Times Kerala

ഉപേക്ഷിക്കപ്പെട്ട നിലയില്‍ 54 മനുഷ്യ കരങ്ങളുടെ അവശിഷ്ടങ്ങള്‍

 

റഷ്യ :മഞ്ഞ് മൂടിയ ദ്വീപില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ 54 മനുഷ്യ കരങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ദുരൂഹതയേറ്റുന്നു. റഷ്യ-ചൈന അതിര്‍ത്തിയിലുള്ള കിഴക്കന്‍ സൈബീരിയയിലെ ഒരു ദ്വീപിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ 54 മനുഷ്യ കരങ്ങള്‍ കണ്ടെത്തിയത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട ഒരു പ്രദേശ വാസിയാണ് പൊലീസില്‍ വിവരമറിയിച്ചത്. അമുര്‍ നദിക്ക് ഇടയിലായുള്ള ദ്വീപിലാണ് സംഭവം നടന്നത്. ഇതില്‍ ഒരു കയ്യില്‍ നിന്നും വിരലടയാളം ശേഖരിക്കാന്‍ പൊലീസിന് സാധിച്ചിട്ടുണ്ട്. ബാക്കിയുള്ളവയില്‍ പരിശോധന നടത്തി വരികയാണ്.

ഇത്രയും കൈകള്‍ അറുത്ത് മാറ്റി ഉപേക്ഷിച്ചതിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ ദ്വീപ് വാസികളുടെ നിസ്സംഗതയും പൊലീസിനെ സംശയത്തിലാക്കുന്നുണ്ട്. പ്രധാനമായും രണ്ട് സാധ്യതകളാണ് ഇതിന് പിന്നില്‍ പൊലീസ് ചൂണ്ടിക്കാണിക്കുന്നത്.കളവ് നടത്തിയതിനുള്ള ശിക്ഷയായി നാട്ടുകാര്‍ പ്രദേശത്തെ കള്ളന്‍മാരുടെ കൈ മുറിച്ച് മാറ്റുകയായിരുന്നോവെന്നതാണ് പൊലീസ് ഉയര്‍ത്തുന്ന ഒന്നാമത്തെ സാധ്യത. അവയവ മോഷണം നടത്തുന്ന ലോബിയാണോ ഇതിന് പിറകിലെന്നാണ് മറ്റൊരു സാധ്യതയായി പൊലീസ് ചൂണ്ടിക്കാണിക്കുന്നത്.

വിരലടയാളം ഉപയോഗിച്ച് മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിയാതിരിക്കാനാവാം കൈകള്‍ മുറിച്ച് മാറ്റിയതെന്നാണ് പൊലീസിന്റെ നിഗമനം. എന്തായാലും സംഭവത്തില്‍ പൊലീസ് ഊര്‍ജജിതമായ അന്വേഷണം നടത്തിവരികയാണ്.

Related Topics

Share this story