Times Kerala

അധ്യാപികമാരെ അവഹേളിച്ചവരെല്ലാം കുടുങ്ങും.!! പണി വരുന്നുണ്ടെന്ന് പോലീസ്

 
അധ്യാപികമാരെ അവഹേളിച്ചവരെല്ലാം കുടുങ്ങും.!! പണി വരുന്നുണ്ടെന്ന് പോലീസ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഓണ്‍ലൈനിലൂടെ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ചവര്‍ക്കെല്ലാം പണി വരുന്നുണ്ടെന്ന് റിപ്പോർട്ട്. വിക്ടേഴ്‌സ് ചാനല്‍ വഴി കൈറ്റ് നടത്തിയ ഓണ്‍ലൈന്‍ ക്ലാസിലെ അധ്യാപികമാര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ഉണ്ടായ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

ഫെയ്‌സ്ബുക്ക്, യു ട്യൂബ്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ്പ് എന്നിവയിലൂടെ അധ്യാപികമാരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി കൈറ്റ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ എ.ഡി.ജി.പി മനോജ് എബ്രഹാമിന് നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഓണ്‍ലൈനിലൂടെ ക്ലാസ് എടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചിലര്‍ സാമൂഹ്യ മാധ്യമങ്ങൾ വഴി ദുരുപയോഗം ചെയ്തിരുന്നു. സോഷ്യല്‍ മീഡിയകള്‍ വഴി അശ്ലീലത കലർത്തി ചിത്രങ്ങളും മറ്റും പ്രചരിക്കുകയും ചെയ്തു. ഇത്തരക്കാര്‍ക്ക് എതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറയുന്നു.

ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനായി ആവിഷ്‌ക്കരിച്ചിരിക്കുന്ന ബദല്‍ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികള്‍ ശരിയല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യം എല്ലാവര്‍ക്കുമുണ്ടാകണമെന്നും കേരള പൊലീസ് വ്യക്തമാക്കി.

കുട്ടികള്‍ക്കായി ക്ലാസ് എടുക്കുന്ന അധ്യാപകരുടെ വീഡിയോകള്‍ സഭ്യതയുടെ എല്ലാ അതിരുകളും കടന്ന് സൈബറിടത്തില്‍ ചിലര്‍ അവതരിപ്പിക്കുന്നത് കണ്ടെന്നും ഇത് അത്യന്തം വേദനാജനകമാണെന്നും കൈറ്റ് വിക്ടേഴ്‌സ് സിഇഒ അന്‍വര്‍ സാദത്ത് നേരത്തെ പ്രതികരിച്ചിരുന്നു.

Related Topics

Share this story