Times Kerala

ഭക്ഷ്യക്ഷാമം ഉണ്ടാകില്ല, മുൻകരുതലുകളുമായി ഭക്ഷ്യവകുപ്പ്

 
ഭക്ഷ്യക്ഷാമം ഉണ്ടാകില്ല, മുൻകരുതലുകളുമായി ഭക്ഷ്യവകുപ്പ്

കോവിഡിനുശേഷം കാലവർഷം തുടങ്ങുന്ന സാഹചര്യത്തിൽ ഭക്ഷ്യധാന്യക്ഷാമം ഉണ്ടാകാതിരിക്കാൻ ആറുമാസത്തേക്ക് കരുതൽ ധാന്യശേഖരം ഉറപ്പുവരുത്തിയതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ അറിയിച്ചു. കോവിഡ് കാലത്ത് തുടർച്ചയായി സപ്ലൈകോ വിൽപ്പനശാലകൾ പ്രവർത്തിപ്പിച്ചും, സമൂഹ അടുക്കളകൾക്കായി ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തും അതിജീവനക്കിറ്റുകൾ ജനങ്ങളിൽ എത്തിച്ചും സൗജന്യ റേഷൻ വിതരണം ചെയ്തും ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ വകുപ്പിന് സാധിച്ചതായി മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആറു മാസത്തേക്കുള്ള ധാന്യശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്. പയറുവർഗ്ഗങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കും വിലക്കയറ്റം ഉണ്ടാകാതെ ഇരിക്കാൻ കരുതൽ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്. 4.39 ലക്ഷം മെട്രിക് ടൺ അരിയും 1.18 ലക്ഷം മെട്രിക് ടൺ ഗോതമ്പും സംസ്ഥാനത്തിന്റെ കൈവശമുണ്ട്.

കോവിഡ് ലോക്ഡൗൺ കാലയളവിൽ വകുപ്പിന്റെ ചരിത്രത്തിൽ ഉണ്ടാകാത്തവിധം ഇടപെടൽ നടത്താനായി. ഏപ്രിൽ മാസം 85.55 ലക്ഷം കാർഡുടമകൾ (97.95%) സൗജന്യ റേഷൻ വാങ്ങി. ഏപ്രിൽ മാസത്തിൽ 1.41 ലക്ഷം മെട്രിക് ടൺ അരിയും 15709 മെട്രിക് ടൺ ഗോതമ്പും വിതരണം ചെയ്തു. മെയ് മാസത്തിലും 84.98 ലക്ഷം കാർഡുകൾ 97.26% റേഷൻ വാങ്ങി. 92796 മെട്രിക് ടൺ അരിയും 15536 ഗോതമ്പും 4572 മെട്രിക് ടൺ ആട്ടയും വിതരണം ചെയ്തു. പ്രധാനമന്ത്രി ഗ്രാമീണ കല്യാൺ അന്നയോജന പദ്ധതി പ്രകാരം മുൻഗണനാ വിഭാഗങ്ങൾക്കുള്ള അരി ഏപ്രിൽ, മെയ് മാസങ്ങളിൽ വിതരണം ചെയ്തു. ഏപ്രിൽ മാസത്തിൽ 36.51 ലക്ഷം കാർഡുകൾക്ക് 75,362 മെട്രിക് ടൺ അരി വിതരണം ചെയ്തു. മെയ് മാസത്തിൽ 71000 മെട്രിക് ടൺ അരി വിതരണം ചെയ്തു. കൂടാതെ 6065 മെട്രിക് ടൺ കടല വിതരണം ചെയ്തു. ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം 41136 അതിഥി തൊഴിലാളികൾക്ക് 408 മെട്രിക് ടൺ അരി വിതരണം ചെയ്തു.

ധാന്യവിഹിതം കുറച്ചു ലഭിച്ചിരുന്ന മുൻഗണനാ ഇതര വിഭാഗങ്ങൾക്ക് 15 രൂപ നിരക്കിൽ സ്പെഷ്യൽ അരി വിതരണം ചെയ്തു. 33876 മെട്രിക് ടൺ സ്പെഷ്യൽ അരിയാണ് നീല, വെള്ള കാർഡുകൾക്ക് വിതരണം ചെയ്തത്.

