Times Kerala

കോവിഡിനെ അകറ്റി നിര്‍ത്താന്‍ സെന്‍സര്‍ ടാപ്പുമായി വിദ്യാര്‍ത്ഥി സംഘം

 
കോവിഡിനെ അകറ്റി നിര്‍ത്താന്‍  സെന്‍സര്‍ ടാപ്പുമായി വിദ്യാര്‍ത്ഥി സംഘം

ഇടുക്കി :   കൈതൊടാതെ കൈകഴുകാന്‍ കഴിയുന്ന സെന്‍സര്‍ടാപ്പ് നിര്‍മ്മിച്ച് അടിമാലി താലൂക്കാശുപത്രിയ്ക്ക് നല്‍കി അടിമാലി വാറള സ്വദേശികളായ വിദ്യാര്‍ത്ഥി സംഘം.ചേലാട് പോളിടെക്‌നിക് കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികളായ എല്‍ദോ ഷാജന്‍, അരുണ്‍, ജോര്‍ജ്ജി കെ സജീവ്, അഖില്‍ സുഗുണന്‍, വാഴക്കുളം വിശ്വജ്യോതി സ്‌കൂളിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ ബേസില്‍ എല്‍ദോസ് എന്നിവര്‍ ചേര്‍ന്നാണ് കൊവിഡ് കാലത്ത് കൈതൊടാതെ ടാപ്പ് തുറന്ന് കൈകഴുകാന്‍ സംവിധാനമുള്ള സെന്‍സര്‍ടാപ്പ് നിര്‍മ്മിച്ചത്. ടാപ്പിന് ചുവട്ടില്‍ കൈകള്‍ എത്തിക്കുമ്പോള്‍ സെന്‍സര്‍ പ്രവര്‍ത്തിച്ച് തനിയെ വെള്ളം കൈകളില്‍ വീഴുമെന്നതാണ് സെന്‍സര്‍ ടാപ്പിന്റെ പ്രത്യേകത. ടാപ്പ് അടിമാലി താലൂക്കാശുപത്രി കോമ്പൗണ്ടിനുള്ളില്‍ സ്ഥാപിച്ചു. കൊവിഡ് പ്രതിരോധത്തിന് സമൂഹത്തിനായി എന്തെങ്കിലുമൊന്ന് ചെയ്യണമെന്ന ചിന്തയാണ് സെന്‍സര്‍ ടാപ്പ് നിര്‍മ്മിക്കാന്‍ പ്രേരിപ്പിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എല്ലാവരും ഉപയോഗിക്കുന്ന പൊതുടാപ്പില്‍ ആരും തൊടാതെ അണുവിമുക്തമാക്കി നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥികളുടെ കണ്ടെത്തലിലൂടെ സാധിക്കും. വിശ്വജ്യോതി സ്‌കൂളിലെ ഐ ട്രിപ്പിള്‍ ഇ വകുപ്പാണ് വിദ്യാര്‍ത്ഥികളുടെ പരീക്ഷണങ്ങള്‍ക്കാവശ്യമായ സാമ്പത്തിക സഹായം നല്‍കിയത്. രോഗബാധ തടയാന്‍ ആരോഗ്യവകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുതെങ്കിലും തങ്ങളാലാവുന്ന പിന്തുണ നല്‍കാനായതിന്റെ ചാരുതാര്‍ത്ഥ്യത്തിലാണ് വാളറസ്വദേശികളായ അഞ്ചംഗ വിദ്യാര്‍ത്ഥി സംഘം.

Related Topics

Share this story