Times Kerala

ഫെയ്‌സ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ താക്കീത്

 

ന്യൂഡല്‍ഹി: ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട്ഫെയ്‌സ്ബുക്കിന് കേന്ദ്രസര്‍ക്കാരിന്റെ താക്കീത്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയാല്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന് വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നല്‍കി. പൊതു തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

നേരത്തെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഏജന്‍സികളുടെ ഇടപെടലുമായി ബന്ധപ്പെട്ട് ഫേയ്‌സ്ബുക്ക് പ്രതിക്കൂട്ടിലായിരുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് വേണ്ടി പ്രവര്‍ത്തിച്ച കേംബ്രിജ് അനലറ്റിക്ക എന്ന കമ്പനി അഞ്ച് കോടിയിലധികം ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ ട്രംപിന്റെ വിജയത്തിനായി ചോര്‍ത്തിയെന്നാണ് ആരോപണം. കമ്പനിയ്‌ക്കെതിരെ അന്വേഷണം നടക്കുകയാണ്.

ഈ കമ്പനി തന്നെയാണ് യു.പി.എയ്ക്ക് വേണ്ടി ഇന്ത്യയില്‍ പ്രചാരണം നടത്തുന്നതെന്നും രവിശങ്കര്‍ പ്രസാദ് ആരോപിക്കുന്നു.

Related Topics

Share this story