Times Kerala

വടക്കേക്കാട് സിവിൽ സപ്ലൈസ് വകുപ്പ് റെയ്ഡ്; മൂന്ന് ലോറി അനധികൃത ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു

 
വടക്കേക്കാട് സിവിൽ സപ്ലൈസ് വകുപ്പ് റെയ്ഡ്; മൂന്ന് ലോറി അനധികൃത ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു

വടക്കേക്കാട് :അനധികൃതമായി കൈവശം വെച്ച് വിൽപ്പന നടത്തി വരുന്ന ഗ്യാസ് സിലിണ്ടറുകൾ സിവിൽ സപ്ലൈസ് വകുപ്പ് പിടിച്ചെടുത്തു. വടക്കേക്കാട് നാലാംകല്ലിലാണ് കണ്ണൂരിലെ ഗ്യാസ് ഏജൻസിയിലേക്കുള്ള സിലിണ്ടറുകൾ എന്ന വ്യാജേന കൊണ്ടു വന്ന് വടക്കേക്കാട് നമ്പാടൻ ഏജൻസിയിൽ വിൽപന നടത്താൻ ശ്രമിച്ച സിലിണ്ടറുകൾ പിടിച്ചെടുത്തത്. ജില്ലാ കളക്ടർക്ക് ലഭിച്ച പരാതി പ്രകാരമാണ് റെയ്ഡ്. പൊതുവിതരണ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. മൂന്ന് ലോറികളിലും ഒരു ടെമ്പോയിലുമായി 504 സിലിണ്ടറുകൾ കണ്ടെത്തി.
ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസർ ജയദേവ്, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ സൈമൺ, റേഷൻ ഇൻസ്പെക്ടർമാരായ ബിനീജ്, അഫ്രേം ഡൽഹി, റവന്യൂ ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ കെ. രാജീവ് എന്നിവരാണ് റെയ്ഡിന് നേതൃത്വം നൽകിയത്. തുടർന്ന് സിലിണ്ടറുകൾ പിടിച്ചെടുത്തു. സിലിണ്ടറുകൾ ചാവക്കാട് ഗുരുവായൂർ പാവറട്ടി എന്നിവിടങ്ങളിലെ മൂന്ന് ഗ്യാസ് ഏജൻസികളിലായി സൂക്ഷിക്കും. പിടിച്ചെടുത്ത ലോറിയും ടെമ്പോയും വടക്കേക്കാട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുമെന്നും ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസർ ജയദേവ് അറിയിച്ചു.

Related Topics

Share this story