Times Kerala

ദുബൈയില്‍ ഇന്ത്യക്കാരന്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു

 

ദുബൈ: അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ ഇന്ത്യക്കാരന്‍ സഹപ്രവര്‍ത്തകനെ കുത്തിക്കൊന്നു. ദുബൈയില്‍ അല്‍ ഖ്വാസ് ഇന്‍ഡ്രസ്ട്രിയല്‍ ഏരിയ 2ലെ ലേബര്‍ ക്യാമ്പിലാണ് സംഭവം. സംഭവം നടന്നയുടന്‍ പൊലീസ് ക്യാമ്പിലെത്തിയിരുന്നു. 29 വയസുള്ള ഏഷ്യന്‍ സ്വദേശിയെ ഗുരുതരമായി പരുക്കേറ്റ നിലയില്‍ കണ്ടെത്തി. ഇയാളെ റാഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു.

23 വയസുള്ള ഇന്ത്യക്കാരനെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്നു പിടിച്ചുവച്ചിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട വ്യക്തിയും കൃത്യം നടത്തിയ ആളും തമ്മില്‍ വരാന്തയില്‍ ശക്തമായ വാദപ്രതിവാദത്തില്‍ ഏര്‍പ്പെടുന്നത് കണ്ടുവെന്ന് പാകിസ്താന്‍ സ്വദേശിയായ സൂപ്പര്‍വൈസര്‍ പൊലീസിനോട് പറഞ്ഞു. രക്തം കലര്‍ന്ന വസ്ത്രങ്ങളുമായി ഇന്ത്യക്കാരന്‍ ഓടിപ്പോയി. രക്ഷപ്പെടുന്നതിന് വേണ്ടി ഇയാള്‍ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടിയെങ്കിലും ഇലക്ട്രിക് വയറില്‍ കുടുങ്ങി. മറ്റു സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുവയ്ക്കുകയായിരുന്നു. ഇയാള്‍ക്ക് നേരിയ പരുക്കുണ്ടെന്നും സൂപ്പര്‍ൈവസര്‍ പറഞ്ഞു.

ഒരാളുടെ നിലവിളി കേട്ടുവെന്നും ചെന്നു നോക്കിയപ്പോള്‍ മരിച്ച വ്യക്തി രക്തത്തില്‍ കുളിച്ചു കിടക്കുന്നതാണ് കണ്ടതെന്നും ലേബര്‍ ക്യാമ്പിന്റെ ചുമതലയുള്ള വ്യക്തി പറഞ്ഞു. മരിച്ചയാളുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി കുത്തേറ്റിരുന്നു. അടുക്കളയില്‍ ആദ്യം ആരു പാചകം ചെയ്യുമെന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മരിച്ച വ്യക്തിയും പ്രതിയും രണ്ടുമാസം മുന്‍പുവരെ സുഹൃത്തുക്കളായിരുന്നു. പിന്നീട്, മദ്യപിച്ച് ഇരുവരും തമ്മില്‍ തെറ്റുകയും പരസ്പരം മിണ്ടാതിരിക്കുകയും ആയിരുന്നുവെന്ന് ഒപ്പം താമസിക്കുന്നവര്‍ പറഞ്ഞു.

സംഭവ ദിവസം ഇരുവരും തമ്മില്‍ അടുക്കളയില്‍ വച്ച് വലിയ തര്‍ക്കമുണ്ടായി. തുടര്‍ന്ന് ഏഷ്യക്കാരന്‍ ശുചിമുറിയില്‍ പോയി തിരികെ വന്നു. അപ്പോള്‍ ഇന്ത്യക്കാരന്‍ ഇയാളെ ആക്രമിച്ചു. ഈ സമയം കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഏഷ്യക്കാരനും തിരികെ ആക്രമിച്ചു. ഈ കത്തി തട്ടിപ്പറിച്ചാണ് ഇന്ത്യക്കാരന്‍ കൊലപാതകം നടത്തിയത് എന്നാണ് റിപ്പോര്‍ട്ട്. സംഭവ ദിവസം തന്നെ പ്രതി യുഎഇ വിടാന്‍ ഒരുങ്ങിയിരുന്നു.

Related Topics

Share this story