Times Kerala

കേന്ദ്ര വെബ്‌സൈറ്റുകളില്‍ വസ്തുതാവിരുദ്ധ വിവരങ്ങള്‍; മന്ത്രി മാത്യു ടി. തോമസ് കേന്ദ്ര ജലവിഭവമന്ത്രിക്ക് കത്തയച്ചു

 

കേന്ദ്രജലകമ്മീഷന്റെ വെബ്‌സൈറ്റുകളില്‍ നെയ്യാര്‍ ജലസേചനപദ്ധതി അന്തര്‍സംസ്ഥാന പദ്ധതിയായി രേഖപ്പെടുത്തിയിരിക്കുന്ന പിശക് അടിയന്തിരമായി തിരുത്തണമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ജലവിഭവവകുപ്പുമന്ത്രി മാത്യു ടി. തോമസ് കേന്ദ്ര ജലവിഭവവകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിക്ക് കത്തയച്ചു.

ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തമിഴ്‌നാടില്‍ നിന്നുള്ള അഭിപ്രായം കേട്ടശേഷമേ പുന:പരിശോധിക്കുകയുള്ളൂ എന്ന കേന്ദ്രനിലപാട് ശരിയല്ല എന്ന് ചൂണ്ടിക്കാട്ടിയും, പിശക് തിരുത്തുന്നതിനു കാരണങ്ങള്‍ നിരത്തിയുമാണ് കത്തയച്ചത്. ജലവിഭവത്തിന്റെ പങ്കുവയ്പുമായി ബന്ധപ്പെട്ട ഏതു വിഷയത്തിലും സമവായം വേണ്ടതാണെന്നും, എല്ലാ പദ്ധതികളും അന്തര്‍സംസ്ഥാനവിഷയമായി പരിഗണിക്കണമെന്ന പൊതുതത്വം നെയ്യാര്‍ പദ്ധതിക്കു ബാധകമല്ലെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നെയ്യാര്‍ ജലസേചനപദ്ധതിയുടെ ചെലവ് സംസ്ഥാനങ്ങള്‍ പങ്കുവച്ചിട്ടില്ല. ഉദ്ഭവം മുതല്‍ അറബിക്കടലില്‍ നിപതിക്കുന്നതുവരെയുള്ള 56 കിലോമീറ്റര്‍ ദൂരം പൂര്‍ണ്ണമായും കേരളത്തിന്റെ അതിര്‍ത്തിയിലാണ് എന്നതും തമിഴ്‌നാട് തര്‍ക്കവിഷയമാക്കിയിട്ടില്ല. പദ്ധതി പൂര്‍ണതോതില്‍ കമ്മീഷന്‍ ചെയ്തത് കേരളം രൂപീകരിച്ച് വര്‍ഷങ്ങള്‍കഴിഞ്ഞ് 1976 ലാണ്.

പദ്ധതിയുടെ കമാന്‍ഡ് ഏരിയയും പൂര്‍ണ്ണമായും കേരളത്തിലാണ്. നെയ്യാര്‍ സംബന്ധിച്ച് അന്തര്‍സംസ്ഥാനകരാറും നിലവിലില്ല. ഇക്കാരണങ്ങളാല്‍ വിഷയത്തില്‍ ഇടപെടണമെന്നും, വെബ്‌സൈറ്റിലെ പിശക് തിരുത്തി കേരളസംസ്ഥാനത്തിനുള്ളില്‍ മാത്രമുള്ള പദ്ധതിയായി രേഖപ്പെടുത്തുന്നതിന് കേന്ദ്രജലകമ്മീഷനോടു നിര്‍ദ്ദേശിക്കണമെന്നും കേന്ദ്രമന്ത്രിയോട് മാത്യു ടി. തോമസ് അഭ്യര്‍ത്ഥിച്ചു.

Related Topics

Share this story