Times Kerala

കാലവർഷം: കൊടുങ്ങല്ലൂർ നഗരസഭയിൽ കൺട്രോൾ റൂം തുറന്നു

 
കാലവർഷം: കൊടുങ്ങല്ലൂർ നഗരസഭയിൽ കൺട്രോൾ റൂം തുറന്നു

തൃശൂർ :   കാലവർഷത്തോടനുബന്ധിച്ച് ദുരന്തനിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയിൽ കൺട്രോൾ റൂം തുറന്നു. 9946730885 എന്നതാണ് നമ്പർ. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഓരോ വാർഡിലും പത്ത് പേരടങ്ങുന്ന ദുരന്തപ്രതികരണസേന രൂപീകരിക്കും. പ്രളയം ഉണ്ടാകാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ, കിടപ്പ് രോഗികൾ, ഗർഭിണികൾ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവരുടെ വിവരശേഖരണം ഉടൻ ആരംഭിക്കും. ദുരന്ത അറിയിപ്പുകൾ സമയാസമയങ്ങളിൽ നൽകുന്നതിനും ക്യാമ്പുകൾ സജ്ജമാക്കുന്നതിനും പശ്ചാത്തല സംവിധാനങ്ങൾ, ടോയ്‌ലറ്റുകൾ, എന്നിവ ഒരുക്കുന്നതിനും പ്രഥമ ശുശ്രൂഷകൾ, ഭക്ഷണം എന്നിവ നൽകുന്നതിനും മുനിസിപ്പൽ തലത്തിൽ പ്രത്യേക സംഘങ്ങൾ രൂപീകരിക്കും. വാർഡു തലത്തിൽ ജൂൺ 3, 4 തിയതികളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വളണ്ടിയർമാരെ തിരഞ്ഞെടുക്കും. സുരക്ഷിത കേന്ദ്രങ്ങൾ കണ്ടെത്തുവാനും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുവാനും സൂക്ഷ്മതല ആസൂത്രണം ഈ യോഗങ്ങളിൽ നടത്തും. ഇവ കൂടാതെ പഴകിയ ദുർബ്ബലമായ കെട്ടിടങ്ങൾ, വീഴാറായ മരങ്ങൾ, പരസ്യബോർഡുകൾ, വൈദ്യുത പോസ്റ്റുകൾ എന്നിവ കണ്ടെത്തി നീക്കം ചെയ്യും. വളണ്ടിയർമാർക്ക് മുനിസിപ്പൽ തലത്തിൽ ആവശ്യമായ പരിശീലനവും നൽകുമെന്ന് നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു.

Related Topics

Share this story