Times Kerala

ഉത്രയുടേത് കൊലപാതകം.? ഭർത്താവും സുഹൃത്തുക്കളും കസ്റ്റഡിയിൽ

 
ഉത്രയുടേത് കൊലപാതകം.? ഭർത്താവും സുഹൃത്തുക്കളും കസ്റ്റഡിയിൽ

കൊല്ലം: അഞ്ചലിൽ പാമ്പു കടിയേറ്റ് മരിച്ച യുവതി സംഭവം കൊലപാതകമെന്ന് സംശയം. അഞ്ചല്‍ സ്വദേശിനി ഉത്രയാണ് പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെ വീണ്ടും പാമ്പ് കടിയേറ്റ് മരിച്ച സംഭവമാണ് അന്വേഷണ സംഘം കൊലപാതകമെന്ന് സംശയിക്കുന്നത്.സംഭവത്തിൽ ഉത്രയുടെ ഭര്‍ത്താവ് സൂരജ് അടക്കം രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്യുകയാണ്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

മെയ് ഏഴിനാണ് ഏറം വെള്ളശേരി വീട്ടില്‍ വിജയസേനന്‍- മണിമേഖല ദമ്പതികളുടെ മകള്‍ ഉത്ര (25) പാമ്പു കടിയേറ്റ് മരിച്ചത്. സംഭവത്തില്‍ മകളെ അപായപ്പെടുത്തിയെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പോലീസ് അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചനകള്‍ പുറത്തുവന്നിരിക്കുന്നത്.

ഉത്രയുടെ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാള്‍ വിഷപ്പാമ്പുകളെക്കുറിച്ച് യുട്യൂബിലും മറ്റും തിരഞഞതായും ഇയാള്‍ക്കു പാമ്പുകളെ പിടിക്കാനും സൂക്ഷിക്കാനും കഴിവുള്ളതായി കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. പാമ്പ് പിടുത്തക്കാരുമായി ബന്ധമുണ്ടോ എന്നതു കണ്ടെത്താന്‍ ഫോണ്‍ കോളുകളും പരിശോധിച്ചുവരികയാണ്. മകളെ അപായപ്പെടുത്തിയത് സൂരജാണെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ അഞ്ചല്‍ സിഐക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.

ഉത്രക്ക് രണ്ട് പ്രാവശ്യമാണ് പാമ്പ് കടിയേറ്റത്. ഭർത്താവ് സൂരജിന്‍റെ പറക്കോട്ടുള്ള വീട്ടില്‍ വച്ചാണ് ആദ്യം പാമ്പ് കടിയേൽക്കുന്നത്.മാർച്ച് 2 ന് രാത്രിയില്‍ കാലിന് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ വിവരം സ്ഥിരികരിച്ചത്. തുടർന്ന് തിരുവല്ലയിലെ സ്വകര്യ മെഡിക്കല്‍ കോളജില്‍ രണ്ടാഴ്ചയിലധികം ചികിത്സ നടത്തി.തുടർന്ന് സ്വന്തം വീട്ടില്‍ പരിചരണത്തില്‍ കഴിയുന്നതിനിടയില്‍ മെയ് 6ന് ഉത്രക്ക് വീണ്ടും പാമ്പ് കടിയേറ്റത് തുടർന്നാണ് മരണം സംഭവിച്ചത്.

രണ്ടാം തവണയും പാമ്പു കടിയേറ്റതാണ് മരണകാരണമെന്നറിഞ്ഞതോടെ സംഭവത്തിൽ ദുരൂഹത ഉയരുകയും ഉത്രയുടെ മാതാപിതാക്കൾ അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിക്കുകയുമായിരുന്നു. ഉത്ര മരിക്കുന്ന ദിവസം ഭർത്താവ് സൂരജും യുവതിയുടെ വീട്ടില്‍ എത്തിയിരുന്നു. യുവതിയുടെമരണം സ്ഥിരികരിച്ച സമയത്ത് സൂരജ് കാണിച്ച അസ്വഭാവികതയാണ് പെൺകുട്ടിയുടെ ബന്ധുക്കൾക്കിടയിൽ സംശയങ്ങള്‍ക്ക് വഴിവെക്കുന്നത്. യുവതി മരിച്ച ദിവസം വീട്ടിലെത്തിയ സൂരജിന്‍റെ കൈവശം ഒരു വലിയ ബാഗുണ്ടായിരുന്നതായും ഈ ബാഗിൽ പാമ്പ് ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നുമാണ് ഉത്രയുടെ കുടുംബം ആരോപിക്കുന്നത്. മാത്രമല്ല, എയര്‍ഹോളുകള്‍ പൂര്‍ണമായും അടച്ച എസിയുളള മുറിയിൽ ജനലുകൾ തുറന്നിടുന്ന പതിവില്ല. എന്നിട്ടുമെങ്ങനെ പാമ്പ് മുറിക്കുള്ളിൽ കയറിയെന്നതും സമ്പത്തിൽ ദുരൂഹത കൂട്ടുന്നു .

കൂടാതെ, ഉത്രക്ക് ആദ്യം പാമ്പ് കടിയേല്‍ക്കുന്നതിന് രണ്ട് ദിവസം മുമ്പ് സൂരജിന്‍റെ വീടിന്‍റെ രണ്ടാംനിലയിലെ കിടപ്പ് മുറിക്ക് സമീപത്തായി പാമ്പിനെ കണ്ടിരുന്നു. ഉത്ര ബഹളം വച്ചതിനെ തുടർന്ന് സൂരജ് എത്തി പാമ്പിനെ കൈകൊണ്ട് പിടിച്ച് ചാക്കില്‍ ഇട്ട് കെട്ടികൊണ്ട് പോയന്നും ബന്ധുക്കളോട് ഉത്ര പറഞ്ഞിരുന്നു. ഇതും ഉത്രയുടെ മരണത്തിൽ അസ്വാഭാവികതയുള്ളതായി സംശയം ഉയർത്തുന്നു.2018 ലാണ് ഉത്രയെ സൂരജ് വിവാഹം കഴിച്ചത് നൂറുപവന്‍ സ്വർണവും വലിയൊരുതുക സ്ത്രിധനവും നല്‍കിയതായി ബന്ധുക്കള്‍ പറയുന്നു. പൈസആവശ്യപ്പെട്ട് ഉത്രയെ നിരവധി തവണ സൂരജ് മാനസികമായി പീഡിപ്പിച്ചുവെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ ഉണ്ട്.

Related Topics

Share this story