chem

കോക്ലിയാര്‍ ഇംപ്ലാന്റ് നടത്തിയവര്‍ക്കുള്ള തുടര്‍ചികിത്‌സയ്ക്ക് ധ്വനി പദ്ധതി ആരംഭിക്കും -മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

കോക്ലിയാര്‍ ഇംപ്ലാന്റ് നടത്തിയവര്‍ക്കുള്ള തുടര്‍ചികിത്‌സ ഉറപ്പാക്കാന്‍ ധ്വനി എന്ന പേരില്‍ പദ്ധതി ആരംഭിക്കുമെന്ന് ആരോഗ്യ-സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതിന്റെ പ്രാരംഭഘട്ടത്തിനായി ഒന്നേകാല്‍ കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

കുട്ടികളിലെ ശ്രവണ വൈകല്യങ്ങള്‍ പരിഹരിക്കാനുള്ള സമഗ്ര പദ്ധതിയായ ‘കാതോര’വും കോക്ലിയാര്‍ ഇംപ്ലാന്റ് നടത്തിയ കുട്ടികളുടെ കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഭിന്നശേഷിയുള്ളവര്‍ക്കായുള്ള ‘അനുയാത്ര’ പദ്ധതിയുടെ ഭാഗമായി ശ്രവണ വൈകല്യം തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ച് പ്രതിരോധിക്കുകയും സുസ്ഥിരമായ പുനരധിവാസം നല്‍കുകയും ചെയ്യുന്ന ജീവിതചക്രസമീപനമാണ് ‘കാതോരം’ പദ്ധതിയില്‍ സ്വീകരിക്കുന്നത്. നിലവില്‍ 45 സര്‍ക്കാര്‍ പ്രസവ ആശുപത്രികളിലാണ് ശ്രവണ വൈകല്യം കണ്ടെത്താനുള്ള പ്രാഥമിക പരിശോധനയ്ക്കുള്ള ഒ.എ.ഇ (ഓട്ടോ അക്യൂസ്റ്റിക് എമിഷന്‍ സ്‌ക്രീനര്‍) മെഷീനുള്ളത്. ഇത് 66 ആശുപത്രികളിലേക്ക് വ്യാപിപ്പിക്കും.

സ്വകാര്യ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികളുടെ കേള്‍വി പരിശോധനയ്ക്ക്കൂടി 2018 മാര്‍ച്ച് 31ന് മുമ്പ് സൗകര്യം ഉറപ്പാക്കാന്‍ ചര്‍ച്ചകള്‍ നടത്തും. നിലവില്‍ ബ്രെയിന്‍ ഇവോക്ഡ് റെസ്‌പോണ്‍സ് ഓഡിയോമെട്രി (ബെറ) ടെസ്റ്റിനുള്ള സംവിധാനമുള്ള ഒന്‍പത് ഇടങ്ങളാണുള്ളത്. അത് കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഓരോ ജില്ലയിലും ഒരു ബെറ പരിശോധനയ്ക്കുള്ള സംവിധാനമൊരുക്കും. 2018 മാര്‍ച്ചിന് മുമ്പ് ഇതും യാഥാര്‍ഥ്യമാക്കും. എല്ലാ ജില്ലകളിലും ഡിസ്ട്രിക്റ്റ് എയര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. മൂന്നേകാല്‍ കോടി രൂപ ഓരോ സെന്ററിനും അനുവദിക്കുകയും ചെയ്തിട്ടുണ്ട്. കളക്ടര്‍മാരോട് ഇതിനാവശ്യമായ സ്ഥലം കണ്ടെത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനും ശ്രവണശേഷിയുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ നാം ബാധ്യസ്ഥരാണ്. മറ്റു വൈകല്യങ്ങളുണ്ടോ എന്നും പരിശോധിക്കണം. തുടക്കത്തില്‍ തന്നെയുള്ള പ്രശ്‌നങ്ങളും വൈകല്യങ്ങളും കണ്ടെത്താന്‍ 25 മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റുകള്‍ സജ്ജമാക്കി പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ആറു ബ്‌ളോക്കുകള്‍ക്ക് ഒരെണ്ണം എന്ന നിലയില്‍ ഈ യൂണിറ്റുകള്‍ കേരളമാകെ സഞ്ചരിക്കുന്നുണ്ട്. കാതോരം പദ്ധതിപ്രകാരം കുഞ്ഞുജനിച്ചതുമുതല്‍ പരിശോധന ആരംഭിക്കുന്നുണ്ട്. ഒന്ന്, മൂന്ന്, ആറ്, 18, 42 മാസങ്ങളില്‍ ചെയ്യേണ്ട പരിശോധനകളും ക്രമീകരണങ്ങളുമാണ് ഏര്‍പ്പാടാക്കിയിട്ടുള്ളത്.

