Times Kerala

കോവിഡിനെതിരേ മാനാഞ്ചിറയില്‍ കാര്‍ട്ടൂണ്‍ മതില്‍

 
കോവിഡിനെതിരേ മാനാഞ്ചിറയില്‍ കാര്‍ട്ടൂണ്‍ മതില്‍

കോഴിക്കോട് :    സോപ്പിട്ട് കൈ കഴുകുന്നവന്‍ ചന്തു, മാസ്‌കിട്ട് അങ്കം കുറിക്കുന്നവന്‍ ചന്തു, അകലം പാലിച്ച് പൊരുതുന്നവന്‍ ചന്തു, തോല്‍പ്പിക്കാനാവില്ല കോവിഡേ…
കോഴിക്കോട് മാനാഞ്ചിറക്ക് സമീപമുള്ള ഗവ.ടീച്ചര്‍ എഡ്യൂക്കേഷന്‍ കോളജിന്റെ ചുറ്റുമതിലിലൊന്ന് കണ്ടാല്‍ ആരും അന്താളിച്ച് പോകും. മനസില്‍ തങ്ങി നില്‍ക്കുന്ന സിനിമാ ഡയലോഗും പ്രിയപ്പെട്ട പുസ്തകങ്ങളും ചരിത്രവും കലയുമെല്ലാം ആ മതിലില്‍ കോവിഡ് പ്രതിരോധ സന്ദേശ കാര്‍ട്ടൂണുകളായി മാറി. വിശ്വവിഖ്യാതമായ മാസ്‌കും, മാസ്‌ക്കാഡോ ഗമയും, ഓതിരം കരുതല്‍ മറുകടകം എന്ന പഞ്ച് ഡയലോഗും, രുചിയുടെ നാട്ടില്‍ കൊവിഡിന് ഇടമില്ല തുടങ്ങി രസകരമായ സന്ദേശങ്ങളാണ് കാര്‍ട്ടൂണുകള്‍കൊപ്പം മതിലില്‍ പതിഞ്ഞത്.

ബ്രേക്ക് ദി ചെയിന്‍ ക്യാംപയിനിന്റെ രണ്ടാം ഘട്ടം തുടരണം ഈ കരുതല്‍ പരിപാടിയുടെ ഭാഗമായി കേരള സാമൂഹ്യസുരക്ഷാ മിഷനും കാര്‍ട്ടൂണ്‍ അക്കാദമിയും സംയുക്തമായാണ് കോവിഡ് പ്രതിരോധ കാര്‍ട്ടൂണ്‍ മതില്‍ തീര്‍ത്തത്. കേരളത്തിലെ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകള്‍ സാമൂഹിക അകലമുള്‍പ്പെടെ ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു കാര്‍ട്ടൂണ്‍ ഒരുക്കിയത്. കോഴിക്കോടടക്കം ഏഴുജില്ലകളിലാണ് നിലവില്‍ കാര്‍ട്ടൂണ്‍ ഒരുക്കിയത്. സോപ്പ്, മാസ്‌ക്, സാമൂഹ്യ അകലം (എസ്.എം.എസ്.) തുടങ്ങിയ ബോധവല്‍ക്കരണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് കാര്‍ട്ടൂണ്‍.

കാര്‍ട്ടൂണിസ്റ്റുകളായ അനൂപ് രാധാകൃഷ്ണന്‍, സുരേഷ് ഡാവിഞ്ചി, സുഭാഷ് കല്ലൂര്‍, രതീഷ് രവി, സജീവ് ശൂരനാട്, ഷാജി സീതാംതോട്, സനീഷ് ദിവാകരന്‍, ബിനീഷ് ലാലി, നൗഷാദ് വെള്ളലശ്ശേരി എന്നിവരാണ് കാര്‍ട്ടൂണ്‍ മതില്‍ തീര്‍ത്തത്. എ. പ്രദീപ് കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ കെ ഉണ്ണിക്കൃഷ്ണന്‍, സാമൂഹ്യസുരക്ഷാ മിഷന്‍ ഉത്തരമേഖല പ്രോഗ്രാം കോഡിനേറ്റര്‍ മുഹമ്മദ് ഫൈസല്‍ എം.പി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Topics

Share this story