കേരളത്തിൽ ഒരിടത്തും റേഷൻ കാർഡ് ഇല്ലാതിരുന്ന 33000 പേർക്ക് ആധാർ കാർഡിന്റെ അടിസ്ഥാനത്തിൽ സൗജന്യ റേഷൻ ഏപ്രിൽ മാസത്തിൽ നൽകി. അപേക്ഷ നൽകി 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് വിതരണം ചെയ്യുന്ന പദ്ധതി പ്രകാരം നാളിതുവരെ 37000 ആളുകൾക്ക് പുതിയ റേഷൻ കാർഡ് നൽകി.

സപ്ലൈകോയുടെ ചരിത്രത്തിലാദ്യമായാണ് സംസ്ഥാനത്തെ മുഴുവൻ റേഷൻ കാർഡുടമകൾക്കും ഭക്ഷ്യ കിറ്റ് വിതരണത്തിനായി തയ്യാറാക്കിയത്. കിറ്റിൽ ഉൾപ്പെടുന്ന സാധനങ്ങളുടെ വാങ്ങലിനു പുറമെ പാക്കിംഗ് ചാർജ്ജ്, ട്രാൻസ്പോർട്ടേഷൻ ചാർജ്ജ്, കടത്തുകൂലി, കയറ്റിറക്കു കൂലി, ഭക്ഷണ കാര്യങ്ങൾക്ക് നൽകിയ പ്രത്യേക തുക, ജീവനക്കാർക്ക് നൽകിയ അധികവേതനം ഉൾപ്പെടെ ഒരു കിറ്റിന് ശരാശരി ചെലവായ തുക 974.03 രൂപ (ഓഡിറ്റിന് വിധേയം)യാണ്.

കിറ്റ് വിതരണത്തിനായി സർക്കാരിൽ നിന്നുള്ള സഹായം 756 കോടി രൂപയായിരുന്നു. മികച്ച ആസൂത്രണത്തോടെയാണ് പർച്ചേസ് നടപടികൾ സ്വീകരിച്ചത്. ആകെ തയ്യാറാക്കിയ കിറ്റുകൾ 87,28,806 കിറ്റുകളാണ്. എ.എ.വൈ കിറ്റുകളുടെ തയ്യാറാക്കൽ മാർച്ച് 31 ന് ആരംഭിക്കുകയും 5.92 ലക്ഷം ഗുണഭോക്താക്കൾക്കുള്ള കിറ്റ് വിതരണം ഏപ്രിൽ 11ന് പൂർത്തിയാക്കുകയും ചെയ്തു. സിവിൽ സപ്ലൈസ് വകുപ്പിന്റെ കണക്കുകൾ പ്രകാരം 586433 കാർഡുടമകൾ കിറ്റുകൾ കൈപ്പറ്റി. പി.എച്ച്.എച്ച് ഗുണഭോക്താക്കളുടെ എണ്ണം 31.80 ലക്ഷം ആയിരുന്നു. ഇവർക്കുള്ള കിറ്റുകൾ തയ്യാറാക്കൽ ഏപ്രിൽ ഏഴിന് ആരംഭിക്കുകയും വിതരണം ഏപ്രിൽ 30ന് പൂർത്തീകരിക്കുകയും ചെയ്തു. 31,29,315 കുടുംബങ്ങൾ കിറ്റുകൾ വാങ്ങിയിട്ടുണ്ട്. 25.8 ലക്ഷം എൻ.പി.എസ് ഗുണഭോക്താക്കൾക്കുള്ള കിറ്റുകളുടെ തയ്യാറാക്കലും വിതരണവും ചുരുങ്ങിയ ദിവസത്തിനുള്ളിൽ അതിവേഗത്തിൽ പൂർത്തീകരിക്കുവാൻ സപ്ലൈകോയ്ക്ക് സാധിച്ചു, 24,28,688 കാർഡുടമകൾ ഈ സൗകര്യം പ്രയോജനപ്പെടുത്തി. ഇനിയും കിറ്റ് വാങ്ങാൻ സാധിക്കാത്തവർക്ക് സപ്ലൈകോയുടെ വിപണനശാലകളിൽ ജൂൺ 10 മുതൽ 15 വരെ സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. റേഷൻ കാർഡുമായി ബന്ധപ്പെട്ട സപ്ലൈകോ വിപണനശാലകളിൽ സമീപിക്കാം. റേഷൻ കാർഡുടമകളെ കൂടാതെ അഗതി മന്ദിരങ്ങൾ, അനാഥാലയങ്ങൾ, കന്യാസ്ത്രി മഠങ്ങൾ, ആശ്രമങ്ങൾ എന്നിവിടങ്ങളിലെ അന്തേവാസികൾക്കും ഭക്ഷ്യ കിറ്റുകൾ നൽകാൻ നടപടിയെടുത്തതായി മന്ത്രി പറഞ്ഞു.

