Times Kerala

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ക്ക് പ്രത്യേക കോടതി രൂപീകരിക്കാന്‍ സുപ്രീം കോടതി

 

ന്യൂഡല്‍ഹി: രാജ്യത്തെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടുന്ന ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പ്രത്യേക അതിവേഗ കോടതികള്‍ ഉടന്‍ സ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിന് സുപ്രീം കോടതിയുടെ ഉത്തരവ്. രാഷ്​ട്ര താത്​പര്യം മുൻനിർത്തി വിചാരണ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കോടതി പറഞ്ഞു.

കോടതി രൂപീകരിക്കുന്നതിനായി പദ്ധതി തയാറാക്കി ഡിസംബർ 13ന്​ മുമ്പ്​​ സുപ്രിംകോടതി മുമ്പാകെ സമർപ്പിക്കണമെന്നും, ഇതിനായി എത്ര തുക വേണമെന്നുള്ള കാര്യവും ഉടന്‍ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.

രാഷ്ട്രീയ രംഗത്തെ കുറ്റാരോപണങ്ങളില്‍നിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനപ്രതിനിധികള്‍ക്കെതിരായ കെട്ടിക്കിടക്കുന്ന കേസുകളില്‍ വേഗത്തില്‍ തീരുമാനമുണ്ടാക്കണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റവാളികളായ രാഷ്ട്രീയക്കാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ച വേളയിലാണ് കോടതിയുടെ ഈ പരാമര്‍ശം.

1581 സമാജികരുടെ പേരിൽ 2014 മുതല്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ നിലവിലെ സ്​ഥതിയെ കുറിച്ച്​ റിപ്പോർട്ട്​ നൽകാനും കോടതി ആവശ്യപ്പെട്ടു. 2014- 2017 കാലയളവിലെ പുതിയ കേസുകളെ കുറിച്ചും കോടതി അന്വേഷിച്ചു.

രാഷ്​ട്രീയം ക്രിമിനൽ മുക്​തമാക്കുന്നതിനെ പിന്തുണക്കുന്നുവെന്നറിയിച്ച കേന്ദ്രസര്‍ക്കാര്‍ രാഷ്​ട്രീയക്കാർക്ക്​ ആജീവനാന്ത വിലക്ക്​ കൽപ്പിക്കുന്നതിനെ എതിർത്തു. കുറ്റവാളികള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നിലവില്‍ ആറ് വര്‍ഷത്തെ വിലക്കാണ് ഉള്ളത്. ഇത് ആജീവനാന്ത വിലക്കാക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അതേസമയം കുറ്റവാളികളായ രാഷ്ട്രീയ നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെയും നിയമ കമ്മീഷന്റെയും ശുപാര്‍ശകള്‍ സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളാകുന്നവര്‍ക്ക് വേണ്ട കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത, പരമാവധി പ്രായം തുടങ്ങിയ കാര്യങ്ങളിലുള്ള അഭിപ്രായം അറിയിക്കണമെന്ന് സര്‍ക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മീഷനോടും നേരത്തെ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

Related Topics

Share this story