തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി
തലശേരി: തലശേരിയില്‍ മൂന്നേകാല്‍ കോടിയുടെ കുഴല്‍പ്പണം പിടികൂടി. രണ്ട് കൊടുവള്ളി സ്വദേശികള്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് കൊടുവള്ളി സ്വദേശികളായ കരുവംപൊയിൽ പൊൻപാറയ്ക്കൽ ഇഖ്ബാൽ (30), പെരുന്തോട്ടത്തിൽ മുഹമ്മദ് (21) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചോദ്യം ചെയ്തു വരികയാണ്.
കർണാടകയിൽ നിന്നും കേരളത്തിലേക്കു കടത്തുകയായിരുന്ന കുഴൽപ്പണമാണ് പിടികൂടിയത്. തലശേരി ഡിവൈഎസ്പി പ്രിൻസ് എബ്രഹാം, സിഐ കെ.വി. പ്രേമചന്ദ്രൻ, പ്രിൻസിപ്പൽ എസ്ഐ എം. അനിൽ, പ്രത്യേക സ്ക്വാഡ് അംഗങ്ങളായ അജയൻ, ബിജുലാൽ, വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ആസൂത്രിത നീക്കത്തിലാണ് കുഴൽപ്പണ സംഘം പിടിയിലായത്.
ഇന്നു രാവിലെ 9.30 ഓടെ തലശേരി റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഘത്തെ പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് ട്രെയിനിൽ കേരളത്തിലേക്ക് പണം കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്.