Times Kerala

ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിക്കുന്നവര്‍ ഈ യുവതിയുടെ അനുഭവം അറിഞ്ഞിരിക്കണം

 

കാന്‍ബെറ: ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിക്കുന്നവര്‍ ഓസ്‌ട്രേലിയ സണ്‍ഷൈന്‍ കോസ്റ്റ് സ്വദേശിയായ 25കാരി ഷാനോണ്‍ ഹബ്ബാര്‍ഡിന്റെ അനുഭവം അറിഞ്ഞിരിക്കണം. ജീവന്‍ പോലും അപകടത്തിലായേക്കാവുന്ന ഇത്തരം മാര്‍ഗങ്ങള്‍ സ്വീകരിച്ച ഷാനോണ്‍ തന്റെ അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ്.

മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ഷാനോണ്‍ ഡോക്ടറെ സമീപിച്ച ശേഷം ഗര്‍ഭനിരോധനോപാധി സ്വീകരിക്കുകയായിരുന്നു. ഇതാണ് ഷാനോണിനെ അപകടത്തിലാക്കിയത്.

ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്ന (Itnra Uterine Device (IUD) ) മിറേന (Mirena) എന്ന കൃത്രിമഗര്‍ഭനിരോധനമാര്‍ഗമാണ് യുവതി സ്വീകരിച്ചത്. ഷാനോണും പങ്കാളിയും നാലാമത് ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് താല്‍കാലികമായി ഗര്‍ഭനിരോധനമാര്‍ഗം ഇവര്‍ സ്വീകരിച്ചത്.

എന്നാല്‍ ഈ തീരുമാനം അവരെ കൊണ്ടെത്തിച്ചത് ഇനിയൊരിക്കലും ഒരമ്മയാകാന്‍ സാധിക്കാത്ത അവസ്ഥയിലേക്കാണ്. മറ്റ് ഗര്‍ഭനിരോധനരീതികള്‍ പരാജയപ്പെട്ട സാഹചര്യത്തിലും ചില നിരോധനമരുന്നുകളോടുള്ള അലര്‍ജിയുമാണ് ഇങ്ങനെയൊരു വഴി സ്വീകരിക്കാന്‍ ഷാനോണിനെ പ്രേരിപ്പിച്ചത്.

എന്നാല്‍ നിക്ഷേപിക്കുന്ന സമയത്ത് ചെറിയ വേദന തോന്നിയതൊഴിച്ചാല്‍ യാതൊരു അസ്വസ്ഥതകളും യുവതിക്ക് ഉണ്ടായിരുന്നില്ല. ഒരല്‍പം വളവുള്ള ഗര്‍ഭപാത്രമായിരുന്നു ഷാനോണിന്. എന്നാല്‍ ഇതില്‍ പ്രത്യേകിച്ച് അസ്വഭാവികമായി ഒന്നുമില്ലെന്നാണ് ഡോക്ടര്‍ അഭിപ്രായപ്പെട്ടത്.

മിറേന സ്വീകരിച്ച് വീട്ടില്‍ വന്ന ശേഷം ചെറിയ രീതിയില്‍ ഷാനോണിന് രക്തസ്രാവം തുടങ്ങി. വൈകാതെ രക്തസ്രാവം കൂടി. ഉടന്‍ തന്നെ യുവതിയെ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും രക്തത്തില്‍ കുളിച്ച അവസ്ഥയിലായി ഷാനോണ്‍. ഗര്‍ഭപാത്രത്തില്‍ നിന്നും ഉപകരണം നീക്കം ചെയ്തു.

അപ്പോഴേക്കും ശരീരത്തില്‍ നിന്നും 20% രക്തം നഷ്ടമായിരുന്നു. അടുത്ത ദിവസം നടത്തിയ ശസ്ത്രക്രിയയില്‍ ഗര്‍ഭപാത്രത്തില്‍ മുറിവ് സംഭവിച്ചതായി കണ്ടെത്തി. ഉപകരണം ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുമ്പോള്‍ ഉണ്ടായ പാകപ്പിഴയായിരുന്നു ഇതിന്റെ കാരണം.

അതേസമയം ജീവന്‍ തിരിച്ചു കിട്ടിയത് ഭാഗ്യമെന്നു കരുതുകയാണ് ഷാനോണും കുടുംബവും. ഇത്തരം ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ സ്വീകരിക്കും മുന്‍പ് അത് നിങ്ങള്‍ക്ക് എത്രത്തോളം യോജിക്കുമെന്നു ഉറപ്പു വരുത്തണമെന്ന് ഷാനോന്‍ മുന്നറിയിപ്പ് നല്‍കുന്നു.

Related Topics

Share this story