Times Kerala

ലോക്ക് ഡൗൺ ലംഘിച്ചു ആരാധനക്കായി ആൾക്കൂട്ടം ഒത്തുകൂടി; തടയാനെത്തിയ പൊലീസിന് നേരെ വാളോങ്ങി സ്വയം പ്രഖ്യാപിത ആൾ ദൈവം (വീഡിയോ)

 
ലോക്ക് ഡൗൺ ലംഘിച്ചു ആരാധനക്കായി ആൾക്കൂട്ടം ഒത്തുകൂടി; തടയാനെത്തിയ പൊലീസിന് നേരെ വാളോങ്ങി സ്വയം പ്രഖ്യാപിത ആൾ ദൈവം (വീഡിയോ)

ലക്‌നൗ: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യമെങ്ങും കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങൾ ആവശ്യമില്ലാതെ വീടുകളിൽ നിന്നും പുറത്തിറങ്ങുകയോ, ആരാധനക്കായോ മറ്റോ ഒത്തുകൂടുകയോ ചെയ്യരുതെന്ന് കർശന നിർദ്ദേശം സർക്കാർ നൽകിയിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ജനങ്ങൾ ഇതുമായി സഹകരിക്കാത്ത കാഴ്ചയാണ് കാണുന്നത്.

ഇപ്പോളിതാ, ആരാധനയ്ക്കായി ഒരു കൂട്ടം ആള്‍ക്കാര്‍ ഒത്തുകൂടിയപ്പോൾ തടയാനെത്തിയ പൊലീസുകാര്‍ക്ക് നേരെ വാളുവീശിയിരിക്കുകയാണ് സ്വയംപ്രഖ്യാപിത വനിതാ ആള്‍ദൈവം. ഉത്തര്‍പ്രദേശിലെ ദിയോറിയ എന്ന ജില്ലയിലാണ് ഞെട്ടിക്കുന്ന ഒരും സംഭവം ഉണ്ടായിരിക്കുന്നത്. കനത്ത ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും നിരവധി ആള്‍ക്കാരാണ് ഇവിടെ കൂട്ടംകൂടി പ്രാര്‍ത്ഥനയ്ക്കായി എത്തിയത്. ആള്‍ദൈവത്തിന്റെ വീട്ടിലായിരുന്നു കൂട്ടപ്രാര്‍ത്ഥന.

ഇവരെ ഒഴിപ്പിക്കാനെത്തിയ പൊലീസുകാർക്ക് നേരെയാണ് സ്വയം ‘മാ ആദിശക്തി’ എന്നു വിളിക്കുന്ന ആൾദൈവം വാളു വീശിയത്. രണ്ട് ട്രക്ക് നിറയെ പൊലീസുകാർ ഇവിടെയുണ്ടായിരുന്നു. ഇവരെ വാളുവീശി തടഞ്ഞ സ്ത്രീ, ആരാധന നടക്കുന്ന സ്ഥലത്തേക്ക് കടക്കാനും അനുവദിച്ചില്ല.. ‘എന്നെ ഇവിടെ നിന്ന് മാറ്റാന്‍ ഒന്നു ശ്രമിച്ചു നോക്കു’ എന്ന വെല്ലുവിളിയും ഒപ്പം മുഴക്കുന്നുണ്ടായിരുന്നു.

സംഭവത്തിന്റെ വീഡിയോ വൈകാതെ തന്നെ വൈറലായി.”നിങ്ങൾക്കും നിങ്ങളുടെ അനുയായികൾക്കും എതിരെ ഞങ്ങള്‍ കേസെടുക്കും.. ഇത് അവസാന അവസരമാണ്.. ഈ കൂട്ടായ്മ അവസാനിപ്പിച്ച് എല്ലാവരും വീടുകളിലേക്ക് മടങ്ങു അല്ലെങ്കിൽ ഞങ്ങൾ കടുത്ത നടപടിയെടുക്കുമെന്ന് പൊലീസ് ലൗഡ് സ്പീക്കറിലൂടെ മുന്നറിയിപ്പും നൽകിയിരുന്നു. ഇത് വകവയ്ക്കാതെയായിരുന്നു ‘ദേവി’യുടെ പ്രകടനം. അധികം വൈകാതെ തന്നെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ലാത്തി പ്രയോഗിച്ചതോടെ അനുയായികളും അപ്രത്യക്ഷരായി. ആൾദൈവത്തെ പൊലീസ് വലിച്ചിഴച്ച് ജീപ്പിലെത്തിക്കുന്ന ദൃശ്യങ്ങളും വൈറലായിട്ടുണ്ട്.

Related Topics

Share this story