Times Kerala

യഥാര്‍ത്ഥ പ്രതിഫലം വെളിപ്പെടുത്തി സാമുവല്‍

 

കൊച്ചി : സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് തനിക്ക് ലഭിച്ചത് 1,80000 രൂപയാണെന്ന് നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. ഒരു ലക്ഷം രൂപയാണ് അഭിനയിച്ചതിനുള്ള ശമ്പളമായി ലഭിച്ചത്. ശേഷിക്കുന്ന എണ്‍പതിനായിരം യാത്രാ ചിലവ് അടക്കമാണെന്നും സാമുവല്‍ വെളിപ്പെടുത്തി.

ഈ തുകയ്ക്ക് താന്‍ കരാറില്‍ ഏര്‍പ്പെട്ടു എന്നത് ശരിയാണ്. ലോ ബഡ്ജറ്റ് ചിത്രമാണെന്ന് ധരിച്ചാണ് അങ്ങിനെ ചെയ്തത്. എന്നാല്‍ ഭേദപ്പെട്ട ബഡ്ജറ്റില്‍ തന്നെ തയ്യാറാക്കിയ കച്ചവട ചിത്രമാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ഗള്‍ഫ് രാജ്യങ്ങളിലും ആഫ്രിക്കയിലുമെല്ലാം ചിത്രം റിലീസ് ചെയ്തിട്ടുമുണ്ട്.

അത്തരത്തിലുള്ളൊരു കച്ചവട സിനിമയുടെ ഭാഗമായിട്ടും തീരെ മോശം പ്രതിഫലമാണ് തനിക്ക് ലഭിച്ചത്. ചിത്രം വിജയമായാല്‍ തനിക്ക് കൂടുതല്‍ പണം നല്‍കാമെന്ന് നിര്‍മ്മാതാക്കള്‍ വാക്കാല്‍ പറഞ്ഞിരുന്നു. എന്നാല്‍ മടങ്ങുമ്പോള്‍ വിമാനയാത്രാ ചിലവ് ഇനത്തിലുള്ള 7000 രൂപ മാത്രമാണ് നല്‍കിയത്.

ഇതുസംബന്ധിച്ച് നിര്‍മ്മാതാക്കള്‍ക്ക് ഇമെയില്‍ അയച്ചിട്ടും മറുപടിയുണ്ടായില്ല. ചിത്രീകരണ സമയത്ത് എതിരഭിപ്രായമുന്നയിക്കത്തക്ക ഭക്ഷണമാണ് പലപ്പോഴും ലഭിച്ചത്. താമസവും ഇത്തരത്തിലായിരുന്നു. ആ സമയത്തൊന്നും താന്‍ ഒരു ഭിന്നാഭിപ്രായവും പ്രകടിപ്പിച്ചിട്ടില്ല.

നൈജീരിയയിലേക്ക് മടങ്ങുമ്പോള്‍ താന്‍ പരിഗണിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ അതുണ്ടാകാത്തതിനാലാണ് പൊതു ഇടത്തില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ടി വന്നതെന്നും സാമുവല്‍ റോബിന്‍സണ്‍ വ്യക്തമാക്കി. കേരളത്തെയോ കേരളീയരെയോ അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചല്ല മുന്‍ പോസ്റ്റുകള്‍.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് തക്കതായ പ്രതിഫലം ലഭിക്കണമെന്ന് കേരള സര്‍ക്കാരിനെയും ചലച്ചിത്ര സമൂഹത്തെയും ധരിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നും സാമുവല്‍ മൂന്നാമത്തെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പരാമര്‍ശിക്കുന്നു.

Related Topics

Share this story