Times Kerala

വീടുകളിൽ നിന്നും പുറത്തിറങ്ങാനാകാതെ ചെമ്പൻകുഴി നിവാസികൾ; കനത്ത മഴയിൽ ചുറ്റിനും വെള്ളം പൊങ്ങിയതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷം; നാട്ടുകാരുടെ ദുരവസ്ഥ കണ്ടിട്ടും കാണാതെ അധികൃതരും…

 
വീടുകളിൽ നിന്നും പുറത്തിറങ്ങാനാകാതെ  ചെമ്പൻകുഴി നിവാസികൾ; കനത്ത മഴയിൽ ചുറ്റിനും വെള്ളം പൊങ്ങിയതോടെ ഇഴജന്തുക്കളുടെ ശല്യവും രൂക്ഷം; നാട്ടുകാരുടെ ദുരവസ്ഥ കണ്ടിട്ടും കാണാതെ അധികൃതരും…

കാട്ടാക്കട: മഴ കനത്തതോടെ ദുരിതത്തിലായിരിക്കുകയാണ് മാറനല്ലൂർ പഞ്ചായത്തിൽ മേലേരിയോട് 8- വാർഡിൽ ചെമ്പൻകുഴി നിവാസികൾ. ആബാലവൃദ്ധ ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശം ചുറ്റും വെള്ളം കയറിയിരിക്കുകയാണ്. ഇതോടെ വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പോലും കഴിയാത്തെ അവസ്ഥയിലാണ് പ്രദേശവാസികൾ. ചെമ്പൻകുഴി പാലവും ചുറ്റുമുള്ള പ്രദേശവും കൃഷിഭൂമിയടക്കം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം പൊങ്ങിയിരിക്കുകയാണ്. ഇഴജന്തുക്കൾ ഏറെയുള്ള പ്രദേശത്ത് പേടിയോടെയാണ് ഇപ്പോൾ നാട്ടുകാർ പുറത്തിറങ്ങുന്നത് പോലും. വെള്ളം കയറി വഴികൾ പലതും മുങ്ങിയതോടെ പുറത്തേക്കിറങ്ങാനാകാതെ പല കുടുംബങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലേക്കുള്ളത്.

അതേസമയം, വാർഡ് മെമ്പറടക്കമുള്ളവർ ദിവസേന കടന്നു പോകുന്ന വഴിയാണ് വെള്ളം കയറി ഈ ദുരവസ്ഥയിൽ എത്തിയിരിക്കുന്നത്. എന്നിട്ടും മെമ്പറുടെയോ മറ്റ് അധികാരികളുടെയോ ഭാഗത്ത് നിന്നും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. വരും ദിവസങ്ങളിൽ മഴ ഈ നിലയിൽ തുടർന്നാൽ സാഹചര്യങ്ങൾ ഇനിയും മോശമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

കഴിഞ്ഞ ദിവസം രാത്രി മുതൽ തിരുവനന്തപുരം ജില്ലയിൽ കനത്ത മഴയാണ് ലഭിക്കുന്നത്. നെയ്യാറിന്റെ ഷട്ടറുകൾ ഇതുവരെ തുറന്നിട്ടില്ലെങ്കിലും ഇന്നലെ മാത്രം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഏതാണ്ട് 17 സെന്റീമീറ്ററോളം മഴ ലഭിച്ചതായാണ് വിവരം, കൂടാതെ 6 മില്ലി മീറ്റർ കയൂബിക് വെള്ളം നെയ്യാറിലേക്ക് ഒഴുകി എത്തിയതായും വിവരം ഉണ്ട്. ഇത്തരത്തിൽ മഴ ഇനിയും തുടരുകയാണെങ്കിൽ ഡാമിന്റെ സംഭരണശേഷിയുടെ അളവിലേക്കു വെള്ളം എത്തുകയും, നെയ്യാർ ജലസംഭരണി തുറക്കേണ്ടഅവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമെന്നതും നാട്ടുകാരിൽ കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. വേനൽ മഴയുടെ സമയം ഇതാണ് അവസ്ഥയെങ്കിൽ കാലവർഷം എത്തുന്നതോടെ സ്ഥിതിഗതികൾ ഇനിയും രൂക്ഷമായേക്കും, അതിനാൽ അധികാരികൾ ഇടപെട്ട് എത്രയും വേഗം പ്രശ്‌നപരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Topics

Share this story