Times Kerala

 ആരോഗ്യഗുണങ്ങളുടെ കലവറ.! ക്യാബേജ് കൃഷി, അറിയേണ്ടതെല്ലാം...

 
 ആരോഗ്യഗുണങ്ങളുടെ കലവറ.! ക്യാബേജ് കൃഷി, അറിയേണ്ടതെല്ലാം...
 

ആരോഗ്യകരമായ പല ഗുണങ്ങളും കാബേജിനുണ്ട്. ഇത് കൊണ്ട് പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കും. കാല്‍സ്യത്തിന്റേയും മഗ്നീഷ്യത്തിന്റേയും കലവറയാണ് കാബേജ്.

ഇത് എല്ലിന്റേയും പല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ കാബേജ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.പൊട്ടാസ്യത്തിന്റെ അളവും കാബേജില്‍ വളരെ കൂടുതലാണ്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറക്കുന്നതിനും ഹൃദയാഘാത സാധ്യത ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

സള്‍ഫര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാൻ കാബേജിന് ക‍ഴിയും.അണ്ഡാശയ ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് കാബേജ്.വിറ്റാമിന്‍ ബി1, ബി2 എന്നിവ ധാരാളം കാബേജില്‍ ഉണ്ട്. ഇത് ചര്‍മ്മത്തിനും മുടിക്കും കരളിനും കണ്ണിനും ആരോഗ്യം നല്‍കാന്‍ സഹായിക്കുന്നു.

കൃഷിരീതി നോക്കാം,

ഒരു  ശീതകാല വിളയാണ് ക്യാബേജ്. തണുപ്പുള്ള ഇടങ്ങളിലാണ് നന്നായി വിളവ് നൽകുന്നത്. എന്നാൽ ഹൈബ്രിഡ് ഇനങ്ങളുടെ വരവോടെ കഥ മാറി. ചൂടുള്ളതും ആർദ്രതയേറിയതുമായ കേരളത്തിലെ കാലാവസ്ഥയിലും കൃഷി ചെയ്യാൻ ഉതകുന്ന ഹൈബ്രിഡ് ഇനങ്ങൾ ഇന്ന് ലഭ്യമാണ്. മലയാളിയുടെ അടുക്കള തോട്ടങ്ങളിൽ ക്യാബേജ് ഇന്ന് ഇടം നേടി കഴിഞ്ഞു.

സങ്കരയിനങ്ങളായ എൻ എസ് 43, എൻ എസ് 183, എൻ എസ് 160 എന്നിവ കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങളാണ്.

നല്ല വളക്കൂറും നീർവാർച്ചയുമുള്ള മണ്ണാണ് കാബേജിന് നല്ലത്. ജൈവാംശം കൂടുതലുള്ള മണ്ണിൽ നല്ല വിളവ് നൽകും. ഉയർന്ന താപനിലയും വരൾച്ചയും വിളവിനെ ദോഷകരമായി ബാധിക്കുന്നു. ഒക്ടോബർ-നവംബർ മാസങ്ങളിലാണ് വിത്തുകൾ നഴ്സറിയിൽ വിതയ്ക്കേണ്ടത്.

വിത്തു വിതയ്ക്കുന്നതിന് നന്നായി സൂര്യപ്രകാശം ലഭിക്കുന്നതും നീർവാർച്ചയുള്ളതുമായ സ്ഥലം തിരഞ്ഞെടുക്കണം. തൈകൾ ചീഞ്ഞു പോകുന്നത് ഒഴിവാക്കാൻ വിത്ത് പരിചരണം നടത്തേണ്ടത് ആവശ്യമാണ്. ഒരു ഗ്രാം ബാവിസ്റ്റിൻ ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ അരമണിക്കൂർ വിത്ത് മുക്കിവച്ചശേഷം വിതയ്ക്കുന്നതാണ് നല്ലത്. സ്യൂഡോമോണാസ് ഫ്ളൂറസൻസ് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തടത്തിൽ ഒഴിക്കുന്നതും നല്ലതാണ്. തവാരണകളിലോ പ്രോട്രേകളിലോ വിത്ത് പാകാം. തവാരണകളിൽ പാകുമ്പോൾ ഒരു സെന്റീമീറ്റർ താഴ്ചയിലും 5 സെന്റീമീറ്റർ അകലത്തിലും വരിവരിയായി വിത്തുകൾ നിരത്തണം

