Times Kerala

പിഞ്ചുമകളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ തെരുവില്‍ മുലപ്പാല്‍ വിറ്റ് ഒരമ്മ

 

ബെയ്ജിങ്: ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ഐസിയുവിലായ തന്റെ മകളുടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താന്‍ ഒരമ്മ സ്വന്തം മുലപ്പാല്‍ വില്‍പ്പന നടത്തുന്നു. ചൈനയിലെ ഗ്വാങ്ഷി സ്വദേശികളായ താങ് എന്ന 24കാരിയുടേയും ഭര്‍ത്താവ് സിച്ചുവാന്റേയും നിസ്സഹായതയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയ്‌ക്കൊപ്പം അന്താരാഷ്ട്ര മാധ്യമങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലെ ഷെന്‍ഴന്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്തു നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

തെരുവില്‍നിന്ന് എടുത്തിട്ടുള്ള ഈ ചിത്രത്തില്‍ മുട്ടില്‍നിന്നു കുഞ്ഞിനു മുലപ്പാല്‍ നല്‍കുന്ന അമ്മയെയും ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ചിത്രം പതിച്ച പോസ്റ്ററുമായി നില്‍ക്കുന്ന അച്ഛനെയും കാണാം. ‘സെല്‍ ബ്രസ്റ്റ് മില്‍ക്, സേവ് ഡോട്ടര്‍’ എന്നെഴുതിയിരിക്കുന്ന പോസ്റ്ററില്‍ ഒരു മിനിറ്റ് നേരം മുലപ്പാല്‍ നല്‍കുന്നതിന് 10 യുവാന്‍ ആണ് ചാര്‍ജ് എന്നും എഴുതിയിട്ടുണ്ട്. മാത്രമല്ല, എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട് എടുക്കേണ്ടി വന്നതെന്നും ദമ്പതികള്‍ പോസ്റ്ററിലൂടെ വ്യക്തമാക്കുന്നു. കുട്ടിയുടെ ചിത്രവും മെഡിക്കല്‍ രേഖകളുടെ പകര്‍പ്പും പോസ്റ്ററിലുണ്ട്.

കഴിഞ്ഞ 16 വര്‍ഷമായി ഷെന്‍ഴെനില്‍ കുടിയേറ്റ തൊഴിലാളിയായി ജോലി ചെയ്യുകയാണ് യുവതിയുടെ ഭര്‍ത്താവ്. മകള്‍ക്ക് വേണ്ടി മുലപ്പാല്‍ വില്‍പ്പന നടത്തുന്ന അമ്മയുടേയും അച്ഛന്റേയും ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചതോടെ ഷെന്‍ഴെന്നിലെ മാധ്യമങ്ങള്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ദമ്പതികളെ തിരിച്ചറിഞ്ഞതായും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന സംഭവം വാസ്തവമാണെന്നും ബിബിസി റിപ്പോര്‍ട്ടിലുണ്ട്.അന്താരാഷ്ട്ര മാധ്യമങ്ങളടക്കം വാര്‍ത്ത ഏറ്റെടുത്തതോടെ ദമ്പതികള്‍ക്ക് നിരവധി സാമ്പത്തിക സഹായ വാഗ്ദാനം ലഭിച്ചുവെന്നും വിവരമുണ്ട്.

Related Topics

Share this story