Times Kerala

നാല്‍പ്പതു വര്‍ഷമായി സിനിമയില്‍ എത്രയോ റീടേക്കുകള്‍ എടുത്ത എനിക്ക് ഇതുവരെ എന്റെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെയും കളിചിരികളുടെയും രംഗങ്ങളുടെ റീട്ടേക്കുകള്‍ക്ക് സാധിച്ചിട്ടില്ല;മോഹന്‍ലാല്‍

 
നാല്‍പ്പതു വര്‍ഷമായി സിനിമയില്‍ എത്രയോ റീടേക്കുകള്‍ എടുത്ത എനിക്ക് ഇതുവരെ എന്റെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെയും കളിചിരികളുടെയും രംഗങ്ങളുടെ റീട്ടേക്കുകള്‍ക്ക് സാധിച്ചിട്ടില്ല;മോഹന്‍ലാല്‍

മോഹൻലാലിന്റെ ആദ്യത്തെ ചിത്രമെന്നും മഞ്ഞിൽ വിരിഞ്ഞ പൂക്കളേ വിശേഷിപ്പിക്കുന്നുണ്ട്.തുടർന്നു വന്ന ചിത്രങ്ങളിൽ വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മോഹൻ‌ലാൽ മലയാളത്തിലെ എക്കാലത്തേയും മികച്ച നായകനടന്മാരിൽ ഒരാളായിത്തീർന്നു.നൃത്തരംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലുമുള്ള ലാലിന്റെ അഭിനയവഴക്കം നിരവധി ആരാധകരെ നേടാൻ കാരണമായിട്ടുണ്ട്.

എന്നാല്‍ താരത്തിന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.താരത്തിന്റെ പാതയിലൂടെ മകന്‍ പ്രണവ് സിനിമയിലേക്ക് എത്തിയിരുന്നു മകള്‍ വിസ്മയ തിരഞ്ഞെടുത്തത് എഴുത്തിന്റെയും വരയുടെയും ലോകമാണ്. എന്നാല്‍ തന്റെ മക്കളുടെ വളര്‍ച്ചയും അവര്‍ സ്‌കൂളില്‍ പോകുന്നതുമൊന്നും കാണാനുള്ള യോഗം തനിക്കില്ലായിരുന്നുവെന്ന ദുഖം പങ്കുവയ്ക്കുകയാണ് സൂപ്പര്‍ താരം

മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ.

എന്റെ മക്കളായ പ്രണവും വിസ്മയയും തമ്മില്‍ മൂന്നരവയസ്സിന്റെ വ്യത്യാസമുണ്ട്. ഇരുവരും പഠിച്ചത് ഊട്ടിയിലെ ഹെബ്രോണ്‍ സ്‌കൂളിലാണ് പ്രണവ് അവിടത്തെ പഠനം കഴിഞ്ഞ് തത്ത്വചിന്ത പഠിക്കാനായി ഓസ്‌ട്രേലിയയിലേക്ക് പോയി. വിസ്മയ തിയേറ്റര്‍ പഠിക്കാനായി പ്രാഗ്, ലണ്ടന്‍, യുഎസ്. എന്നിവിടങ്ങളിലേക്കും. മക്കള്‍ എന്നതിലുപരി അവരിപ്പോള്‍ എന്റെ നല്ല സുഹൃത്തുക്കളാണ്.

പലപ്പോഴും അവരെന്നെ പലതും പഠിപ്പിക്കുന്നു. മക്കള്‍ വളരുന്നതും സ്‌കൂളില്‍ പോവുന്നതുമൊന്നും കാണാന്‍ എനിക്ക് യോഗമുണ്ടായിട്ടില്ല. ഒരു നടന്‍ എന്നനിലയില്‍ ഏറ്റവുമധികം തിരക്കുണ്ടായിരുന്ന കാലമായിരുന്നു അത്. എന്നെത്തന്നെ മറന്ന് അധ്വാനിച്ചിരുന്ന കാലം. സെറ്റുകളില്‍നിന്ന് സെറ്റുകളിലേക്ക് ഓടിയിരുന്ന വര്‍ഷങ്ങള്‍. കഥകളും കഥാപാത്രങ്ങളുംകൊണ്ട് മനസ്സ് നിറഞ്ഞുതുളുമ്പിയിരുന്ന സുന്ദരഭൂതകാലം. എന്റെയീ ഓട്ടംകണ്ട് ഭാര്യ സുചിത്ര എപ്പോഴും പറയുമായിരുന്നു.

”ചേട്ടാ, കുട്ടികളുടെ വളര്‍ച്ച, അവരുടെ കളിചിരികള്‍ എന്നിവയ്ക്ക് റീട്ടേക്കുകളില്ല. ഓരോ തവണയും സംഭവിക്കുന്നതോടെ അവ തീരുന്നു. ഇതു കണ്ടില്ലെങ്കില്‍ ഒരച്ഛനെന്നനിലയില്‍ പിന്നീട് ദുഃഖിക്കും…’ അന്ന് അത് എനിക്ക് അത്രയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഇപ്പോള്‍ മനസ്സിന്റെ വിദൂരമായ ഒരു കോണില്‍ ആ നഷ്ടബോധത്തിന്റെ നിഴല്‍ മറ്റാരും കാണാതെ വീണുകിടപ്പുണ്ട്. നാല്‍പ്പതു വര്‍ഷമായി സിനിമയില്‍ എത്രയോ റീടേക്കുകള്‍ എടുത്ത എനിക്ക് ഇതുവരെ എന്റെ കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെയും കളിചിരികളുടെയും രംഗങ്ങളുടെ റീട്ടേക്കുകള്‍ക്ക് സാധിച്ചിട്ടില്ല. പലരും എന്നെപ്പോലെ ഈ ദുഃഖം പങ്കുവെക്കുന്നുണ്ടാവാം’.താരത്തിന്റെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും

Related Topics

Share this story