Times Kerala

എൽഡിഎഫ് സർക്കാരിന്റെ മുഖച്ഛായ മാറ്റിയ ലൈഫ് മിഷൻ പദ്ധതി.!

 
എൽഡിഎഫ് സർക്കാരിന്റെ മുഖച്ഛായ മാറ്റിയ ലൈഫ് മിഷൻ പദ്ധതി.!

തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനില്‍ രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തിയായതിന്‍റെ പ്രഖ്യാപനം മാസങ്ങൾക്ക് മുൻപ് ‌ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വച്ച് നടത്തിയിരുന്നു. എൽഡിഎഫ് സർക്കാരിന്റെ മുഖച്ഛായ മാറ്റിയ പ്രഖ്യാപനത്തിനായിരുന്നു അന്ന് തലസ്ഥാന നഗരി സാക്ഷ്യം വഹിച്ചത്. 2,14,000 ത്തിലേറെ വീടുകളാണ് ലൈഫ് മിഷന്റെ ഭാഗമായി അന്നോളം പണിതീർത്തത്.

ഇന്ത്യയില്‍ സര്‍ക്കാരുകള്‍ ഏറ്റെടുത്ത് നടത്തുന്ന ഭവനനിര്‍മ്മാണ പദ്ധതികളില്‍ ഏറ്റവും കൂടുതല്‍ വീടുകള്‍ കുറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുകയായിരുന്നു. രണ്ടു ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്‍റെ ഭാഗമായി ലൈഫ് നിര്‍മ്മിച്ച കരകുളം ഏണിക്കരയിലെ വീട് 29ന് മുഖ്യമന്ത്രി സന്ദര്‍ശിചിരുന്നു. വീടിന്‍റെ ഗൃഹപ്രവേശ ചടങ്ങില്‍ അദ്ദേഹം പങ്കെടുത്തു. .

കേരളത്തിലെ ഭവനരഹിതരുടെ പ്രശ്നങ്ങള്‍ക്ക് സമഗ്ര പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് ലൈഫ് മിഷന്‍ ആരംഭിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് ലൈഫ് മിഷന്‍ പദ്ധതി വിഭാവനം ചെയ്തത്. ഒന്നാംഘട്ടത്തില്‍ 2000-01 മുതല്‍ 2015-16 സാമ്പത്തിക വര്‍ഷം വരെ വിവിധ സര്‍ക്കാര്‍ ഭവനനിര്‍മ്മാണ പദ്ധതികള്‍ പ്രകാരം ധനസഹായം കിട്ടിയിട്ടും പല കാരണങ്ങളാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയാതിരുന്ന കുടുംബങ്ങള്‍ക്കുള്ള വീടുകള്‍ യാഥാര്‍ഥ്യമാക്കുക എന്നതായിരുന്നു ലൈഫ് മിഷന്‍ ഏറ്റെടുത്ത ദൗത്യം. രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിര്‍മാണവും മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം.

Related Topics

Share this story