ങള്‍ സ്ഥാനീയമായതും (എന്‍ഡെമിക്) 80 ഓളം ഔഷധ സസ്യങ്ങളും, വംശനാശ ഭീഷണി നേരിടുന്ന ഞാറ, ഇരുമ്പകം (കരിമരം) തുടങ്ങിയ ഇനങ്ങളും ഭക്ഷ്യയോഗ്യമായ സസ്യങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ ഇരുപത് തരം ചിത്രശലഭങ്ങളും ആറ് ഇനം ഉരഗങ്ങളും 12 തരം പക്ഷികളും മൂന്നിനം സസ്തനികളും 11 ഇനം തുമ്പികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്. വലിയ ഇനം ഞണ്ടുകള്‍, ചിപ്പിയിനങ്ങള്‍, വണ്ടുകള്‍ എന്നിവയും കാണപ്പെടുന്നു. 200 ഗ്രാം വരെ തൂക്കമുള്ള വലിയ ചെമ്മീന്‍ ഇനങ്ങള്‍ ഇവിടെ പണ്ടുകാലത്ത് കാണപ്പെട്ടിരുന്നു. ഇവയൊക്കെ ഈ പ്രദേശത്തെ അതീവ ജൈവവൈവിധ്യ സമ്പന്നമാക്കുന്നു

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.