ഒരു മാസം മുതൽ ഒന്നര മാസം വരെ പ്രായമായ തൈകളാണ് പറിച്ചു നടേണ്ടത്. 10 സെന്റീമീറ്റർ നീളവും 6,  7 ഇലകളുമുള്ള തൈകളാണ് തിരഞ്ഞെടുക്കേണ്ടത്. 60 സെന്റീമീറ്റർ അകലത്തിൽ ചാലുകൾ എടുത്ത് അതിൽ 45 സെന്റീമീറ്റർ അകലത്തിൽ തൈകൾ നട്ടു പിടിപ്പിക്കാം.

വളപ്രയോഗം

മണ്ണിന്റെ അമ്ലതയ്ക്കനുസരിച്ച് ഒന്നു മുതൽ മൂന്ന് കിലോഗ്രാം കുമ്മായം  അല്ലെങ്കിൽ ഡോളമൈറ്റ്, നടുന്നതിന്  മുൻപ് മണ്ണിൽ ചേർക്കണം. കുമ്മായം ചേർത്ത് പത്ത് ദിവസങ്ങൾക്ക് ശേഷം അടിവളം നൽകാം.ഒരു സെന്റിന് 100 കിലോ ജൈവവളം വേണ്ടിവരും. വേപ്പിൻ പിണ്ണാക്ക് തുടക്കത്തിൽ നൽകുന്നത് കീടശല്യം ഒഴിവാക്കാൻ സഹായിക്കും. നേർവളങ്ങൾ രണ്ടുതവണയായി വേണം നൽകാൻ. ഒരു സെന്റിന് 651 ഗ്രാം യൂറിയ, 2220 ഗ്രാം റോക്ക് ഫോസ്ഫേറ്റ്, 417 ഗ്രാം പൊട്ടാഷ് എന്നിവ നടുന്ന സമയത്ത് നൽകണം. നട്ട് ഒരു മാസത്തിനുശേഷം 651 ഗ്രാം യൂറിയ 417 ഗ്രാം പൊട്ടാഷ് എന്നിവ ചേർത്തു കൊടുക്കാം.

ഇടയ്ക്ക് വേരുകൾക്ക് ദോഷം വരാത്ത രീതിയിൽ മണ്ണിളക്കി കൊടുക്കുന്നത് നല്ലതാണ്. പറിച്ചു നട്ട ഉടനെ തന്നെ ആദ്യത്തെ ജലസേചനം നൽകണം. തുടർന്ന് മൂന്ന് നാല് ദിവസത്തെ ഇടവേളയിൽ ആവശ്യാനുസരണം നനച്ചു കൊടുക്കാം. മൂപ്പെത്തിയ ചെടികൾക്ക് ജലസേചനം നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം അധികമായാൽ ചെടിയുടെ തലപൊട്ടി പിളരാൻ സാധ്യതയുണ്ട്. ക്യാബേജ് വിളവെടുപ്പ് വൈകിയാൽ തല പിളർന്ന് വിപണന യോഗ്യമല്ലാതായിമാറും.

