Times Kerala

ട്രെയിന്‍ തട്ടിമരിച്ച യാചകന്റെ ബാങ്ക് അക്കൗണ്ടില്‍ 8.77 ലക്ഷം , കുടിലില്‍ നിന്ന് കിട്ടിയത് 1.75 ലക്ഷം രൂപ

 
ട്രെയിന്‍ തട്ടിമരിച്ച യാചകന്റെ ബാങ്ക് അക്കൗണ്ടില്‍ 8.77 ലക്ഷം , കുടിലില്‍ നിന്ന് കിട്ടിയത് 1.75 ലക്ഷം രൂപ

മുംബൈ: കഴിഞ്ഞ ദിവസം ട്രെയിന്‍ തട്ടിമരിച്ച ബിരാഡിചന്ദ് പന്നാരാംജി ആസാദ് എന്ന യാചകന്റെ സമ്പാദ്യത്തെക്കുറിച്ച് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥർ . 82 കാരനായ ബിരാഡിചന്ദിന്റെ മരണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചത്.

മരിച്ചയാൾ വെറുമൊരു യാചകനായിരുന്നില്ലെന്നും ലക്ഷങ്ങള്‍ സമ്പാദ്യമുള്ളയാളായിരുന്നു എന്നും പോലീസ് പറഞ്ഞു . 8.77 ലക്ഷം രൂപയാണ് ഇയാളുടെ പക്കല്‍ ഫിക്സഡ് ഡിപ്പോസിറ്റായി ഉണ്ടായിരുന്നത്. നാണയങ്ങളായി 96000 രൂപ ബാങ്ക് അക്കൗണ്ടിലും നിക്ഷേപിച്ചിരുന്നു. ഇതിന് പുറമെ 1.75 ലക്ഷം രൂപയാണ് ഇയാളുടെ കുടിലില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.

മുംബൈയിലെ മാന്‍ഖര്‍ഡിനും ഗോവന്ദി സ്റ്റേഷനുമിടയിൽ വെച്ചാണ് ആസാദ് ട്രെയിന്‍ തട്ടി മരിച്ചത്. ബന്ധുക്കളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലാത്തതിനാല്‍ അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോൾ .

പ്രദേശവാസികളാണ് ആസാദിന്‍റെ മൃതദേഹം തിരിച്ചറിഞ്ഞത്. റെയില്‍വെ ട്രാക്കിന് സമീപത്തുള്ള കുടിലിൽ ഒറ്റക്കായിരുന്നു ഇയാളുടെ താമസം . കുടിലിൽ പരിശോധന നടത്തിയ പൊലീസിന് അവിടെ നിന്ന് ഡബ്ബകളും വലിയ ബാരലും ലഭിച്ചു. ഭിക്ഷയെടുത്ത് കിട്ടുന്ന നാണയത്തുട്ടുകള്‍ അയാള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി ഇതിലാണ് സൂഷിച്ചിരുന്നത് .

ശനിയാഴ്ച നാണയങ്ങളെണ്ണാന്‍ തുടങ്ങിയിട്ട് ഞായറാണ് എണ്ണിത്തീര്‍ന്നത്. 1.75 ലക്ഷം രൂപയുടെ നാണയങ്ങള്‍ ഉണ്ടായിരുന്നു എന്ന് റെയില്‍വെ പൊലീസ് പറഞ്ഞു. കുടിലിന്‍റെ ഒരു മൂലയില്‍ ഒരു സ്റ്റീല്‍ പാത്രത്തിൽ ആസാദിന്‍റെ പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, സീനിയര്‍ സിറ്റിസന്‍ കാര്‍ഡ് എന്നിവ ലഭിച്ചു. ഇതുപ്രകാരം 1937 ഫെബ്രുവരി 27നാണ് ആസാദ് ജനിച്ചതെന്ന് പോലീസ് കണ്ടെത്തി . നേരത്തേ ശിവാജി നഗറിലും ബെയ്ഗന്‍ വാഡിയിലുമായിരുന്നു താമസിച്ചിരുന്നത്.

Related Topics

Share this story