Times Kerala

ഇന്ന് ലോക എയ്ഡ്സ് ദിനം

 

ഇന്ന് ലോക എയ്ഡ്സ് ദിനം. എച്ച്ഐവി ബാധിച്ചവര്‍ക്ക് പിന്തുണ നല്‍കാനും എയ്ഡ്സിനുമെതിരെയുള്ള പോരാട്ടം ശക്തമാക്കാനും രോഗം ബാധിച്ച് മരിച്ചവരെ ഓര്‍മ്മിക്കാനുമുള്ള ദിവസമാണ് ഡിസംബര്‍ ഒന്ന്. സംസ്ഥാനത്ത് എയ്ഡ്സിനിടയാക്കുന്ന എച്ച്.ഐ.വി ബാധിച്ചവരുടെ എണ്ണം പടിപടിയായി കുറയുന്നതായി കണക്കുകള്‍ സൂചിപ്പികകുന്നു. 2006 ലും 2007 ലും നാലായിരത്തോളം പേരെ എച്ച്.ഐ.വി ബാധിച്ചിരുന്നു. 2012ല്‍ രണ്ടായിരത്തിനും താഴെയായി. ഇക്കൊല്ലം ഒക്ടോബര്‍ 31 വരെ 1071 പേര്‍ക്കു മാത്രമാണ് രോഗബാധയുണ്ടായത്. കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും എട്ടോളം സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്നുള്ള സംഘടിത ബോധവത്കരണമാണ് എച്ച്.ഐ.വി ബാധിതരുടെ എണ്ണം ഗണ്യമായി കുറയാന്‍ കാരണം.

1984ല്‍ ആണ് കൊലയാളി വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ക്ഷയരോഗം കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ മരിക്കുന്നത് എയ്ഡ്സ് ബാധിച്ചാണ്. ഇതുവരെയും കൃത്യമായ മരുന്ന് കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് കഴിഞ്ഞിട്ടില്ലെങ്കിലും കൃത്യമായ മരുന്നുകളുടെ ഉപയോഗത്തിലൂടെ രോഗം പകരുന്നത് ഒരു പരിധി വരെ തടയാനാകും.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, സുരക്ഷിതമല്ലാതെയുള്ള രക്തം സ്വീകരിക്കല്‍, അമ്മയില്‍നിന്ന് കുഞ്ഞിലേക്ക്, അണുവിമുക്തമല്ലാത്ത സിറിഞ്ചിന്റെ ഉപയോഗം എന്നിവയിലൂടെയാണ് എച്ച്.ഐ.വി പകരുന്നത്. 87 ശതമാനം പേരിലും രോഗപ്പകര്‍ച്ച സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെത്തന്നെ. അമ്മയില്‍ നിന്ന് കുഞ്ഞിലേക്കു പകരുന്നത് 20 മുതല്‍ 40 ശതമാനം വരെയും സിറിഞ്ചിലൂടെ 0.3 ശതമാനവും. ബാക്കി സുരക്ഷിതമല്ലാത്ത രക്ത, രക്തഘടകങ്ങള്‍ സ്വീകരിക്കുന്നതിലൂടെയാണ്. എച്ച്.ഐ.വി പകര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് ലൈംഗിക തൊഴിലാളികള്‍, സ്വവര്‍ഗ രതിക്കാര്‍, മയക്ക്- ലഹരി മരുന്നടിക്കാര്‍, ട്രക്ക് ഡ്രൈവര്‍മാര്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവരാണ്.

Related Topics

Share this story