Times Kerala

എൽഐസി ഏജന്റ് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു

 

പാട്ന: ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. എൽഐസി ബഗൽപൂർ ഡിവിഷൻ ഓഫീസിലെ ഏജന്റ് ദിനേശ് രജക്കിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഭാര്യയായ നേഹ(24)യെ കഴിഞ്ഞദിവസമാണ് ബഗൽപൂരിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റാണ് നേഹ മരിച്ചതെന്നായിരുന്നു ദിനേശ് ബന്ധുക്കളോടും അയൽവാസികളോടും പറഞ്ഞിരുന്നത്. എന്നാൽ മൃതദേഹത്തിലെ മുറിവുകളും ദിവസങ്ങൾക്ക് മുൻപ് നേഹ സഹോദരന് അയച്ച മെസേജുകളും സംശയത്തിനിടയാക്കി. തുടർന്ന് ദിനേശ് രാജക്കിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് മരണത്തിലെ ദുരൂഹത നീങ്ങിയത്.

എൽഐസി ഏജന്റായ ദിനേശ് രാജക്കും ഭാര്യ നേഹയും ബഗൽപൂരിലെ സംപ്രീത് അപ്പാർട്ട്മെന്റ്സിലാണ് താമസിച്ചിരുന്നത്. രണ്ടര വർഷം മുൻപാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. എന്നാൽ അടുത്തിടെയായി ഇരുവരുടെയും ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. സ്ത്രീധനവും ദിനേശിന് മറ്റൊരു സ്ത്രീയുമായുള്ള അടുപ്പവും തർക്കങ്ങൾക്ക് കാരണമായിരുന്നെന്നാണ് ബന്ധുക്കൾ പറഞ്ഞത്.

ഡിസംബർ 10 ഞായറാഴ്ച വൈകീട്ടാണ് നേഹയെ അപ്പാർട്ട്മെന്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വൈകീട്ടോടെ അപ്പാർട്ട്മെന്റിലെത്തിയ ദിനേശ് തന്നെയാണ് ഭാര്യ വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ് അയൽവാസികളെയും ബന്ധുക്കളെയും വിളിച്ചുകൂട്ടിയത്. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. നേഹ ഷോക്കേറ്റ് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.

എന്നാൽ നേഹയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മാതാപിതാക്കളും സഹോദരനും പരാതി നൽകി. തുടർന്ന് ദിനേശ് രാജക്കിനെ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെയാണ് യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്ന് വ്യക്തമായത്. നേഹയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് പറയുന്നത് ഇങ്ങനെ:- ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ദിനേശ് ഭാര്യയെ ഷോക്കടിപ്പിച്ച് കൊല്ലുന്നത്. ഇതിനിടെ ഇയാൾ ഭാര്യയെ മർദ്ദിക്കുകയും ചെയ്തിരുന്നു. പിന്നീട് മരണം ഉറപ്പാക്കിയ ശേഷം 9.30ഓടെ മീൻ വാങ്ങാനായി ദിനേശ് പുറത്തുപോയി. തുടർന്ന് രണ്ട് മണിക്കൂറിന് ശേഷമാണ് അപ്പാർട്ട്മെന്റിൽ തിരിച്ചെത്തിയത്.

തുടർച്ചയായി വിളിച്ചെങ്കിലും ഭാര്യ വാതിൽ തുറക്കുന്നില്ലെന്നാണ് ദിനേശ് അയൽവാസികളോട് പറഞ്ഞത്. പേടിക്കാനില്ലെന്നും, ഒരുപക്ഷേ, മരുന്ന് കഴിച്ച ക്ഷീണത്തിൽ ഭാര്യ ഉറങ്ങുകയായിരിക്കുമെന്നും ഇയാൾ അയൽവാസികളോട് പറഞ്ഞു. തുടർന്ന് അഞ്ചു മണിക്കൂറോളം ദിനേശ് അപ്പാർട്ട്മെന്റിന് മുന്നിൽ കാത്തിരുന്നു. ഇതിനിടെ നേഹ വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ് ദിനേശ് ഭാര്യാസഹോദരനെ വിളിച്ചുവരുത്തി. തുടർന്ന് വൈകീട്ടോടെ അപ്പാർട്ട്മെന്റിന്റെ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് നേഹയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് നേഹയുടെ സഹോദരൻ പരാതി നൽകിയതോടെയാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

സ്ത്രീധനത്തെ ചൊല്ലി ഭർത്താവും ഭർതൃവീട്ടുകാരും മകളെ ഉപദ്രവിക്കാറുണ്ടെന്നാണ് നേഹയുടെ മാതാപിതാക്കൾ പറഞ്ഞത്. ഇതിനിടെ നേഹയുടെ ഗർഭം അലസിപ്പിക്കാനും ശ്രമം നടത്തിയിരുന്നു. ഭക്ഷണത്തിൽ അബോർഷൻ ഗുളിക പൊടിച്ചുനൽകിയാണ് ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചത്. പക്ഷേ, ഭക്ഷണം കഴിക്കുന്നതിന് മുൻപ് നേഹ ഗുളികയുടെ അംശം കണ്ടെത്തി. തുടർന്ന് ഇക്കാര്യം ചിത്രങ്ങൾ സഹിതം സഹോദരന് വാട്സാപ്പ് സന്ദേശമായി അയക്കുകയും ചെയ്തു. ഈ സംഭവങ്ങളെല്ലാമാണ് മരണം കൊലപാതകമാണെന്ന സംശയത്തിന് കാരണമായത്.

Related Topics

Share this story