Times Kerala

ശരീരം തളര്‍ന്ന നജാത്തിന് തുണയായി ശ്രീനിഷ

 

ദുബായ് : ശരീരം തളര്‍ന്നുപോയ എത്യോപ്യന്‍ സ്വദേശിനി നജാത്തിന് നാട്ടിലെത്താന്‍ തുണയായത് ശ്രീനിഷയെന്ന മലയാളി നഴ്‌സ്. ദുബായില്‍ വീട്ടുജോലിക്കെത്തിയതായിരുന്നു എത്യോപ്യന്‍ സ്വദേശി നജാത്ത്. രണ്ടാം ദിനം ജോലിക്കിടെ നജാത്ത് കുഴഞ്ഞുവീണു.

ഉടന്‍ വീട്ടുടമ ദുബായ് മോഡേണ്‍ ആശുപത്രിയില്‍ 27 കാരിയെ പ്രവേശിപ്പിച്ചു. ഇതോടെ വീട്ടുടമ നജാത്തിനെ കൈവിട്ടു. ആശുപത്രി അധികൃതര്‍ക്ക് ഇദ്ദേഹത്തെ പിന്നെ ബന്ധപ്പെടാന്‍ സാധിച്ചില്ല. ആശുപത്രിയില്‍, തിരുവനന്തപരും സ്വദേശിനി ശ്രീനിഷയ്ക്കും സംഘത്തിനുമാണ് നജാത്തിന്റെ പരിചരണത്തിന്റെ ചുമതലയുണ്ടായിരുന്നത്.

ഏഴുമാസത്തെ ചികിത്സയ്ക്ക് ശേഷം ആരോഗ്യസ്ഥിതിയില്‍ മാറ്റങ്ങളുണ്ടായതിനാല്‍ യുവതിയെ എത്യോപ്യയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍തീരുമാനിച്ചു. നജാത്തിന് കൂട്ടുപോകാന്‍ നിയോഗിക്കപ്പെട്ടത് ശ്രീനിഷയും പൂന സ്വദേശിനി ഡോ. സോനം ലന്‍ഗ്‌ഡെ, ഡോ. സാദ് അബ്ബാസ് അല്‍ അബ്ബാസി എന്നിവരായിരുന്നു.

വിമാനത്തില്‍ പ്രത്യേക ചികിത്സാ സംവിധാനങ്ങള്‍ തയ്യാറാക്കിയാണ് യുവതിയെ കൊണ്ടുപോയത്. വിമാനത്തിലെ നാല് സീറ്റുകള്‍ മടക്കിവെച്ച് പ്രത്യേക സ്ട്രച്ചര്‍ ക്രമീകരിച്ചു. ഇസിജി, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍, പള്‍സ് ഓക്‌സിമീറ്റര്‍, സക്ഷന്‍ ഉപകരണം, ട്യൂബുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, യന്ത്രങ്ങളുടെ ചാര്‍ജറുകള്‍, ബാറ്ററികള്‍ എന്നിങ്ങനെ എല്ലാ സംവിധാനവും സജ്ജീകരിച്ചിരുന്നു.

ഇത്തരമൊരു ദൗത്യമേറ്റെടുക്കാന്‍ ആദ്യം പേടിയുണ്ടായിരുന്നെങ്കിലും നജാത്തിന്റെ മുഖം ഓര്‍ത്തപ്പോള്‍ ഇറങ്ങിത്തിരിക്കുകയായിരുന്നുവെന്ന് ശ്രീനിഷ പറയുന്നു. മൂന്നര മണിക്കൂറോളം യാത്രചെയ്ത് അഡിസ് അബബയിലെത്തി.

തുടര്‍ന്ന് യുവതിയെ ബ്ലാക് ലയണ്‍ സര്‍ക്കാര്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു, രണ്ട് ദിവസം ആശുപത്രിയില്‍ താമസിച്ച് നജാത്തിന്റെ രോഗ വിവരങ്ങള്‍ നിലവിലെ ഡോക്ടര്‍മാരോട് പങ്കുവെച്ച ശേഷമാണ് ശ്രീനിഷയും സംഘവും മടങ്ങിയത്.

Related Topics

Share this story