Times Kerala

ചെട്ടികുളങ്ങര ഭഗവതി കൊടുങ്ങല്ലൂരമ്മയുടെ മകൾ…!!!;ഐതിഹ്യം

 
ചെട്ടികുളങ്ങര ഭഗവതി കൊടുങ്ങല്ലൂരമ്മയുടെ മകൾ…!!!;ഐതിഹ്യം

ചെട്ടികുളങ്ങര ഭഗവതി കൊടുങ്ങല്ലൂർ അമ്മയുടെ മകളാണെന്നാണു സങ്കല്പം. പണ്ട് തെക്ക് കരയിലെ ചെമ്പോലിൽ വീട്ടിലെ കുടുംബനാഥനും സുഹൃത്തുക്കളും കൊയ്പ്പള്ളി കാരാഴ്മ ക്ഷേത്രത്തിൽ ഉത്സവം കാണാൻ പോയി. അവിടുത്തെ കരപ്രമാണിമാർ അവരെ എന്തോ പറഞ്ഞ് അപമാനിച്ചു. ദുഃഖിതരായ അവര് ചെട്ടികുളങ്ങരയിൽ മടങ്ങിയെത്തി പുതിയ ക്ഷേത്രം നിര്മ്മിക്കുന്നതിനേക്കുറിച്ച് ആലോചിച്ചു. അവർ തീർഥാടനത്തിനായി പുറപ്പെടുകയും കൊടുങ്ങല്ലൂരിലെത്തി ഭജനം പാർക്കുകയും ചെയ്തു. പന്ത്രണ്ടാം ദിവസം കൊടുങ്ങല്ലൂരമ്മ അവർക്ക് സ്വപ്ന ദർശനം നൽകുകയും, ചെട്ടികുളങ്ങരയിൽ ഭഗവതീസാന്നിധ്യം ഉണ്ടാവുമെന്ന് അരുളിച്ചെയ്യുകയും ചെയ്തു. ക്ഷേത്രത്തിലെ വെളിച്ചപ്പാട് തന്റെ വാൾ അവര്ക്ക് കൊടുക്കുകയും ചെയ്തു. ഏതാനും നാളുകൾ കഴിഞ്ഞ് ഒരു തേജ്യോമയിയായ ഒരു വൃദ്ധ ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന കരിപ്പുഴത്തോടിന്റെ കരയിലെത്തുകയും, അവിടെ കടത്ത് ജോലി ചെയ്തുകൊണ്ടിരുന്ന കടത്തുകാരൻ തേജ്യോമയിയായ ആ വൃദ്ധയെ ഇക്കരെ കടത്തുകയും ചെയ്തു. തേജ്യോമയിയായ വൃദ്ധയായ ആ സ്ത്രീ ചെട്ടികുളങ്ങരയിലേക്കാണന്ന് ചോദിച്ചറിഞ്ഞ കടത്തുകാരൻ നേരമിരുട്ടിയത് കൊണ്ട് ഒറ്റ് യാത്ര വേണ്ട എന്നും, ഞാൻ കൂടെ വരാമെന്നു പറയുകയും. തോണി കടവത്ത് കെട്ടിയിട്ടതിനുശേഷം വള്ളക്കാരനും ആ വൃദ്ധയും കൂടി ചെട്ടികുളങ്ങരയ്ക്ക് യാത്ര ചെയ്യുകയും യാത്രാമദ്ധ്യേ ഇന്ന് പുതുശ്ശേരിയന്പലം സ്ഥിതിചെയ്യുന്ന സ്ഥലത്ത് എത്തിച്ചേരുകയും. ക്ഷീണം മൂലം യാത്ര ഇനി നാളെയാക്കാമെന്ന് പറഞ്ഞ് അവിടെയുള്ള ഒരാഞ്ഞിലിയുടെ ചുവട്ടിൽ വിശ്രമിക്കുകയും, തൊട്ടടുത്ത ഇല്ലത്ത് നിന്ന് ഭക്ഷണവും, മറ്റൊരു ഭവനത്തിൽ നിന്ന് വസ്ത്രവും  