Times Kerala

ശ്രീവിദ്യയുടെ ഫ്‌ലാറ്റ് ലേലത്തിന്

 

ചെന്നൈ: അന്തരിച്ച നടി ശ്രീവിദ്യയുടെ ഫ്‌ലാറ്റ് ലേലത്തില്‍ വെക്കാന്‍ ആദായനികുതി വകുപ്പിന്റെ തീരുമാനം. 1 കോടി 14 ലക്ഷത്തിപതിനായിരം രൂപയാണ് ഫ്‌ലാറ്റിന് വിലയിട്ടിരിക്കുന്നത്. ഈ മാസം 26 നാണ് ലേലം നിശ്ചയിച്ചിട്ടുള്ളത്. ആദായനികുതി കുടിശ്ശികയായ 45 ലക്ഷം രൂപ ഈടാക്കുന്നതിനായാണ് ലേലം.

ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരനായ നടന്‍ ഗണേഷ് കുമാറിന്റെ അനുവാദത്തോടെയാണ് ലേലമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. ഈ ഫ്‌ലാറ്റില്‍ ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്നത് അഭിഭാഷകനായ ഉമാശങ്കറാണ്. 2005ല്‍ ശ്രീവിദ്യ മരിക്കുന്നതിന് മുന്‍പേ വീട് വാടകക്ക് എടുത്തിരുന്നുവെന്നും ആദായനികുതി സംബന്ധിച്ച കേസുകളെല്ലാം ഗണേഷ് കുമാറിന് അറിയാമെന്നും ഉമാശങ്കര്‍ പറഞ്ഞു.

ഇപ്പോള്‍ മാസവാടകയായ 13000 രൂപ ആദായനികുതിവകുപ്പിനാണ് ഇവര്‍ നല്‍കുന്നത്. 1996 മുതല്‍ മരണം വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിരുന്നില്ല. ഇക്കാരണത്താലാണ് കുടിശിക 45 ലക്ഷത്തില്‍ എത്തിയത്. മാസം ലഭിക്കുന്ന 13,000 രൂപകൊണ്ട് കുടിശ്ശിക ഈടാക്കാനാകില്ല. അതിനാലാണ് ഫ്‌ലാറ്റ് ലേലത്തില്‍ വയ്ക്കുന്നതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Related Topics

Share this story