Times Kerala

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗദീപമായി അഗ്നിരക്ഷാ സേന

 
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗദീപമായി അഗ്നിരക്ഷാ സേന

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാര്‍ഗദീപമായി അഗ്നിരക്ഷാ സേന. അണുനശീകരണ പ്രവര്‍ത്തനങ്ങള്‍, മാസ്‌ക്-സാനിറ്റൈസര്‍ നിര്‍മാണം, ബോധവ്തകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അഗ്നിരക്ഷാ സേന മുന്‍നിരയിലാണ്. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്റെ ഭാഗമായി സാനിറ്റൈസര്‍, രണ്ടായിരത്തിലധികം ഫേസ് മാസ്‌ക്കുകള്‍ എന്നിവ നിര്‍മിച്ച് പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു. വകുപ്പിന്റെ വാഹനങ്ങളിലൂടെയുള്ള അനൗണ്‍സ്‌മെന്റ്, ജില്ലയിലെ 11 നിലയങ്ങളിലായി പൊതുജനങ്ങള്‍ക്കും മറ്റുമായി രണ്ടായിരത്തിലധികം ബോധവത്കരണ ക്ലാസുകള്‍ എന്നിവ നടത്തി.
ജില്ലയിലെ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, താലൂക്ക് ജില്ലാ ആശുപത്രികള്‍, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ഐസോലേഷന്‍ വാര്‍ഡുകള്‍, ജില്ലാ ആയുര്‍വേദ ആശുപത്രി എന്നിവിടങ്ങളില്‍ അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കി.
ജില്ലയിലെ ആദ്യ കൊറോണ ബാധിതന്റെ വീട്, അദ്ദേഹം സന്ദര്‍ശിച്ച പ്രഥമികാരോഗ്യ കേന്ദ്രം, സ്വകാര്യ ആശുപത്രി, ലാബ് എന്നിവ അണുനശീകരണം നടത്തി. ജില്ലയിലെ റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റോഡിന്റെ വശങ്ങളിലുള്ള ബസ് കാത്തിരുപ്പ് കേന്ദ്രങ്ങള്‍, കലക്‌ട്രേറ്റ്, കെ എസ് ഇ ബി ഓഫീസുകള്‍, സബ് സ്റ്റേഷനുകള്‍, എക്‌സൈസ് ഓഫീസുകള്‍, ബാങ്കുകള്‍, എ ടി എമ്മുകള്‍, എഫ് സി ഐ ഗോഡൗണുകള്‍, പത്രമാധ്യമ ഓഫീസുകള്‍, ഹാര്‍ബറുകള്‍, ബോട്ടുകള്‍, മാര്‍ക്കറ്റുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, പൊതുവിതരണ കേന്ദ്രങ്ങള്‍, ഐസോലേഷന് വേണ്ടി സജ്ജീകരിച്ച കേന്ദ്രങ്ങള്‍ തുടങ്ങി ജില്ലയിലെ രണ്ടായിരത്തോളം പൊതുഇടങ്ങള്‍ സേന അണുവിമുക്തമാക്കി.

Related Topics

Share this story