വാങ്ങി വള്ളക്കാരൻ വൃദ്ധയ്ക്ക് നൽകി. ഭക്ഷണം കഴിച്ചതിനുശേഷം രണ്ടു പേരും അവിടെ കിടന്ന് ഉറങ്ങി. രാവിലെ ഉറക്കമുണർന്ന വള്ളക്കാരൻ വൃദ്ധയെ കാണാതെ വിഷമിച്ചു. പലരോടും ഈ വിവരം വള്ളക്കാരൻ പറയുകയുണ്ടായി. അതിന് ശേഷം ചെട്ടികുളങ്ങരയിലെ ബ്രാഹ്മണ ഗൃഹത്തിന്റെ മേച്ചിൽ ജോലികൾ നടന്നു കൊണ്ടിരിക്കുമ്പോൾ തേജ്യോമയിയായ വൃദ്ധ അവിടെയെത്തുകയും അവിടെ നിന്നും മുതിരപ്പുഴുക്കും കഞ്ഞിയും വാങ്ങിക്കുടിക്കുകയും ചെയ്തു. അതിനു ശേഷം വൃദ്ധ പൊടുന്നനെ അപ്രത്യക്ഷയായി . ഈ സംഭവത്തെത്തുടർന്ന് ജ്യോത്സ്യന്മാരെ വരുത്തി പ്രശ്നം വയ്പ്പിക്കുകയും പരാശക്തി സാന്നിദ്ധ്യം പ്രകടമാണെന്നു തെളിയുകയും ചെയ്തു. തുടർന്ന് നാട്ടുകാർ അവിടെ ദേവീക്ഷേത്രം പണികഴിപ്പിച്ചു. ഈ ക്ഷേത്രമാണ് വിശ്വപ്രസിദ്ധമായ ചെട്ടികുളങ്ങര ദേവീക്ഷേത്രം. കൊടുങ്ങല്ലൂർ നിന്നും ചെട്ടികുളങ്ങരയ്ക്കുള്ള യാത്രാമദ്ധ്യേ ആഞ്ഞിലി ചുവട്ടിൽ ഭക്ഷണം കഴിച്ച് വിശ്രമിച്ച സ്ഥമാണ് ആഞ്ഞിലിപ്രായെന്നപേരിൽ അറിയപ്പെടുന്നത്. ജ്യോത്സ്യമാരുടെ നിർദ്ദേശമനുസരിച്ച് ദേവി ഭക്ഷണം കഴിച്ച് വിശ്രമിച്ച സ്ഥലത്ത് ഒരുക്ഷേത്രം പണികഴിപ്പിച്ചു. ഇതാണ് പുതുശ്ശേരിയന്പലം ക്ഷേത്രം എന്ന പേരിൽ അറിയപ്പെടുന്നത്. ചെട്ടികുളങ്ങര അമ്മതന്നെയായതിനാൽ പുതുശ്ശേരിയന്പലത്തിൽ പ്രതിഷ്ടയില്ല പകരം ഇവിടെ പീഠ പ്രതിഷ്ടയാണുള്ളത്. കൊടുങ്ങല്ലൂർ നിന്നുള്ള യാത്രാമദ്ധ്യേ ദേവി ഭക്ഷണം കഴിച്ച് വിശ്രമിച്ചതിൻെറ ഓർമ്മയ്ക്കായി എല്ലാവർഷവും മീനമാസത്തിലെ രേവതി നാളിൽ പറയെടുപ്പിനായി ആഞ്ഞിലിപ്രാ കരയിലെത്തുന്ന ദേവി ദീപാരാധനയും അത്താഴപ്പൂജയും  കഴിഞ്ഞ് പുതുശ്ശേരിയന്പലത്തിൽ വിശ്രമിക്കുന്നു. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ മേൽശാന്തിയാണ് ആ ദിവസം പുതുശ്ശേരിയന്പലത്തിലെ പൂജാദി കർമ്മങ്ങളും അത്താഴപ്പൂജയും നടത്തുന്നത്.

Related Topics

Share this story