ഇതുവഴി പ്രതിസന്ധികാലത്ത് ഉണ്ടാകുമായിരുന്ന അരിയുടെയും അവശ്യവസ്തുക്കളുടെയും വിലക്കയറ്റം പിടിച്ചുനിർത്താനായതായി മന്ത്രി പറഞ്ഞു. പൊതുവിപണിയിൽ വിലക്കയറ്റം ഉണ്ടാകാതിരിക്കാൻ ആകെ 34720 പരിശോധനകൾ നടത്തി. 4038 ക്രമക്കേടുകൾ കണ്ടെത്തി. ലീഗൽ മെട്രോളജി വകുപ്പിന്റെ അളവുതൂക്ക പരിശോധനയിൽ 17360 പരിശോധനകൾ നടത്തി. 2291 കേസുകൾ എടുത്തു. 88 ലക്ഷം രൂപ കോമ്പൗണ്ടിംഗ് ഫീസ് ഈടാക്കി. അവശ്യവസ്തു നിയമ പ്രകാരം സർക്കാർ പരമാവധി വിൽപ്പന നികുതി നിശ്ചയിച്ച മൂന്ന് ലെയർ മാസ്‌ക്കിനും 13 രൂപ പരമാവധി വില നിശ്ചയിച്ച കുപ്പി വെള്ളത്തിനും കൂടുതൽ വില ഈടാക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് നിരവധി കേസുകൾ എടുത്തിട്ടുണ്ട്. റേഷൻ അരിക്ക് തൂക്കത്തിൽ കുറച്ച് വിൽപ്പന നടത്തിയതിനും മറ്റ് ക്രമക്കേടുകൾക്കും 698 കേസുകൾ എടുത്തിട്ടുണ്ട്. ഇതിനുതന്നെ 8.12 ലക്ഷം പിഴ ഈടാക്കി. ലീഗൽ മെട്രോളജി വകുപ്പിന്റെ പരിശോധന കർക്കശമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

അക്ഷയ കേന്ദ്രങ്ങൾ വഴിയുള്ള ഇലക്ട്രോണിക് റേഷൻ കാർഡും വിതരണം താമസിക്കാതെ ആരംഭിക്കും. റേഷൻ കാർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പരുകൾ അപ്ഡേറ്റ് ചെയ്യുന്നതിന് റേഷൻ കടകളിലോ, അക്ഷയ സെന്ററുകളിലോ സൗകര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

വാർത്താസമ്മേളനത്തിൽ ഭക്ഷ്യ-പൊതുവിതരണ സെക്രട്ടറി പി. വേണുഗോപാൽ, ഡയറക്ടർ ഹരിത എസ്. കുമാർ, സപ്ലൈകോ എം.ഡി കൃഷ്ണതേജ, എം.എൻ.ആർ.ഇ.ജി.എ മിഷൻ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ലീഗൽ മെട്രോളജി കൺട്രോളർ കെ.ടി വർഗീസ് പണിക്കർ എന്നിവർ സംബന്ധിച്ചു.

Related Topics

Share this story