ജനിച്ച് ഒരുമാസത്തിനകം കേള്‍വി പരിശോധിച്ച് ഉറപ്പാക്കാനാണ് ഒ.എ.ഇ (ഓട്ടോ അക്യൂസ്റ്റിക് എമിഷന്‍ സ്‌ക്രീനര്‍) മെഷീന്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. പ്രാഥമിക പരിശോധനയില്‍ ശ്രവണ വൈകല്യം സംശയിച്ചാല്‍ രണ്ടംഘട്ടത്തില്‍ ബ്രെയിന്‍ ഇവോക്ഡ് റെസ്‌പോണ്‍സ് ഓഡിയോമെട്രി (ബെറ) ടെസ്റ്റും പിന്നീട്, ആവശ്യമുള്ളവര്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റ് സൗകര്യം ലഭ്യമാക്കും. ഇംപ്ലാന്റ് ചെയ്തശേഷം കുറഞ്ഞത് രണ്ടുവര്‍ഷമെങ്കിലും പോസ്റ്റ് ഇംപ്ലാന്റ് ഹാബിറ്റേഷന്‍ തെറാപ്പിയും ആവശ്യമാണ്. കോക്ലിയാര്‍ ഇംപ്ലാന്റ് ചെയ്തവര്‍ക്ക് തുടര്‍പരിചരണത്തിനായി പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിക്കുന്നതിന്റെ പണിപ്പുരയിലാണെന്നും മന്ത്രി അറിയിച്ചു. നേരത്തെ ഇംപ്ലാന്റ് നടത്തിയ കുട്ടികളുടെ വിലയിരുത്തല്‍ ഇതിനകം നടത്തിയിട്ടുണ്ട്. പോരായ്മകള്‍ കണ്ടെത്തി സഹായിക്കാനാണിത്. ഇംപ്ലാന്റ് നടത്തിയതിന്റെ വാറന്റി കാലാവധി എല്ലായിടത്തും നാലു വര്‍ഷമാണ്. എന്നാല്‍ ആദ്യമായി രണ്ടുവര്‍ഷം കൂടി വാറന്റി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഈ സര്‍ക്കാര്‍ വന്നശേഷം 132 കോക്ലിയാര്‍ ഇംപ്ലാന്റ് നടത്തിയതായും മന്ത്രി അറിയിച്ചു. ‘കാതോരം’ പദ്ധതിക്കായി രൂപപ്പെടുത്തിയ ‘യൂണിവേഴ്‌സല്‍ ഹിയറിംഗ് സ്‌കീം പ്രോഗ്രാം’ സോഫ്റ്റ്‌വെയറിന്റെ ഉദ്ഘാടനം ഗ്‌ളോബല്‍ ഹിയറിംഗ് അമ്പാസഡറും ആസ്‌ത്രേലിയന്‍ മുന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരവുമായ ബ്രെറ്റ് ലീ നിര്‍വഹിച്ചു. ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സംസ്ഥാന വികലാംഗ ക്ഷേമ കോര്‍പറേഷന്‍ ചെയര്‍മാന്‍ പരശുവയ്ക്കല്‍ പി. മോഹനന്‍ സംബന്ധിച്ചു.

സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗതവും, സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ബി. മുഹമ്മദ് അഷീല്‍ നന്ദിയും പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി കോക്ലിയാര്‍ ഇംപ്ലാന്റ് നടത്തിയ ഫിദാ ഫെബിന്‍ എന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി പരിപാടിയുടെ അവതാരകയായി എത്തിയത് കൗതുകമായി. കോക്ലിയാര്‍ ഇംപ്ലാന്റ് നടത്തിയ കുട്ടികള്‍ അവതരിപ്പിച്ച കലാപരിപാടികളും ഏറെ ശ്രദ്ധനേടി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!
You might also like

Comments are closed.