Times Kerala

ഒരു രൂപാ നോട്ട് പിറന്നിട്ട് 100 വര്‍ഷം

 

ന്യൂഡല്‍ഹി: നോട്ടുകളില്‍ ഒന്നാമനായ ഒരു രൂപയുടെ ഇന്ത്യന്‍ നോട്ട് പിറന്നിട്ട് നൂറു വര്‍ഷം. ഒന്നാം ലോകമഹായുദ്ധകാലത്ത് 1917 നവംബര്‍ 30നാണ് ആദ്യത്തെ ഒരു രൂപാ നോട്ട് രാജ്യത്ത് ഇറങ്ങിയത്. ഇടപാടുകള്‍ക്ക് ചെറിയ മൂല്യത്തിലുള്ള നോട്ടുകളുടെ ആവശ്യകത മനസിലാക്കി ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ പേരില്‍ തയാറാക്കിയ ആദ്യ നോട്ടില്‍ ജോര്‍ജ് അഞ്ചാമന്‍ രാജാവിന്റെ അര്‍ദ്ധകായ ചിത്രവുമായാണ് പുറത്തിറങ്ങിയത്.

1935 ഏപ്രില്‍ ഒന്നിനാണ് നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള അധികാരം ഇന്ത്യന്‍ റിസര്‍വ് ബാങ്കിന് ലഭിച്ചത്. ഇതിനുശേഷം പുറത്തിറങ്ങിയ ഒരു രൂപ നോട്ടില്‍ ഇംഗ്ലിഷ് കൂടാതെ എട്ടു ഭാഷകളില്‍ മൂല്യം രേഖപ്പെടുത്തിയിരുന്നു.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം ധനകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു പിന്നീട് ഒരു രൂപയുടെ അച്ചടിയും വിതരണവും. 1949ല്‍ ധനകാര്യ സെക്രട്ടറി കെ.ആര്‍.കെ. മേനോന്‍ ഒപ്പിട്ടിട്ടാണ് ഒരു രൂപ അച്ചടിച്ചത്. ഈ നോട്ടില്‍ ജോര്‍ജ് ആറാമന്റെ തലയ്ക്കു പകരം അശോകസ്തംഭം സ്ഥാനംപിടിച്ചു. 1957 ല്‍ ചുവപ്പ് നിറമുള്ള ഒരു രൂപ നോട്ടിറങ്ങി. കേന്ദ്രസര്‍ക്കാര്‍ നേരിട്ടിറക്കുന്ന ഒരു രൂപാ നോട്ടില്‍ ഇതുവരെ 21 ധനകാര്യ സെക്രട്ടറിമാര്‍ ഒപ്പുവച്ചിട്ടുണ്ട്.

ശേഷമിറങ്ങിയ ഒരുരൂപ നോട്ടില്‍ ഒരുരൂപാ നാണയത്തിന്റെ ഇരുഭാഗവും മുദ്രണം ചെയ്തിരുന്നു. 1969 ല്‍ ഗാന്ധിജയന്തി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു രൂപ നോട്ടില്‍ ഗാന്ധിജിയുടെ ചിത്രം ഉള്‍പ്പെടുത്തി. 1994 ല്‍ ഒരു രൂപയുടെ അച്ചടി നിലച്ചപ്പോള്‍ മൊണ്ടേക് സിങ് അലുവാലിയ ഒപ്പിട്ട നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. രണ്ടു ദശകത്തിനു ശേഷമാണ് 2015 ലാണ് വീണ്ടും ഒരു രൂപ അച്ചടിച്ചത്.

Related Topics

Share this story