Times Kerala

ഉത്ര വധക്കേസ്; അഞ്ചൽ സിഐക്കെതിരെ പൊലീസ് റിപ്പോർട്ട്

 
ഉത്ര വധക്കേസ്; അഞ്ചൽ സിഐക്കെതിരെ പൊലീസ് റിപ്പോർട്ട്

കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ പ്രാഥമിക അന്വേഷണം നടത്തിയ അഞ്ചൽ സിഐ സിഎൽ സുധീറിനെതിരെ പൊലീസിൻ്റെ റിപ്പോർട്ട്. പ്രാഥമിക തെളിവുകൾ ശേഖരിക്കുന്നതിൽ അഞ്ചൽ സിഐ വീഴ്ച വരുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് കൊല്ലം റൂറൽ എസ്പി, ഡിജിപിക്ക് കൈമാറി. കേസിൻ്റെ പ്രാധമിക ഘട്ടത്തിൽ സിഐ കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്ന് ഉത്രയുടെ കുടുംബം ആരോപിച്ചിരുന്നു.കേസ് അന്വേഷണത്തിൻ്റെ തുടക്കത്തിൽ തന്നെ അഞ്ചൽ സിഐക്കെതിരെ ഉത്രയുടെ വീട്ടുകാർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സിഐ കാര്യക്ഷമമായ അന്വേഷണം നടത്തുന്നില്ലെന്നായിരുന്നു ഇവരുടെ ആരോപണം.അസ്വാഭാവിക മരണം ആയിരുന്നിട്ടു പോലും ഉത്രയുടെ മൃതദേഹം ആദ്യം സംസ്കരിച്ചിരുന്നു. ഇതിനു നേതൃത്വം നൽകിയത് സി ഐ സുധീർ ആയിരുന്നു. ഇതിനെതിരെ വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ ദിവസം അഞ്ചൽ ഇളമുളയ്ക്കലിൽ ദമ്പതിമാർ മരിച്ച സംഭവത്തിൽ സിഐയുടെ നടപടി വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പിടാൻ മൃതദേഹം തന്റെ വീട്ടിലേക്ക് എത്തിക്കാൻ സിഐ നിർദേശിച്ചിരുന്നു. സംഭവം നടന്ന വീട്ടിലെത്തിയ ശേഷം സിഐ നേരെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോകുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഒപ്പ് ആവശ്യമാണ്

മൃതദേഹം സ്റ്റേഷനിൽ എത്തിച്ചപ്പോൾ സിഐ വീട്ടിലായിരുന്നു. ഫോണിൽ ബന്ധപ്പെട്ടപ്പോൾ മൃതദേഹവുമായി വീട്ടിലേക്ക് വരാനായിരുന്നു മറുപടി. പതിനഞ്ച് കിലോമീറ്ററോളം ദൂരം മൃതദേഹവുമായി യാത്ര ചെയ്താണ് സിഐയുടെ ഒപ്പ് വാങ്ങേണ്ടി വന്നത്. നേരത്തെ അഞ്ചൽ സ്റ്റേഷനിൽ പരാതി നൽകാനെത്തിയ മറുനാടൻ തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിച്ചെന്ന ആരോപണവും സിഐ സുധീറിനെതിരെയുണ്ട്.

Related Topics

Share this story