 രോഗ കീട നിയന്ത്രണ മാർഗങ്ങൾ

 വേരു വീക്കം

രോഗം ബാധിച്ച ചെടികളുടെ ഇലകൾ വാടി ഇളം പച്ച നിറത്തിലോ മഞ്ഞനിറത്തിലോ കാണാം. രാത്രി കാലങ്ങളിൽ ഇത്തരം ഇലകൾ പൂർവ്വ സ്ഥിതിയിലാകും. ഇത്തരം ചെടിയുടെ വേരുകൾ അസാധാരണമാംവിധം വീർത്തിരിക്കുന്നത് കാണാം. ക്രമേണ ഇത് ചീഞ്ഞു പോവുകയും ചെയ്യും. രോഗത്തെ നിയന്ത്രിക്കാനായി വിള പരിക്രമണം നടത്തണം. തോട്ടങ്ങളിൽ നീർവാർച്ച ഉറപ്പുവരുത്തണം. രോഗകീടബാധ ഏൽക്കാത്ത ചെടികൾ മാത്രം നടാനായി ഉപയോഗിക്കാം. അടിവളമായി കുമ്മായം ചേർക്കാൻ മറക്കരുത്. രോഗം ബാധിച്ച ചെടികൾ വേരോടെ പിഴുതുമാറ്റി നശിപ്പിക്കുകയും വേണം. സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നതും ഈ രോഗബാധ ഉണ്ടാകാതിരിക്കാൻ സഹായിക്കും.

കരുംകാലുരോഗം

ചെടിയുടെ കട ഭാഗത്ത് കറുത്ത പാടുകൾ ഉണ്ടാകുന്നതും അവ ചെടിയിൽ മുഴുവനായി വ്യാപിച്ചു ചെടി നശിച്ചു പോകുന്നതും കാണാം. ഇതാണ് കരുംകാലുരോഗം . രോഗം നിയന്ത്രിക്കാനായി ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച ജൈവവളം ചുവട്ടിൽ ചേർത്തുകൊടുക്കാം.

 ക്യാബേജ് ചീയൽ

ഇലകളിൽ തവിട്ടുനിറത്തിലുള്ള പുള്ളികൾ പ്രത്യക്ഷപ്പെടുകയും പിന്നീട് ചെടി ചീഞ്ഞു  നശിക്കുകയും ചെയ്യുന്ന രോഗമാണ് ക്യാബേജ് ചീയൽ. രോഗം ബാധിച്ച ഇലകൾ മുറിച്ചുമാറ്റി നശിപ്പിക്കണം. ക്യാബേജ് ഉണ്ടായി വരുമ്പോൾ തന്നെ സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം.

 ഇല ചീയൽ

ഇലയുടെ അഗ്രഭാഗത്ത് നനഞ്ഞ പാടുകൾ ഉണ്ടാകുകയും പിന്നീട് അത് ഞരമ്പുകളിൽ പടരുകയും ചെയ്യുന്ന രോഗമാണ് ഇല ചീയൽ. വി ആകൃതിയിലാണ് മഞ്ഞളിപ്പ് കാണുന്നത്. ക്രമേണ ഈ ഭാഗം കറുത്ത് ചീയും . അഴുകി ദുർഗന്ധം ഉണ്ടാകുകയും ചെയ്യും. ഈ ബാക്ടീരിയ രോഗത്തെ നിയന്ത്രിക്കാനായി രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യാനായി തിരഞ്ഞെടുക്കാം. പൂസ മുക്ത, പൂസ സുഭ്ര എന്നിവ രോഗപ്രതിരോധശേഷിയുള്ള ഇനങ്ങളാണ്.

കീടനിയന്ത്രണം

വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം, വേപ്പിൻകുരു സത്ത്, കാന്താരി മിശ്രിതം എന്നിങ്ങനെയുള്ള ജൈവകീടനാശിനികൾ കൃത്യമായ അളവിൽ രണ്ടാഴ്ച ഇടവിട്ട് ചെടികളിൽ തളിച്ചു കൊടുക്കുന്നതും കീടാക്രമണങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതും ഒരു പരിധിവരെ ക്യാബേജിനെ ആക്രമിക്കുന്ന കീടങ്ങളെ നിയന്ത്രിക്കാൻ സഹായിക്കും

 

Related Topics

Share this story