Times Kerala

മഴക്കെടുതി നേരിടാന്‍ ഗ്രാമപഞ്ചായത്തുകളില്‍ മുന്നൊരുക്കം വേണം ;കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 
മഴക്കെടുതി നേരിടാന്‍ ഗ്രാമപഞ്ചായത്തുകളില്‍ മുന്നൊരുക്കം വേണം ;കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 കൊല്ലം :മഴക്കെടുതികളും മഴക്കാല രോഗങ്ങളും നേരിടാന്‍ ഗ്രാമപഞ്ചായത്തുതലത്തില്‍ മുന്നൊരുക്കം നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറി മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം അറിയിച്ചത്.
അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍, മരങ്ങള്‍, വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, മാലിന്യ ഭീഷണിയുള്ള ഇടങ്ങള്‍ എന്നിവയുടെ പട്ടിക തയ്യാറാക്കി തുടര്‍പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കണം. വാര്‍ഡുതല സമിതികള്‍ ഇനിയും രൂപീകരിച്ചിട്ടില്ലാത്ത വാര്‍ഡുകളില്‍ ഉടന്‍ രൂപീകരിക്കണം. ഇതിനു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും മുന്‍കൈ എടുക്കണം. വാര്‍ഡുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് അനുവദിച്ചിട്ടുള്ള ആയിരം രൂപ കേവലം ക്ലോറിനേഷനില്‍ ഒതുക്കരുത്. ഡെങ്കി, എലിപ്പനി രോഗങ്ങള്‍ തടയുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിസന്റ് നിര്‍ദേശിച്ചു.
മഴക്കാലത്ത് ജനങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വരുമ്പോള്‍ അതീവ ജാഗ്രത വേണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുള്‍ നാസര്‍ നിര്‍ദേശിച്ചു. പ്രായമായവര്‍, കുട്ടികള്‍, ക്വാറന്റയിനില്‍ കഴിയുന്നവര്‍ എന്നിങ്ങനെ പ്രത്യേകം ശ്രദ്ധ പുലര്‍ത്തി താമസം സജ്ജമാക്കണം. കോവിഡിന്റെ വ്യാപന സാധ്യതകളുടെ പഴുതടച്ചാവണം ക്രമീകരണങ്ങള്‍. കോവിഡ് പ്രതിരോധത്തിനൊപ്പം മഴക്കെടുതി നേരിടാനും തയ്യാറാവണം. ഇക്കുറി സാധാരണയില്‍ നിന്നും വ്യത്യസ്ഥമായി കരുതല്‍ വേണം. തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍ നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയ്ക്ക് അനുമതി നല്‍കരുത്. വെള്ളക്കെട്ട് ഉണ്ടാക്കുന്ന അനധികൃത നിര്‍മാണങ്ങള്‍ മാറ്റണം. പഞ്ചായത്ത് രാജ് മുന്‍സിപ്പല്‍ ചട്ടങ്ങള്‍ പാലിച്ചു വേണം ഉദ്യോഗസ്ഥര്‍ പദ്ധതി തയ്യാറാക്കേണ്ടതെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
പരസ്യ ഹോര്‍ഡിംഗുകള്‍ അപകടമുണ്ടാക്കുന്നതായി കണ്ടാല്‍ ഉടമസ്ഥര്‍ക്ക് നോട്ടീസ് നല്‍കി നീക്കം ചെയ്യുകയോ ബലപ്പെടുത്തുകയോ വേണമെന്നും പഞ്ചായത്ത് തലത്തില്‍ ജുണ്‍ ആറിന് കൊതുകു നശീകരണം നടത്തണമെന്നും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ് പറഞ്ഞു. എ ഡി എം പി.ആര്‍. ഗോപാലകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെകട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story