Times Kerala

മണ്‍സൂണ്‍ കാല ട്രോളിങ് ; മലപ്പുറം ജില്ലയിലെ ട്രോള്‍ ബോട്ടുകള്‍ ജൂണ്‍ ഒന്‍പതിന് മുമ്പ് ഹാര്‍ബറില്‍ എത്തണം

 
മണ്‍സൂണ്‍ കാല ട്രോളിങ് ; മലപ്പുറം  ജില്ലയിലെ ട്രോള്‍ ബോട്ടുകള്‍ ജൂണ്‍ ഒന്‍പതിന് മുമ്പ്  ഹാര്‍ബറില്‍ എത്തണം

മലപ്പുറം :   മണ്‍സൂണ്‍ കാല ട്രോളിങ് നിരോധനം സംസ്ഥാനത്ത് നിലവില്‍ വരുന്നതിന് മുമ്പായി ജില്ലയിലെ ട്രോള്‍ ബോട്ടുകളെല്ലം മത്സ്യബന്ധനം കഴിഞ്ഞ് ജൂണ്‍ ഒന്‍പതിന് മുമ്പ് ഹാര്‍ബറില്‍ എത്തണമെന്ന് ഡെപ്യൂട്ടി കലക്ടര്‍(ആര്‍.ആര്‍) പി.മുരളീധരന്‍ അറിയിച്ചു. സംസ്ഥാനത്ത് ജൂണ്‍ ഒന്‍പത് മുതല്‍ ജൂലൈ 31 വരെ നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ മത്സ്യത്തൊഴിലാളി ട്രേഡ് യൂനിയന്‍ നേതാക്കളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം. അന്യസംസ്ഥാനത്ത് നിന്ന് മലപ്പുറം ജില്ലയിലേക്ക് മത്സ്യബന്ധനത്തിനായി എത്തിയ ട്രോള്‍ ബോട്ടുകളും ജൂണ്‍ ഒന്‍പതിനകം കേരളതീരം വിട്ട് പോകണം. ജില്ലയില്‍ ആകെ 191 ട്രോള്‍ ബോട്ടുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ട്രോളിങ് നിരോധന കാലയളവില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ബോട്ടിലെ തൊഴിലാളികള്‍ക്ക് ഫിഷറീസ് വകുപ്പ് വഴി സൗജന്യ റേഷന്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ കാലയളവില്‍ നിയമവിരുദ്ധമായി സര്‍ക്കാര്‍ നിശ്ചയിച്ചതിലും കുറഞ്ഞ കണ്ണിവലിപ്പമുള്ള വലകള്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും ലൈറ്റ് ഫിഷിങും നടത്തുന്നവരെ കണ്ടെത്താന്‍ ഫിഷറീസ് വകുപ്പ് പരിശോധന കര്‍ശനമാക്കും. പെയര്‍ ട്രോളിങ് തടയുന്നതിനായി കടല്‍ പട്രോളിങും ശക്തമാക്കും. ട്രോളിങ് നിരോധന കാലയളവിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജില്ലയ്ക്കായി ഒരു ബോട്ട്, അഞ്ച് ഫൈബര്‍ ബോട്ട്, അഞ്ച് റെസ്‌ക്യൂ ഗാര്‍ഡുമാര്‍ എന്നിങ്ങനെ അനുവദിച്ചിട്ടുണ്ട്.

Related Topics

Share this story