Times Kerala

കോവിഡിനിടയിലും 1001-ാമത് വീടിന്റെ താക്കോല്‍ദാനം നടത്തി പൊന്നാനി നഗരസഭ

 
കോവിഡിനിടയിലും 1001-ാമത് വീടിന്റെ താക്കോല്‍ദാനം നടത്തി പൊന്നാനി നഗരസഭ

പൊന്നാനി :     കോവിഡ് 19 ന്റെ വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ഡൗണും നിര്‍മ്മാണ മേഖലയെ  സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും പി.എം.എ.വൈ – ലൈഫ് പദ്ധതി പ്രകാരമുള്ള പല ഭവന നിര്‍മാണങ്ങളും പൂര്‍ത്തീകരിച്ചിരിക്കുകയാണ് പൊന്നാനി നഗരസഭ. പണി പൂര്‍ത്തിയായ 1001 -ാമത് വീടിന്റെ താക്കോല്‍ ദാനം നഗരസഭ സംഘടിപ്പിച്ചു. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ചടങ്ങുകളൊന്നുമില്ലാതെ പുഴമ്പ്രം പുതിയോടത്ത് വീട്ടില്‍ ബീവുവിന്റെ വീടിന്റെ താക്കോല്‍ ദാനം നഗരസഭാ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു.

ഉറവിട മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിക്കാനും പ്രകൃതി സൗഹൃദ ഭവനമാക്കുന്നതിനുമായി 1001-ാമത്തെ വീടിന് നഗരസഭ ഉപഹാരങ്ങള്‍ നല്‍കി. ജൈവ മാലിന്യ സംസ്‌കരണത്തിനായി ബയോബിന്നും ഗാര്‍ഹിക കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രോബാഗുകളും പച്ചക്കറി തൈകളും നല്‍കി. കൂടാതെ വൈദ്യുതി സംരക്ഷണത്തിനായി സി.എഫ്.എല്‍ ബള്‍ബുകളും നഗരസഭ നല്‍കി.
പൊന്നാനി നഗരസഭയുടെ പി.എം.എ.വൈ – ലൈഫ് പദ്ധതിയില്‍ ആറ് ഡി.പി.ആറുകളിലായി 1340 ഗുണഭോക്താക്കളാണ് നിലവിലുള്ളത്. അതില്‍ 1,214 ഗുണഭോക്താക്കള്‍ കെട്ടിട നിര്‍മ്മാണ അനുമതി ലഭിച്ച് ഭവന നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. നഗരസഭയിലെ 1,340 ഭവന ങ്ങളാണ് നിര്‍മിക്കുന്നത്. 1,001 വീടുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്. ഗുണഭോക്താക്കള്‍ക്കായി മൊത്തം 53 കോടി രൂപയാണ് ചെലവഴിക്കുന്നത്. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ഷീനാസുദേശന്‍, കൗണ്‍സിലര്‍ ഒ.വി ഹസീന, നഗരസഭാ സെക്രട്ടറി ആര്‍.പ്രദീപ് കുമാര്‍, സി.ഡി.എസ് പ്രസിഡന്റ് ഷാലി പ്രദീപ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Topics

Share this story