Times Kerala

പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന് പറഞ്ഞ 21കാരനെ അഭിഭാഷകന്‍ കാറിടിച്ചു കൊന്നു

 

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് പുകവലിക്കരുതെന്ന് ഉപദേശിച്ച 21കാരനെ അഭിഭാഷകന്‍ കാറിടിച്ചു കൊന്നു. ഡല്‍ഹി എയിംസ് ട്രോമ സെന്ററിന് സമീപമാണ് സംഭവം. പഞ്ചാബിലെ ഭാട്ടിന്‍ഡ സ്വദേശിയും ഡല്‍ഹി കോളജ് ഓഫ് ഫോട്ടോഗ്രഫിയിലെ വിദ്യാര്‍ഥിയുമായ ഗുര്‍പ്രീത് സിങാണ് മരിച്ചത്. രോഹിത് കൃഷ്ണ മഹാന്ത എന്ന അഭിഭാഷകനാണ് പ്രതി.

സംഭവം ഇങ്ങനെ. സപ്തംബര്‍ 17ന് പുലര്‍ച്ചെയാണ് സംഭവം. തങ്ങളുടെ പ്രൊജക്ടിന്റെ ഭാഗമായി ഫോട്ടോ ഷൂട്ടിനിറങ്ങിയതായിരുന്നു ഗുര്‍പ്രീത് സിങും സുഹൃത്ത് മണീന്ദര്‍ സിങും. നഗരത്തിലെ റോഡരികില്‍ താമസിക്കുന്നവരെ കുറിച്ചായിരുന്നു ഫോട്ടോ ഷൂട്ട്. അതിനിടെ ഭക്ഷണം കഴിക്കാന്‍ എയിംസിനു സമീപത്തെ കടയില്‍ കയറി. ആ സമയത്തു തന്നെയാണ് രോഹിതും അവിടെ എത്തിയത്. തങ്ങള്‍ക്കരികിലിരുന്ന് പുകവലിച്ച രോഹിതിനോട് ഗുര്‍പ്രീത് പുകവലിക്കരുതെന്ന് പറയുകയായിരുന്നു. മുഖത്തേക്ക് പുക വലിച്ചു വിട്ടപ്പോള്‍ കുറച്ചു മാറിയിരുന്നു വലിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഗുര്‍പ്രീതിന്റെ പിതാവ് പറഞ്ഞു. പിന്നീട് ഇവര്‍ക്കിടയില്‍ ചെറിയ തര്‍ക്കമുണ്ടായതായും ദൃക്‌സാക്ഷികള്‍ പറയുന്നു.

ഇതിനുശേഷം, പിന്നാലെ കാറുമായെത്തി അഭിഭാഷകന്‍ ഗുര്‍പ്രീതും മണീന്ദറും സഞ്ചരിച്ച ബൈക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു.

കഴിഞ്ഞ ഞായാറാഴ്ചയാണ് ഗുര്‍പ്രീതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്ന് ദിവസത്തിനു ശേഷം ഗുര്‍പ്രീത് മരണത്തിന് കീഴങ്ങുകയായിരുന്നു.

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് രോഹിതിനെ പൊലിസ് സംഭവ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. പിന്നീട് പരിക്കേറ്റയാള്‍ മരിച്ചതിനെ തുടര്‍ന്നാണ് ഇയാളെ കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്യുന്നത്.

അസം സ്റ്റാന്‍ഡിങ് കൗണ്‍സിലില്‍ അഭിഭാഷകനാണ് പിടിയിലായ രോഹിത്. അപകടം നടക്കുന്ന സമയം ഗുര്‍പ്രീതിന്റെ ബൈക്കിലുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. അയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും ബൈക്കില്‍ നിന്ന് തെറിച്ചു വീണശേഷം അയാള്‍ കാറില്‍ നിന്ന് പുറത്തിറങ്ങി നോക്കിയെന്നും മണീന്ദറിന്റെ മൊഴിയില്‍ പറയുന്നു.

സംഭവസമയത്ത് രോഹിത് മദ്യപിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

അതിനിടെ, ഗുര്‍പ്രീതിന്റ മരണത്തെ തുടര്‍ന്ന് പൊലിസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍രംഗത്തെത്തി. പ്രതിയെ രക്ഷിക്കാന്‍ പൊലിസ് ശ്രമിച്ചെന്നും ഗുരുതരമല്ലാത്ത വകുപ്പുകളാണ് അഭിഭാഷകനെതിരെ ചുമത്തിയതെന്നുമാണ് ആരോപണം.

Related Topics

Share this story