Times Kerala

ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് തമിഴ്‌നാട് മന്ത്രിയുടെ കുമ്പസാരം

 

ചെന്നൈ: അസുഖത്തെ തുടര്‍ന്ന് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പറഞ്ഞതെല്ലാം നുണയായിരുന്നെന്ന് തമിഴ്‌നാട് മന്ത്രിയുടെ കുമ്പസാരം . തമിഴ്‌നാട് വനംവകുപ്പ് മന്ത്രി സി. ശ്രീനിവാസനാണ് അമ്മ ജയലളിത ആശുപത്രിയില്‍ കഴിയുമ്പോള്‍ അവരുടെ ആരോഗ്യനിലയെ കുറിച്ച് പറഞ്ഞതെല്ലാം കള്ളമായിരുന്നെന്നും മാപ്പ് തരണമെന്നും തുറന്നു പറഞ്ഞത്. മഥുരയില്‍ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു മന്ത്രിയുടെ പരമര്‍ശം.

ആശുപത്രിയില്‍ കഴിയുമ്പോള്‍ ഞങ്ങള്‍ അമ്മയെ കണ്ടതായി പലപ്പോഴും പറഞ്ഞിരുന്നു. എന്നാല്‍ സത്യത്തില്‍ ആശുപത്രിയില്‍ ആരും അമ്മയെ കണ്ടിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. എല്ലാ ഗവണ്‍മെന്റ് പ്രതിനിധികളും എഐഎഡിഎംകെ പാര്‍ട്ടി പ്രതിനിധികളും അന്ന് കള്ളം പറയുകയായിരുന്നു. ദേശീയ നേതാക്കളടക്കം അപ്പോളോ ആശുപത്രി ചീഫിന്റെ റൂമില്‍ ഇരിക്കുകയല്ലാതെ ആര്‍ക്കും അമ്മയെ കാണാന്‍ സാധിച്ചിട്ടില്ല. ഞങ്ങളും അവിടെ തന്നെയാണ് ഇരുന്നത്. പാര്‍ട്ടിയുടെ രഹസ്യങ്ങള്‍ പുറത്തറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഗവണ്‍മെന്റില്‍ നിന്നും ഹോസ്പിറ്റല്‍ അധികൃതരില്‍ നിന്നും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ ജയലളിതയുടെ തോഴിയായിരുന്ന ശശികല ജയലളിതയെ കണ്ടതായാണ് കരുതുന്നത്. അവര്‍ക്ക് മാത്രമായിരുന്നു അതിന് അനുമതിയുണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പളനിസാമിയുടെ നിര്‍ദ്ദേശ പ്രകാരം ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മന്ത്രിയുടെ തുറന്നുപറച്ചില്‍.

നേരത്തെ ശശികല മാത്രമാണ് ജയലളിതയ്‌ക്കൊപ്പം ഉണ്ടായിരുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ അതിനെതിരെ ശശികലയുടെ മരുമകന്‍ ടി.ടി.വി ദിനകരന്‍ രംഗത്തെത്തിയിരുന്നു. ശശികലക്കു ആ സമയത്ത് രണ്ട് മനിനുട്ട് മാത്രമാണ് ജയലളിതയെ കാണാന്‍ സാധിച്ചതെന്നായിരുന്നു ദിനകരന്റെ വാദം. മന്ത്രിയുടെ പുതിയ തുറന്നുപറച്ചിലോടെ ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും ഉയരുകയാണ്.

Related Topics

Share this story