Times Kerala

ആളുകള്‍ എന്റെ പതിനാറടിയന്തിരം നടത്തി ,അങ്ങനെ സ്വന്തം മരണം കണ്ടു കണ്ണു തള്ളിപ്പോയ ഒരാളാണ് ഞാന്‍ ; അല്‍ സലിം കുമാര്‍!

 
ആളുകള്‍ എന്റെ പതിനാറടിയന്തിരം നടത്തി ,അങ്ങനെ സ്വന്തം മരണം കണ്ടു കണ്ണു തള്ളിപ്പോയ ഒരാളാണ് ഞാന്‍ ; അല്‍ സലിം കുമാര്‍!

സമൂഹ മാധ്യമങ്ങളിൽ തുടർച്ചയായി വരുന്ന വ്യാജ മരണ വാർത്തകളെക്കുറിച്ച് പ്രതികരിച്ച് നടൻ സലിം കുമാർ. ചങ്ങനാശേരി എസ് ബി കോളജിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സലിം കുമാറിന്റെ പ്രതികരണം.

‘തനിക്കൊരു അസുഖം പിടിച്ചപ്പോൾ വാട്‌സ്ആപ്പിലൂടെയും ഫേസ്ബുക്കിലൂടെയും ആളുകൾ തന്റെ പതിനാറടിയന്തിരം നടത്തി. സ്വന്തം മരണം കണ്ട് കണ്ണു തള്ളിപ്പോയ ആളാണ് താൻ.., അൽ സലിം കുമാർ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എന്തിന് വേണ്ടിയാണ് കൊന്നതെന്നറിയില്ലെന്ന് സലിം കുമാർ പറഞ്ഞു. ഒരു സുഖമാണത്.
അന്യന്റെ ദുഃഖത്തിൽ സുഖം അനുഭവിക്കുന്നവർ. ഒരു തലമുറ അങ്ങനെയായി വരികയാണ്. താൻ മരിച്ചു എന്ന് പറയുന്ന് ഐസിയുവിൽ കിടക്കുന്ന സമയത്താണ്. ഒരു ചുമ വന്നാലും തന്നെ ഐസിയുവിൽ കിടത്തും. നല്ല ട്രീറ്റ്‌മെന്റ് കിട്ടും, മറ്റൊന്നും കൊണ്ടല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

തൊട്ടടുത്തു കിടക്കുന്ന തനിക്ക് പരിചയമില്ലാത്ത ഒരുപാട് ആളുകൾ പടക്കം പൊട്ടുന്ന പോലെ മരിച്ചു പോകുന്നു. താൻ അവിടെ എണീറ്റു കിടക്കുകയാണ്. കയ്യെത്തും ദൂരത്ത് മരണം നിൽക്കുകയാണ്. ഒരിക്കൽ താനും ഇങ്ങനെ പോകേണ്ട ആളാണ് എന്ന് അറിയാമെന്നും സലിം കുമാർ പറയുന്നു.

നമുക്കൊപ്പം ആരുമില്ല. ഒറ്റയ്ക്കാണ്. നമുക്ക് പരിചിതമല്ലാത്ത വെളുത്ത വസ്ത്രം ധരിച്ച മാലാഖമാരും ഡോക്ടർമാരും മാത്രം. വേറെ ആരുമില്ല. നമ്മളോടു ഷെയർ ഇട്ട് അടിച്ചവരില്ല. ഒരു പടിക്കപ്പുറത്ത് ഭാര്യയോ അച്ഛനോ അമ്മയോ ഒക്കെ ഇരിപ്പുണ്ടാകും. പക്ഷെ, അവർക്ക് നമ്മുടെ അടുത്തേക്ക് വരാൻ പറ്റില്ല. അന്നു താൻ അവസാനിപ്പിച്ചതാണ് മനസിൽ എന്തെങ്കിലുമൊക്കെ ദുഷ്ടതകളുണ്ടെങ്കിൽ അതെല്ലാം. നല്ലവനാകാനുള്ള തുടക്കം അവിടെ നിന്നാണ്. മോശം പ്രവർത്തി ചെയ്താലും നല്ല പ്രവർത്തി ചെയ്താലും ഇതൊക്കെയാണ് നമ്മുടെ അവസാനം എന്ന് തനിക്ക് മനസിലായെന്നും അദ്ദേഹം പറഞ്ഞു.

സലിം കുമാറിന്റെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. സിനിമയിൽ ചിരിപ്പിക്കുകയും ജീവിതത്തിൽ ചിന്തിപ്പിക്കുകയും ചെയ്യുന്ന നടനാണ് സലിം കുമാറെന്നാണ് ആരാധകരുടെ കമന്റ്. അദ്ദേഹത്തിന്റെ വാക്കുകൾ ഹൃദയത്തിൽ നിന്നുള്ളതാണെന്നും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നതാണെന്നും നിരവധി പേർ പ്രതികരിച്ചു.

Related Topics

Share this story