Times Kerala

പറ്റിക്കരുത് എന്ന് പറഞ്ഞ ശേഷമാണ് ഞാന്‍ ആ പരമ്ബര ഏറ്റെടുത്ത്..; ‘കസ്തൂരിമാന്‍’ എന്ന സീരിയലില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് പ്രവീണ

 
പറ്റിക്കരുത് എന്ന് പറഞ്ഞ ശേഷമാണ് ഞാന്‍ ആ പരമ്ബര ഏറ്റെടുത്ത്..; ‘കസ്തൂരിമാന്‍’ എന്ന സീരിയലില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് പ്രവീണ

ടി. പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ ‘ഗൗരി’യെ ആസ്പദമാക്കി ഡോ. ശിവപ്രസാദ് സംവിധാനം ചെയ്ത ടെലിഫിലിമിലൂടെ ഒരു ബാലതാരമായിട്ടാണ് പ്രവീണ അഭിനയത്തിലേക്ക് കടക്കുന്നത്. ഇപ്പോളിതാ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത്  കസ്തൂരിമാന്‍ എന്ന സീരിയലില്‍ നിന്നും  പിന്മാറിയതിനെ കുറിച്ച് തുറന്നു പറയുകയാണ് പ്രവീണ.

ഒരുപാട് ഒരുപാട് വേഷങ്ങള്‍ ചെയ്യുന്നതില്‍ അല്ല കാര്യം. ഒരു സമൂഹത്തിന് നന്മ വരുന്ന കാര്യങ്ങള്‍ പറയുന്ന വേഷങ്ങള്‍ ചെയ്യുന്നതിലാണ് എനിക്ക് താത്പര്യം. ഒരുപാടൊന്നും വേണം എന്നുള്ള ആഗ്രഹം ഒന്നും എനിക്കില്ല. കിട്ടുന്ന കാര്യങ്ങള്‍ മനസ്സിന് സംതൃപ്തി നല്കുന്നതാകണം. അല്ലാതെ അമ്മ വേഷങ്ങള്‍, അമ്മൂമ്മ വേഷങ്ങള്‍ ഒന്നും ചെയ്യില്ല എന്ന് ഞാന്‍ ഒരിക്കലും പറയില്ല.

കഴിഞ്ഞ എട്ടുവര്‍ഷമായി ഞാന്‍ പരമ്പരകള്‍ വേണ്ട എന്ന് മാത്രമാണ് ചിന്തിച്ചത്. അതിനൊരു കാരണമുണ്ട്, ജനമനസ്സുകളില്‍ അത്രയും സ്വാധീനിക്കുന്ന എന്തെങ്കിലും കഥാപാത്രങ്ങള്‍, അല്ലെങ്കില്‍ ചലഞ്ചിങ് ആയ വേഷങ്ങള്‍ അങ്ങിനെ ഉള്ളതൊക്കെ ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ വരുന്നത് എല്ലാം പതിവ് പോലെയുള്ള കഥാപാത്രങ്ങള്‍ ആയിരുന്നു.

എല്ലാവരും ചെയ്തു പഴകിയ അല്ലെങ്കില്‍ ഞാന്‍ തന്നെ ചെയ്തു മടുത്ത കഥാപാത്രങ്ങള്‍ മാത്രം വന്നു തുടങ്ങിയതോടെ ഇനി പരമ്ബരകള്‍ തന്നെ വേണ്ട എന്ന തീരുമാനത്തില്‍ എത്തി. പരമ്ബരകള്‍ ചെയ്യുന്നില്ല എന്ന തീരുമാനത്തില്‍ ഇരുന്നപ്പോഴാണ് കസ്തൂരിമാനിലേക്ക് ഉള്ള ക്ഷണം ലഭിച്ചത്. അമ്മയും മൂന്നുമക്കളുടെയും കഥ പറയുന്ന ഒരു പരമ്ബര.

അവരോട് ഞാന്‍ ആദ്യമേ തന്നെ പറഞ്ഞിരുന്നു വ്യത്യസ്തമായത് മാത്രം ചെയ്യാന്‍ ആണ് ആഗ്രഹം എന്ന്. അവരത് സമ്മതിക്കുകയും ചെയ്തു. കഥ കേട്ടപ്പോള്‍ അല്‍പ്പം വ്യത്യസ്തമായി തോന്നി. മാത്രവുമല്ല, പ്രവീണയുടെ കഥാപാത്രം ആണ് അതിലെ ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത് എന്ന് അവര്‍ പറയുകയും ചെയ്തു.

എല്ലാവരും ഇങ്ങനെയാണ് ആദ്യമൊക്കെ പറയുന്നത്, പറ്റിക്കരുത് എന്ന് പറഞ്ഞ ശേഷമാണ് ഞാന്‍ ആ പരമ്ബര ഏറ്റെടുക്കുന്നത്. അമ്മ വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് യാതൊരു മടിയും ഇല്ല. കാരണം ഞാനും ഒരു അമ്മയാണ്. എന്റെ മകള്‍ക്ക് പതിനെട്ട് വയസ്സായി. സിനിമയില്‍ നിരവധി താരങ്ങളുടെ അമ്മ വേഷത്തില്‍ ഞാന്‍ എത്തിയിട്ടുണ്ട്. അമ്മ കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ അഭിമാനം മാത്രമേ തോന്നിയിട്ടൊള്ളൂ.

പക്ഷെ ആ അമ്മ ജന മനസ്സുകളില്‍ തങ്ങി നില്‍ക്കുന്ന ഒരു അമ്മ ആയിരിക്കണം. കാരണം അമ്മയാണ് സകലതും, ഒരു കുട്ടിയെ നല്ലൊരു പൗരന്‍ ആക്കുന്നത് ഒരമ്മയാണ്. അപ്പോള്‍ അമ്മ കഥാപാത്രങ്ങള്‍ ഏറ്റെടുക്കുമ്‌ബോള്‍ ഈ കാലഘട്ടത്തിനു യോജിക്കുന്ന ഒരു അമ്മ ആകണം എന്ന് എനിക്ക് നിര്‍ബന്ധം ഉണ്ട്. കാരണം ജന മനസ്സുകളില്‍ നിറയണം എങ്കില്‍ കഴിച്ചോ, ഉണ്ടോ ഉറങ്ങിയോ എന്ന് മാത്രം തിരക്കുന്ന ഒരു അമ്മ ആകരുത് എന്റെ കഥാപാത്രം എന്നും എനിക്ക് നിര്‍ബന്ധം ഉണ്ട്.

കസ്തൂരിമാനില്‍ സംഭവിച്ചതും അതാണ്. സേതുലക്ഷ്മിയുടെയും മൂന്നു പെണ്‍കുട്ടികളുടെയും കഥ പറഞ്ഞു തുടങ്ങി. പിന്നെ ഒരു പെണ്‍കുട്ടിയുടെ മാത്രം കഥ ആയി അതങ്ങു ഒതുങ്ങി പോവുകയും ചെയ്തു. അത് നല്ല രീതിയില്‍ തന്നെയാണ് ഇപ്പോഴും പോകുന്നത്. അവരുടെ ഭാഗത്ത് തെറ്റില്ല. പക്ഷെ എനിക്ക് സംതൃപ്തി ലഭിക്കാത്തത് കൊണ്ട് മാത്രമാണ് അത് വിടേണ്ടി വന്നതെന്നും പ്രവീണ പറയുന്നു.

Related Topics

Share this story