Times Kerala

മകന്റെ ചേതനയറ്റ ശരീരം അവസാനമായി ഒന്ന് കാണാൻ പോലും കഴിയില്ലെന്ന സത്യം ആ മാതൃ ഹൃദയത്തിന് താങ്ങാനായില്ല; കുവൈറ്റിലുള്ള മകന്‍റെ മരണവാര്‍ത്ത മാതാവ് നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

 
മകന്റെ ചേതനയറ്റ ശരീരം അവസാനമായി ഒന്ന് കാണാൻ പോലും കഴിയില്ലെന്ന സത്യം ആ മാതൃ ഹൃദയത്തിന് താങ്ങാനായില്ല; കുവൈറ്റിലുള്ള മകന്‍റെ മരണവാര്‍ത്ത മാതാവ് നാട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കുവൈറ്റ്: 38 കാരനായ മകന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച വിവരം അറിഞ്ഞ ഉടന്‍ മനോവിഷമം താങ്ങാനാകാതെ മാതാവും നാട്ടില്‍ ഹൃദയാഘാതത്താൽ മരണത്തിനു കീഴടങ്ങി. കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ മാവേലിക്കര കൊല്ലകടവ് കടയലക്കാട് രജ്ജു സിറിയക് ആണ് രാവിലെ താമസ സ്ഥലമായ അബു ഖലീഫയിലെ ഫ്ലാറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. മരണ വിവരം അറിഞ്ഞ രഞ്ജുവിന്‍റെ മാതാവ് കുഞ്ഞുമോള്‍ സിറിയക് നാട്ടിൽ വച്ചാണ് മരിച്ചത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മൃതദേഹം പോലും നാട്ടിൽ എത്തിക്കാൻ കഴിയില്ല.

2007 മുതല്‍ കുവൈറ്റിലെ അദാന്‍ ആശുപത്രിയില്‍ നഴ്സായിരുന്നു രഞ്ജു. രാവിലെ ഭാര്യ ജീന ജോലിക്കുപോയ ശേഷവും രഞ്ജു എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് 9 മണിയോടെ അയല്‍ക്കാര്‍ വിളിച്ചപ്പോഴാണ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്.ഉടന്‍ രഞ്ജു ജോലി ചെയ്യുന്ന അദാന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും
അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഈ വിവരം അറിഞ്ഞു മിനിറ്റുകള്‍ക്കുള്ളില്‍ ചെങ്ങന്നൂരിലെ വീട്ടില്‍ മാതാവ് കുഞ്ഞുമോള്‍ കുഴഞ്ഞു വീഴുകയായിരുന്നു. താമസിയാതെ പ്രിയപ്പെട്ട മകനൊപ്പം അമ്മയും യാത്രയായി.ജീനയാണ് ഭാര്യ. ഇവാന്‍ജലിന്‍, എല്‍സ എന്നിവരാണ് മക്കള്‍ . ചര്‍ച്ച്‌ ഓഫ് ഗോഡ് അഹമ്മദി ദൈവസഭയില്‍ അംഗമായിരുന്നു. ഇരുവരും അദാന്‍ ആശുപത്രിയിലായിരുന്നു നഴ്സുമാരായി ജോലി ചെയ്തിരുന്നത്. കുവൈറ്റില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്കാരം കുവൈറ്റില്‍ തന്നെ നടത്താനാണ് ആലോചന നടക്കുന്നത്. ഇക്കാര്യത്തില്‍ കുടുംബാംഗങ്ങളുടെ തീരുമാനം പിന്നീട് അറിയിക്കും.

Related Topics

Share this story