Times Kerala

ലഹരി മാഫിയയുടെ ആക്രമണം: പാറശാല എസ്ഐയെ പള്ളിയിൽ പൂട്ടിയിട്ടു, പ്രദേശത്ത് സംഘര്‍ഷാവസ്ഥ

 

തിരുവനന്തപുരം: പാറശാല എസ്ഐയ്ക്കും പൊലീസ് സംഘത്തിനും നേരെ ലഹരി മാഫിയയുടെ ആക്രമണം. പ്രദേശത്തെ കഞ്ചാവ്, മയക്കുമരുന്ന് വിൽപ്പനയ്ക്കെതിരേ നടപടിയെടുത്തതിന്‍റെ പ്രതികാരമായാണ് പാറശാല എസ്ഐ വിനീഷിനേയും പൊലീസുകാരേയും തന്ത്രപൂർവം പള്ളിയിൽ പൂട്ടിയിട്ട് ഒരുസംഘം സാമൂഹ്യവിരുദ്ധർ ആക്രമിച്ചത്. തുടർന്നുണ്ടായ സംഘർഷത്തിൽ നാലു പൊലീസുകാര്‍ക്ക് പരുക്കേറ്റു. പൊലീസിന്‍റെ മൂന്ന് വാഹനങ്ങൾ ആക്രമികൾ തല്ലിത്തകർത്തു.

വെള്ളിയാഴ്ച രാത്രി 11 മണിയോടെ ചെറുവാരക്കോണം പള്ളിയിലായിരുന്നു സംഭവം. നൈറ്റ് പെട്രോളിങ്ങിനിടെ പൊലീസ് സംഘം സഞ്ചരിച്ചിരുന്ന ജീപ്പില്‍ അതിവേഗത്തിൽ വന്ന ബൈക്ക് തട്ടുകയും തുടർന്നു നിർത്താതെ ഓടിച്ചുപോകുകയും ചെയ്തു. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് സംഘം ബൈക്കിനെ പിന്‍തുടര്‍ന്നു. തുടർന്ന് ചെറുവാരക്കോണം പള്ളിയുടെ മുന്നില്‍ എത്തിയതോടെ ബൈക്ക് ഉപേക്ഷിച്ചു സംഘം കടന്നുകളഞ്ഞു.

അവിടെ ബൈക്ക് പരിശോധിക്കുന്നതിനിടെ ഒരുകൂട്ടം ആളുകൾ സംഘടിച്ചെത്തുകയും എസ്ഐയേയും പൊലീസുകാരേയും ആക്രമിക്കുകയും പള്ളിയുടെ കോമ്പൗണ്ടിനുള്ളില്‍ പൂട്ടിയിടുകയും ചെയ്തു. തുടര്‍ന്ന് പാറശാല, നെയ്യാറ്റിന്‍കര സിഐമാരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സേന സംഭവസ്ഥലത്ത് എത്തിയാണ് എസ്ഐയേയും പൊലീസുകാരെയും രക്ഷിച്ചത്.

സംഭവമറിഞ്ഞ് വാർത്ത റിപ്പോർട്ടു ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണമുണ്ടായി. നേരത്തെ, നാട്ടുകാരുടെ പരാതിയിൽ പ്രദേശത്തെ കഞ്ചാവ്, മയക്കുമരുന്ന്, ചാരായ വാറ്റുകാർക്കെതിരേയും പാറശാല പൊലീസ് നടപടിയെടുത്തിരുന്നു. ഇതിനുള്ള പ്രതികാരമായി സാമൂഹ്യവിരുദ്ധര്‍ പൊലീസിനെ ആക്രമിച്ചതെന്നാണ് നിഗമനം.

Related Topics

Share this story