Times Kerala

ഫെയ്സ്ബുക്കിലെ പുതിയ നിരീക്ഷണങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുന്നു

 

ന്യൂയോര്‍ക്ക്: ഫെയ്സ്ബുക്കിലെ പുതിയ നിരീക്ഷണങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകുന്നു. സാധാരണയായി ഫെയ്സ്ബുക്കില്‍ സംഭവിക്കുന്നത് എന്തും കാണിച്ചു തരുന്ന ന്യൂസ്ഫീഡില്‍ നിന്ന് ന്യൂസ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഒരുങ്ങുകയാണ് ഫെയ്സ്ബുക്ക്. ശ്രീലങ്ക, ബൊളീവിയ, സ്ലോവാക്യ, സെര്‍ബിയ, ഗ്വാട്ടിമാല, കംബോഡിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഫെയ്സ്ബുക്ക് പുതിയ പരീക്ഷണം നടത്തി കഴിഞ്ഞു. ആഗോളതലത്തില്‍ ഒട്ടുമിക്ക മാധ്യമ വെബ്സൈറ്റുകളിലേയ്ക്കും വായനക്കാരെ ഉണ്ടാക്കുന്നത് ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ വഴിയാണ്.

ഉപഭോക്താക്കളുടെ ഫെയ്സ്ബുക്ക് ന്യൂസ് ഫീഡില്‍ തെളിയാറുള്ള മാധ്യമ വാര്‍ത്തകളുടെ പോസ്റ്റുകളാണ് ഫെയ്സ്ബുക്ക് നീക്കം ചെയ്തത്. പകരം അവയെ കണ്ടുപിടിക്കാന്‍ അത്ര എളുപ്പമല്ലാത്ത മറ്റൊരു വിന്‍ഡോയിലേക്ക് മാറ്റുകയും ചെയ്തു. ഇതുവഴി മാധ്യമങ്ങള്‍ക്ക് വായനക്കാരുടെ എണ്ണത്തില്‍ 60 ശതമാനം മുതല്‍ 80 ശതമാനം ഇടിവാണ് ഉണ്ടായത്. ഈ പരീക്ഷണം വ്യാപിപ്പിക്കാന്‍ താല്‍പര്യമില്ലെന്നും എന്നാല്‍ അതിനര്‍ഥം ഫെയ്സ്ബുക്ക് സമാനമായ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരികയില്ല എന്നല്ലെന്നുമുള്ള ഫെയ്സ്ബുക്കിന്റെ ന്യൂസ് ഫീഡ് വൈസ് പ്രസിഡന്റ് ആദം മുസേരിയുടെ വാക്കുകളെ ഉദ്ധരിച്ച് ടെക് ക്രഞ്ച് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു.

‘എക്സ്പ്ലോര്‍ ന്യൂസ് ഫീഡ്’ എന്നൊരു സംവിധാനം ഫെയ്സ്ബുക്ക് അടുത്തിടെ ആരംഭിച്ചിരുന്നു. ലൈക്കുകളുടെയും മറ്റ് ഇടപെടലുകളുടെയും അടിസ്ഥാനത്തില്‍ പട്ടികപ്പെടുത്തിയ വിവിധ ഫെയ്സ്ബുക്ക് പേജുകളില്‍ നിന്നുള്ള വീഡിയോകളും വെബ്സൈറ്റ് ലിങ്കുകളും ചിത്രങ്ങളും എല്ലാമാണ് എക്സ്പ്ലോര്‍ ന്യൂസ് ഫീഡില്‍ ഉണ്ടാവുക. നിങ്ങള്‍ ഫോളോ ചെയ്യാത്ത അനേകായിരം വരുന്ന ഫെയ്സ്ബുക്ക് പേജുകളില്‍ നിന്നും ഫെയ്സ്ബുക്ക് തന്നെ നമുക്ക് വേണ്ടി തിരഞ്ഞെടുത്ത് തരുന്നവയാണ് ആ പട്ടികയിലുള്ളത്.
എക്സ്പ്ലോര്‍ ന്യൂസ് ഫീഡിന്റെ മറ്റൊരു പതിപ്പാണ് കഴിഞ്ഞ ഓരാഴ്ചയായി ആറ് രാജ്യങ്ങളിലായി പരീക്ഷിച്ചത്. അതായത്, ഫെയ്സ്ബുക്കില്‍ പണം നല്‍കി പരസ്യം ചെയ്യാത്ത പോസ്റ്റുകളെല്ലാം ഉപഭോക്താക്കളുടെ ന്യൂസ്ഫീഡില്‍ നിന്നും എടുത്തുമാറ്റി. പകരം അവയെ ഫെയ്സ്ബുക്ക് വിന്‍ഡോയില്‍ നേരിട്ട് കാണാന്‍ കഴിയാത്ത എക്സ്പ്ളോര്‍ ന്യൂസ് ഫീഡിലേക്ക് മാറ്റി. ഇതുവഴി മേല്‍പറഞ്ഞ രാജ്യങ്ങളിലെ മുന്‍നിര ഫെയ്സ്ബുക്ക് പേജുകളിലെ സന്ദര്‍ശകരുടെ എണ്ണത്തില്‍ നാലിരട്ടി ഇടിവാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

 

Related Topics

Share this story