Times Kerala

 ടെറസില്‍ പന്തലൊരുക്കാം, പച്ചക്കറി വളര്‍ത്താം.!!

 
 ടെറസില്‍ പന്തലൊരുക്കാം, പച്ചക്കറി വളര്‍ത്താം.!!
 

ടെറസ് കൃഷി അഥവാ മട്ടുപ്പാവ് കൃഷിക്ക് വളരെ പ്രധാന്യമുള്ള കാലമാണിപ്പോള്‍. നഗരവത്ക്കരണം വേഗത്തിലായതോടെ വീടുകളില്‍ കൃഷി ചെയ്യാനുള്ള സ്ഥലമില്ലാതായിക്കൊണ്ടിരിക്കുകയാണ്. ഇതിനാല്‍ ടെറസില്‍ കൃഷി ചെയ്യുന്നതിന് വലിയ സാധ്യതകളാണുള്ളത്. ഗ്രോബാഗ്, ചാക്ക് എന്നിവയില്‍ നടീല്‍ മിശ്രിതം നിറച്ചോ ടെറസില്‍ ബെഡുകള്‍ ഉണ്ടാക്കി മണ്ണു നിറച്ചും പച്ചക്കറി കൃഷി ചെയ്യുന്നത് ഇന്നു വ്യാപകമാണ്. ടെറസില്‍ പന്തലൊരുക്കി കൃഷി ചെയ്താല്‍ നിരവധി ഗുണങ്ങളുണ്ട്. കത്തുന്ന വെയില്‍ നിന്ന് വീടിന് സംരക്ഷണം കിട്ടുകയും പച്ചക്കറികള്‍ക്ക് നന്നായി വളരാനുള്ള മാര്‍ഗം ലഭിക്കുകയും ചെയ്യും.

കാല്‍ നിര്‍മിക്കലാണ് പന്തലൊരുക്കലിന്റെ പ്രധാന പണി. ജിഐ പൈപ്പ്/മുള/കവുങ്ങിന്റെ അലക് എന്നിവയിലേന്തെങ്കിലുമുപയോഗിച്ച് പന്തലിന് കാല്‍ നാട്ടാം. കാല് കുഴിച്ചിടാന്‍ മണ്ണ് നിറച്ച ചാക്കും കണ്ണി അകലമുള്ള നെറ്റുമാണ് ആവശ്യമുള്ള മറ്റു വസ്തുക്കള്‍.

മണ്ണുറിറച്ച ചാക്കില്‍ പന്തലിന്റെ കാലുകള്‍ നാട്ടണം. ടെറസിന്റെ മുകളില്‍ കൊളുത്തുകള്‍ ഉണ്ടെങ്കില്‍ അതില്‍ കാലുകള്‍ നാട്ടിയാലും മതി. തുടര്‍ന്ന് നെറ്റ് കാലുകളില്‍ നന്നായി വലിച്ചു കെട്ടണം. കണ്ണിവലുപ്പം കൂടിയ നെറ്റ് ഉപയോഗിച്ചാല്‍ കായ്കള്‍ താഴെക്ക് തൂങ്ങി നിന്നു വളര്‍ന്നു കൊള്ളും.

പയര്‍ , പാവല്‍, പടവലം, കോവല്‍, പിച്ചില്‍, ചുരങ്ങ, ഇളവന്‍ എന്നിവയെല്ലാം ടെറസിലെ പന്തലില്‍ കയറ്റി വളര്‍ത്താവുന്ന ഇനങ്ങളാണ്.

മണ്ണ്, പഴകിയ ചകിരിച്ചോര്‍, ചാണകപ്പൊടി എന്നിവ എല്ലാം നന്നായി കൂട്ടി ഇളക്കി ഗ്രോബാഗിന്റെ 60 ശതമാനം നിറയ്ക്കണം. ഒരോ ഗ്രോബാഗിലേയ്ക്കും ഒരു പിടി വേപ്പിന്‍പ്പിണ്ണാക്കും അല്‍പ്പം എല്ല് പൊടിയും കൂട്ടി ചേര്‍ത്ത് നടീല്‍ മിശ്രിതം തയ്യാറാക്കാലാണ് ആദ്യപടി. ഇങ്ങനെ തയ്യാറാക്കിയ ബാഗിലേയ്ക്ക് തൈകള്‍ മാറ്റി നടണം. വൈകുന്നേരങ്ങളില്‍ തൈ നടുന്നതാണ് നല്ലത്. തൈകള്‍ക്ക് ക്ഷതം പറ്റാത്ത രീതിയില്‍ വേണം കവര്‍ പൊട്ടിക്കാനും മാറ്റി നടാനും. തൈയാണ് നടുന്നത് എങ്കില്‍ ഒരാഴ്ച്ചകൊണ്ട് വള്ളി വീശി തുടങ്ങും. അതനുസരിച്ച് ചെടിക്ക് പന്തലിലേയ്ക്ക് കയറിപറ്റാനുള്ള അവസരം ഒരുക്കണം. പരിപാലനവും വളപ്രയോഗവുമെല്ലാം മറ്റു പച്ചക്കറി വിളകള്‍ക്ക് ചെയ്യുന്നപ്പോലെ തന്നെ ചെയ്താല്‍ മതി. ഒരു കൃഷി കഴിഞ്ഞാല്‍ നെറ്റും പൈപ്പും എല്ലാം അടുത്ത തവണയും ഉപയോഗിക്കാം.

Related Topics

Share this story