Times Kerala

കടല്‍ക്ഷോഭം ഉണ്ടായ ഒറ്റമശ്ശേരി, പള്ളിത്തോട് തീരപ്രദേശങ്ങള്‍ ആലപ്പുഴ ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

 
കടല്‍ക്ഷോഭം ഉണ്ടായ ഒറ്റമശ്ശേരി, പള്ളിത്തോട് തീരപ്രദേശങ്ങള്‍ ആലപ്പുഴ ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

ആലപ്പുഴ: കഴിഞ്ഞ ദിവസമുണ്ടായ കടല്‍ക്ഷോഭത്തില്‍ വീടുകളിലേക്ക് വെള്ളം കയറിയ തീരപ്രദേശങ്ങള്‍ ജില്ല കളക്ടര്‍ എ.അലക്സാണ്ടര്‍ സന്ദര്‍ശിച്ചു. കടല്‍ ക്ഷോഭമുണ്ടായ ഒറ്റമശ്ശേരി, പള്ളിത്തോട് തീരപ്രദേശങ്ങളിലാണ് കളക്ടര്‍ ശനിയാഴ്ച രാവിലെ സന്ദര്‍ശനം നടത്തിയത്.

ഒറ്റമശ്ശേരിയില്‍ എ.എം.ആരിഫ് എം.പിയും പള്ളിത്തോട് ഷാനിമോള്‍ ഉസ്മാന്‍ എം.എല്‍.എയും കടല്‍ ക്ഷോഭമുണ്ടായ പ്രദേശങ്ങളില്‍ എത്തിയിരുന്നു. അടിയന്തിര സാഹചര്യത്തില്‍ ജെ.സി.ബി ഉപയോഗിച്ച് കടല്‍ത്തീരത്ത് മണ്ണ് മറ സൃഷ്ടിക്കാനും മണല്‍ച്ചാക്ക് ഇട്ട് വീടുകളും മറ്റും സംരക്ഷിക്കുന്നതിനും രണ്ടുലക്ഷം രൂപ വരെയുള്ള തുക തീരദേശപഞ്ചായത്തുകള്‍ക്ക് ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അനുവദിക്കും. അടിയന്തിര ഘട്ടത്തിലാണ് തുക അനുവദിക്കുകയെന്ന് കളക്ടര്‍ അറിയിച്ചു.

തുറവൂര്‍, കുത്തിയതോട്, കടക്കരപ്പള്ളി പഞ്ചായത്തുകള്‍ക്ക് കടല്‍ ക്ഷോഭം തടയുന്ന പ്രവര്‍ത്തികള്‍ക്ക് ഈ തുക ഉടന്‍ അനുവദിക്കും. ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് അതത് തഹസില്‍ദാര്‍മാര്‍ക്കാണ് തുക അനുവദിക്കുക. പഞ്ചായത്തുകള്‍ക്ക് തീര സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന മുറയ്ക്ക് തുക കൈമാറും. ഒറ്റമശ്ശേരിയിലെയും പള്ളിത്തോട്ടിലെയും കടല്‍വെള്ളം കയറിയ വീടുകളും ജില്ല കളക്ടറും ജനപ്രതിനിധികളും പരിശോധിച്ചു. കടല്‍ ക്ഷോഭത്തില്‍ തീരെ അപകടത്തിലായ വീടുകള്‍ സംരക്ഷിക്കുന്നതിന് മണല്‍ച്ചാക്ക് തയ്യാറാക്കി ഇടാന്‍ ജില്ല കളക്ടര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കടല്‍ഭിത്തി കെട്ടുന്നതിന് ഒമ്പതുകോടി രൂപയുടെയും ജിയോ ബാഗുകള്‍ ഇടുന്നതിന് നാല് കോടി രൂപയുടെയും പ്രോജക്ടുകള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇതില്‍ രണ്ടുകോടി രൂപ ഉടനെ ലഭിക്കുമെന്ന് കരുതുന്നു. മണല്‍ച്ചാക്കുകള്‍ നിറയ്ക്കുന്നതിനുള്ള മണ്ണ് ഇവിടെ ലഭ്യമല്ലെങ്കില്‍ പുറത്തുനിന്ന് എത്തിച്ച് നല്‍കാനും നടപടിയെടുത്തതായി കളക്ടര്‍ അറിയിച്ചുു. ചേര്‍ത്തല തഹസില്‍ദാര്‍ ആര്‍.ഉഷ, കടക്കരപ്പള്ളി പഞ്ചായത്ത് സെക്രട്ടറി വി.ബാബു, ഒറ്റമശ്ശേരി തെക്ക് വാര്‍ഡ് മെമ്പര്‍ ജമ്മ മാത്യു, തുറവൂര്‍ പ‍ഞ്ചായത്ത് പ്രസിഡന്‍റ് അനിതാ സോമന്‍, മെമ്പര്‍ സീമോള്‍ ജോസി, സെക്രട്ടറി സതീ ദേവി എന്നിവരും കളക്ടര്‍ക്കൊപ്പമുണ്ടായി.

Related Topics

Share this story