Times Kerala

ബയോ ഫ്ളോക്ക് കൃഷിയിലൂടെ സാമ്പത്തികരംഗത്ത് മാറ്റമുണ്ടാകും- മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

 
ബയോ ഫ്ളോക്ക് കൃഷിയിലൂടെ സാമ്പത്തികരംഗത്ത് മാറ്റമുണ്ടാകും- മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം: ബയോഫ്ലോക്ക് നൂതന മത്സ്യ കൃഷിയിലൂടെ സാമ്പത്തിക രംഗത്ത് മാറ്റമുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യകര്‍ഷക ദിനാചരണവും ബയോഫ്‌ലോക്ക് മത്സ്യകൃഷി കര്‍ഷക പരിശീലനവും തേവള്ളി ഫിഷറീസ് സീഡ് ഫാമില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതികവിദ്യയിലൂടെ നമുക്ക് ആവശ്യമായ മത്സ്യം ഉത്പാദിപ്പിക്കാനും അതുവഴി മത്സ്യകര്‍ഷകര്‍ക്ക് വരുമാനം വര്‍ധിപ്പിക്കാനും കഴിയുന്നു. ഇതിലൂടെ നിരവധി പേര്‍ക്ക് തൊഴില്‍ അവസരവും ലഭിക്കും. വിഷം കലരാത്ത ഗുണനിലവാരമുള്ള മത്സ്യം നമുക്ക് തന്നെ ഉത്പാദിപ്പിക്കാന്‍ കഴിയുന്നു എന്നുള്ളതാണ് പ്രത്യേകത. കേരള ഫിഷറീസ് യൂണിവേഴ്‌സിറ്റി പുതിയ ഹാച്ചറികള്‍ നിര്‍മിക്കുകയും പുതിയ സാങ്കേതിക രീതികള്‍ കര്‍ഷകര്‍ക്ക് പരിചയ പെടുത്തി കൊടുക്കുകയും ചെയ്തുകൊണ്ട് പ്രധാനപ്പെട്ട പങ്ക് വഹിക്കണം എന്നും മന്ത്രി പറഞ്ഞു.

കുറഞ്ഞ സ്ഥലത്ത് കുറഞ്ഞ ചിലവില്‍ ശാസ്ത്രീയമായി ചെയ്യാന്‍ കഴിയുന്ന ഒരു കൃഷിരീതിയാണ് ബയോഫ്‌ലോക്ക് മത്സ്യകൃഷി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായിട്ടാണ് ബയോഫ്‌ലോക്ക് മത്സ്യകൃഷി ഫിഷറീസ് വകുപ്പ് ആരംഭിക്കുന്നത്. ഇതിനായി തിരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് മൂന്നു ദിവസങ്ങളിലായി പരിശീലനം നല്‍കും. കൃഷിരീതിയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് വിദഗ്ധര്‍ ക്ലാസെടുക്കും. 14 ജില്ലകളിലെ 40 കേന്ദ്രങ്ങളിലായി 400 മത്സ്യകര്‍ഷകര്‍ നേരിട്ടും പതിനായിരത്തോളം കര്‍ഷകര്‍ ഓണ്‍ലൈനായും പരിശീലനത്തില്‍ പങ്കെടുക്കും.

പരിശീലനത്തിന്റെ ഭാഗമായി ബയോഫ്ലോക്ക് യൂണിറ്റിന്റെ പ്രദര്‍ശനവും തിരഞ്ഞെടുക്കുന്ന ഒരു കര്‍ഷകന്റെ വീട്ടുവളപ്പില്‍ ബയോഫ്ലോക്ക് യൂണിറ്റ് സ്ഥാപിക്കല്‍ എന്നിവയും നടക്കും.

ചടങ്ങില്‍ ഫിഷറീസ് വകുപ്പ് സെക്രട്ടറി ആന്റ് കുഫോസ് വൈസ് ചാന്‍സ്ലര്‍ (ഇന്‍ചാര്‍ജ്) ടിങ്കു ബിസ്വാള്‍ അധ്യക്ഷത വഹിച്ചു. കുഫോസ് രജിസ്ട്രാര്‍ ഡോ ബി മനോജ് കുമാര്‍, ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഇഗ്‌നേഷ്യസ് മണ്‍ഡ്രോ, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ എം ജി രാജമാണിക്യം തുടങ്ങിയവര്‍ ഓണ്‍ലൈനിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹയിര്‍ തേവള്ളിയിലും സംബന്ധിച്ചു.

Related Topics

Share this story