Times Kerala

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശരുടെ വീടിനു നേരെ പെട്രോള്‍ ബോംബെറിഞ്ഞു; മൂന്നു കുട്ടികള്‍ അടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു

 

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ വംശജരുടെ വീടിനു നേരെ ആക്രമണം. മൂന്ന് കുട്ടികള്‍ അടക്കം കുടുംബത്തിലെ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. വീടിനു നേര്‍ക്ക് അഞ്ജത സംഘം പെട്രോള്‍ ബോംബെറിയുകയായിരുന്നു.

അസീസ് മഞ്ജിര (45), ഇദ്ദേഹത്തിന്റെ ഭാര്യയും ദക്ഷിണാഫ്രിക്കകാരിയുമായ ഗോരി ബിബി, ഇവരുടെ മക്കളായ സുബിന (18), മെയ്‌റൂനീസ (14), മുഹമ്മദ് റിസ്‌വാന്‍ (10) എന്നിവരാണ് മരിച്ചത്. 25 വര്‍ഷമായി ദക്ഷിണാഫ്രിക്കയില സ്ഥിരതാമസമാണ് അസീസ്.

ഇവരുടെ പീറ്റര്‍മാര്‍ട്ടീസ്ബര്‍ഗിലെ വീടിനു നേര്‍ക്കാണ് വ്യാഴാഴ്ച രാവിലെ ആക്രമണം നടന്നത്. രണ്ടാഴ്ച മുന്‍പാണ് കുടുംബം ഈ വീട്ടിലേക്ക് താമസം മാറിയത്. സ്‌ഫോടന ശബ്ദവും നിലവിളിയും കേട്ട അയല്‍വാസിയാണ് മറ്റുള്ളവരെയും പോലീസിനെയും വിവരം അറിയിച്ചത്.

അഗ്നിശമന സേന എത്തി തീ അണച്ചപ്പോഴേക്കും അഞ്ചു പേരും മരണമടഞ്ഞിരുന്നു. പുകശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ ജനാലകളും വാതിലുകളും ഇരുമ്പ് ദണ്ഡുകള്‍ കൊണ്ട് ബന്ധിച്ചിരുന്നതിനാല്‍ വീട്ടുകാര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ലെന്നാണ് കരുതുന്നത്.

ഒരു ഷോപ്പിലെ ജീവനക്കാരനായിരുന്ന അസീസ് സ്വന്തമായി ഒരു വീട് വാങ്ങുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. പുതിയ വാടക വീട് ഇവര്‍ക്ക് വില്‍ക്കാന്‍ വീട്ടുടമയും തയ്യാറായിരുന്നു. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയായി വരുന്നതിനിടെയാണ് കുടുംബം തന്നെ ഇല്ലാതാകുന്നത്.

Related Topics

Share this story