chem

ഒളുപ്പിച്ചു വച്ചിരുന്ന നിധി തേടി പോയ നാലാമനും കൊല്ലപ്പെട്ടു

വാഷിങ്ടണ്‍ : വടക്കേ അമേരിക്കയിലെ റോക്കി പര്‍വതനിരയില്‍ ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് പറയപ്പെടുന്ന നിധി തേടി പോയ നാലാമനും കൊല്ലപ്പെട്ടു. നിധിവേട്ടയ്ക്കിറങ്ങിയ ജെഫ് മര്‍ഫിയെന്ന 53 കാരനാണ് ദാരുണാന്ത്യമുണ്ടായത്. 20 ലക്ഷം ഡോളര്‍ വിലമതിക്കുന്ന നിധി, റോക്കി മൗണ്ടന്‍സില്‍ പെട്ടിയിലടച്ച് ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന് ഫോറസ്റ്റ് ഫെന്‍ എന്നയാളാണ് പ്രഖ്യാപിച്ചത്.

ഇത് കണ്ടെത്തുന്നവര്‍ക്ക് നിധി സ്വന്തക്കാമെന്നും ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. നിധി തേടി കുത്തനെയുള്ള കൊടുമുടികളിലൊന്നില്‍ കയറുന്നതിനിടെ 500 അടി മുകളില്‍ നിന്ന് താഴേക്ക് പതിച്ചാണ് ജെഫ് മര്‍ഫിയുടെ അന്ത്യം. ഇദ്ദേഹത്തെ കാണ്‍മാനില്ലെന്ന് ഭാര്യ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇയാളുടെ മൃതദേഹം താഴ്‌വരയില്‍ കണ്ടെത്തിയത്.

ഒരു അമേരിക്കന്‍ ടിവി ചാനലാണ് വിവരാവകാശ നിയമ പ്രകാരം ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. റോക്കീസ് പര്‍വത നിരയുടെ ഭാഗമായുള്ള യെലോ സ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്ക് അധികൃതരാണ് വിശദാംശങ്ങള്‍ കൈമാറിയത്. മര്‍ഫി, നിധിയുടെ വിവരങ്ങള്‍ തേടി ഫെന്നുമായി ഇമെയിലിലൂടെ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും വിവരം പുറത്തുവന്നിട്ടുണ്ട്.

സിനിമാക്കഥയെ വെല്ലുന്നതാണ് വര്‍ഷങ്ങളായുള്ള നിധിവേട്ടയും വഴിമധ്യേയുള്ള കൊല്ലപ്പെടലും. കോടീശ്വരനായ ഫോറസ്റ്റ് ഫെന്‍ 2010 ലാണ് നിധിയെക്കുറിച്ച് പ്രഖ്യാപിച്ചത്. രത്‌നങ്ങളും സ്വര്‍ണ്ണവും അമൂല്യമായ കരകൗശല വസ്തുക്കളും ഉള്‍പ്പെടുന്നതാണ് നിധിയെന്ന് ഇദ്ദേഹം പ്രസ്താവിച്ചു.

പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് അത് കണ്ടെത്തുന്നവര്‍ക്ക് ഏതാണ്ട് 13 കോടി ഇന്ത്യന്‍ രൂപ വിലമതിക്കുന്ന നിധി സ്വന്തം പേരിലാക്കാം. നിധി എവിടെയാണെന്ന് വ്യക്തമാക്കുന്ന 9 സൂചനകള്‍ അദ്ദേഹം ഒരു പദ്യത്തിലൂടെ നല്‍കുകയും ചെയ്തു. 24 വരികളുള്ള പദ്യം കൃത്യമായി വായിച്ചുവേണം നിധിവേട്ടയ്ക്കിറങ്ങാന്‍.

കൂടാതെ ദ ത്രില്‍ ഓഫ് ദ ചേസ്, ടൂ ഫോര്‍ ടു വോക്ക് എന്നീ പുസ്തകങ്ങളും ഇദ്ദേഹത്തിന്റേതായുണ്ട്. ഇവയിലും ചില സൂചനകള്‍ അദ്ദേഹം നല്‍കുന്നുണ്ട്. ഇതോടെ ആയിരക്കണക്കിന് ആളുകളാണ് നിധിവേട്ടയ്ക്കിറങ്ങിയത്. 4800 കിലോമീറ്ററര്‍ വ്യാപിച്ചുകിടക്കുന്ന റോക്കി പര്‍വത നിരയിലേക്ക് നിധിവേട്ടയ്ക്കായി നിരവധിപേര്‍ അതിസാഹസിക യാത്രകള്‍ നടത്തിയിട്ടുണ്ട്.

മര്‍ഫിയുടെ മരണത്തോടെ 4 പേര്‍ നിധിവേട്ടയ്ക്കിടെ കൊല്ലപ്പെട്ടതായി അധികൃതര്‍ വിശദീകരിക്കുന്നു. ചൂടുനീരുറവയുള്ള മേഖലയില്‍ നിന്ന് വേണം യാത്ര തുടങ്ങാന്‍ എന്നാണ് ഫെന്‍ നല്‍കുന്ന ആദ്യ സൂചന. എന്നാല്‍ ആളുകള്‍ കൊല്ലപ്പെടുന്നത് ആവര്‍ത്തിക്കപ്പെട്ടതോടെ നിധിതേടല്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് അധികൃതര്‍ ഫെന്നിനോട് ആവശ്യപ്പെട്ടു.

എന്നാല്‍ അദ്ദേഹം തന്റെ പ്രഖ്യാപനത്തില്‍ നിന്ന് പിന്നോക്കം പോകാന്‍ തയ്യാറായില്ല. എന്നാല്‍ അദ്ദേഹം ചില വെളിപ്പെടുത്തലുകള്‍ കൂടി നടത്തി. 80 വയസ്സുള്ള ഒരാള്‍ക്ക് പോലും കയറിച്ചെന്ന് ഒറ്റയ്ക്ക് എടുത്തുയര്‍ത്തി കൊണ്ടുവരാന്‍ സാധിക്കും വിധം എളുപ്പമുള്ള സ്ഥലത്താണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്നാണ് ഇദ്ദേഹം വ്യക്തമാക്കിയത്.

നിധി തേടലിനിറങ്ങി കാണാതാകുന്നവരെ തിരയുന്നതിന് വേണ്ടിയുള്ള ചെലവ് ഇദ്ദേഹം വഹിക്കാറുണ്ട്. കൂടാതെ പര്‍വത നിരകളിലേക്ക് തിരിക്കുന്നവര്‍ സുരക്ഷ ഉറപ്പാക്കണമെന്നും ഇദ്ദേഹം നിരന്തരം അഭ്യര്‍ത്ഥിക്കുന്നു.

You might also like

Comments are closed.