Times Kerala

വിരലടയാളം കുറ്റാന്വേഷണ രംഗത്ത്.!!

 
വിരലടയാളം കുറ്റാന്വേഷണ രംഗത്ത്.!!

പുരാതന ചൈനക്കാരും ബാബിലോണിയക്കാരും മറ്റും വിരലടയാള മുദ്രകള്‍ ഉണ്ടാക്കി സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.എന്നാല്‍ ഈ മുദ്രകള്‍ എന്തിനാണ് ഉപയോഗിച്ചിരുന്നത് എന്നു മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല.17-ാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ മാര്‍സെലോ മാല്‍പിഗി എന്നയാളാണ് വിരലടയാളങളുടെ പ്രത്യേകത മനസ്സിലാക്കിയത്.അദ്ദേഹം മൈക്രോസ്ക്കോപ്പ് ഉപയോഗിച്ച് വിരലടയാളത്തെക്കുറിച്ച് പഠിച്ച് ആദ്യമായി അവയെ തരം തിരിച്ചു.

ഹെന്‍ഡ്രി ഫോള്‍ഡസ് എന്ന സ്കോട്ട്ലന്‍റുകാരന്‍ ഡോക്ടര്‍ താന്‍ ജോലി ചെയ്തിരുന്ന സുക്കിജി ആശുപത്രിയില്‍ ആരോ പതിവായി സ്പിരിറ്റ് മോഷണം നടത്തുന്നതായി കണ്ടെത്തി സ്പിരിറ്റ് കുപ്പിയിലുണ്ടായിരുന്ന വിരലടയാളം നോക്കി അദ്ദേഹം കള്ളനെ തിരിച്ചറിഞു.ലഹരിക്കു വേണ്ടിയായിരുന്നു ഈ മോഷണം നടത്തിയിരുന്നത്.വിരലടയാളം കൊണ്ടുള്ള ആദ്യത്തെ കുറ്റാന്വേഷണം ആയിരിക്കണം അത്.19-ാം നൂറ്റാണ്ടിന്റെ അവസാനം സര്‍ ഫ്രാന്‍സിസ് ഗാള്‍ട്ടണ്‍ എന്ന ബ്രിട്ടീഷുകാരനാണ് മനുഷ്യന്റെ വിരലടയാളങളെപ്പറ്റി വിശദമായ പഠനം നടത്തി പ്രത്യേകം ഗ്രൂപ്പുകളായി തരം തിരിച്ചത്.വിരലടയാളം താരതമ്യം ചെയ്യുന്ന വിദ്യയും അദ്ദേഹം സ്വായത്തമാക്കി.എന്നാല്‍ ആദ്യത്തെ വിരലടയാള കേന്ദ്രം തുറന്നത് 1892-ല്‍ ബ്യൂണസ് അയേഴ്സിലാണ്. 3-4 മാസങള്‍ക്കകം അവര്‍ വിരലടയാളം ഒത്തുനോക്കി കൊലപാതകം തെളിയിക്കുകയുണ്ടായി.വിരലടയാളം തെളിവായി സ്വീകരിച്ച ആദ്യത്തെ കേസും അതായിരുന്നു.

എഡ്വേര്‍ഡ് ഹെന്‍ഡ്രി എന്ന പോലീസ് ഉദ്യോഗസ്ഥനാണ് കുറ്റവാളികളുടെ വിരലടയാളങള്‍ ശേഖരിച്ച് സൂക്ഷിക്കുന്ന സബ്രദായമുണ്ടാക്കിയത്. സ്കോട്ട്ലന്റ് യാര്‍ഡില്‍ വിരലടയാള സൂക്ഷിപ്പു കേന്ദ്രം തുടങിയതും അദ്ദേഹമാണ്. വിരലടയാള കലയില്‍ പ്രാവീണ്യം നേടി അനേകം കുറ്റവാളികളെ പിടികൂടിയ ഹെന്‍ഡ്രിയെ മിസ്റ്റര്‍ ഫിംഗര്‍ ടിപ്സെന്നായിരുന്നു വിളിച്ചിരുന്നത്. കുറ്റവാളികളെ പിടികൂടാന്‍ മാത്രമല്ല പല കാര്യത്തിലും മനുഷ്യരെ തിരിച്ചറിയുവാന്‍ വിരലടയാളം സഹായിക്കുന്നുണ്ട്.

കുറ്റവാളികള്‍ കൈയ്യുറ ഉപയോഗിച്ച് നടത്തുന്ന കുറ്റ കൃത്യങളില്‍ വിരലടയാള വിദ്യ വിലപ്പോവില്ല. ഇംഗ്ലണ്ടിലെ അലെക് ജെഫ്രിസ് എന്ന ശാസ്ത്രജ്ഞന്‍ കുറ്റവാളികളെ പിടികൂടാന്‍ പുതിയൊരു വിദ്യ 1984-ല്‍ കണ്ടു പിടിച്ചിട്ടുണ്ട്.കുറ്റവാളി സംഭവസ്ഥലത്തു ഉപേക്ഷിച്ചു പോകുന്ന ഒരു ചെറിയ രോമമോ ഒരു തുള്ളി രക്തമോ എന്തെന്കിലും കിട്ടിയാല്‍ അതായത് കുറ്റവാളിയുടെ ഒരു കോശം ലഭിച്ചാല്‍ കോശത്തിലെ ജീനിന്റെ പ്രത്യേകത നോക്കി കുറ്റവാളിയെ കണ്ടെത്തുന്ന വിദ്യയാണിത്.വിരലടയാളം പോലെ തന്നെ മനുഷ്യന്റെ ജീനുകളും പരസ്പരം വ്യത്യാസപ്പെട്ടിരിക്കും.

വിരലടയാള വിദഗ്ദരാണ് വിരലടയാളങള്‍ സംഭവസ്ഥലത്തു നിന്നും എടുക്കുന്നതും സംശയമുള്ളവരുടേതായി ഒത്തു നോക്കി കുറ്റവാളിയെ കണ്ടെത്തുന്നതും. എന്നാല്‍ ഇന്ന് ഈ രംഗത്ത് യന്ത്രങള്‍ കടന്നു വന്നു കൊണ്ടിരിക്കയാണ്.ഒരു സെക്കന്‍ഡില്‍ 60,000 വിരലടയാളങള്‍ വരെ ഒത്തു നോക്കാന്‍ കഴിവുള്ള യന്ത്രങള്‍ നിലവില്‍ വന്നു കഴിഞു.

Related Topics

Share this story