ലോകത്തിലെ ഏറ്റവും വില കൂടിയ മാമ്പഴം, വില 2.70 ലക്ഷം

മാമ്പഴത്തെ പഴങ്ങളുടെ രാജാവ് എന്നാണല്ലോ നാം വിളിക്കുന്നത്. ഒരു കിലോ മാങ്ങയ്ക്ക് എന്ത് വില വരുമെന്ന് നമുക്ക് എല്ലാവര്ക്കും ഊഹിക്കാവുന്ന കാര്യമാണ്. മാങ്ങയുടെ ഇനങ്ങൾ മാറുന്നത് അനുസരിച്ച് വിലയിലും വ്യത്യാസം വരും.
എന്നാൽ അന്താരാഷ്ട്ര മാർക്കറ്റിൽ കിലോയ്‍ക്ക് 2.70 ലക്ഷം രൂപ വരെ കിട്ടുന്ന ഒരു മാങ്ങയുണ്ട്. Eggs of the sun എന്നും അറിയപ്പെടുന്ന ജപ്പാനിലെ മിയാസാക്കി നഗരത്തിൽ വളരുന്ന മിയാസാക്കി ആണ് പ്രശസ്തമായ ഈ മാമ്പഴം. ഇന്ത്യയിലും ഇതുണ്ട്, തമിഴ്നാട്ടിലെ ഒരു മുൻ കൃഷി ഓഫീസർ ഈ മാമ്പഴം കൃഷി ചെയ്യുന്നുണ്ട്.
ഈ മാമ്പഴങ്ങൾ പാകമാകുമ്പോൾ പർപ്പിൾ നിറത്തിൽ കാണപ്പെടും. ഇവയിൽ മറ്റ് മാമ്പഴങ്ങളെക്കാൾ 25% കൂടുതൽ പഞ്ചസാര അടങ്ങിയിയിട്ടുണ്ട്. അതിനാൽ മറ്റുള്ളവയെക്കാൾ വളരെ അധികം മധുരം കൂടുതലായിരിക്കും.
തമിഴ്‌നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിൽ നിന്നുള്ള മുൻ ഡെപ്യൂട്ടി കൃഷി ഓഫീസർ കൃഷ്ണനാണ് തന്റെ ലോകത്തിലെ തന്നെ ഈ ഏറ്റവും വിലകൂടിയ മാമ്പഴം വളർത്തിയത്. കഴിഞ്ഞ രണ്ട് വർഷമായി അദ്ദേഹം മിയാസാക്കി മാമ്പഴം വളർത്തുന്നുണ്ട്. ഇപ്പോൾ അത് പാകമായിരിക്കുന്നു എന്നും കൃഷ്ണൻ പറയുന്നു.
ആന്റി ഓക്‌സിഡന്റുകള്‍, ബീറ്റാ കരോട്ടിന്‍, ഫോളിക് അസിഡ് എന്നിവയാൽ സമ്പുഷ്ടമാണ് മിയാസാക്കി മാമ്പഴം. ഈ മാമ്പഴത്തിന് ഇത്രയധികം വിലയുള്ളത് കൊണ്ട് തന്നെ വളർത്തി വിളവെടുക്കാറാകുമ്പോൾ സുരക്ഷിതമായ തരത്തിലാണ് ഇവയുടെ കൃഷി.