മണ്ണിലെ ജീവന്റെ തുടിപ്പ് നിലനിര്‍ത്തുന്നതിന് പ്രകൃതികൃഷി അനിവാര്യം

മണ്ണിലെ ജീവന്റെ തുടിപ്പ് നിലനിര്‍ത്തികൊണ്ട് ഭക്ഷ്യശൃംഖലെയെ മെച്ചപ്പടുത്തി മികച്ച പോഷകദായകങ്ങളായ ആഹാര പദാര്‍ത്ഥങ്ങള്‍ മനുഷ്യരാശിക്കു ലഭ്യമാക്കുന്നതിന് പ്രകൃതി കൃഷി അനിവാര്യമാണെന്ന് തിരുവല്ല മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശാന്തമ്മ വര്‍ഗീസ്. കേന്ദ്ര സര്‍ക്കാരിന്റെ പ്രകൃതി കൃഷി പദ്ധതിയോടുനിബന്ധിച്ച് ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് - പുളിക്കീഴ് ബ്ലോക്കിന്റെയും സംയുക്താഭിമുഖ്യത്തില്‍ തിരുവല്ല മഞ്ഞാടി മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ ആരംഭിച്ച 'പ്രകൃതികൃഷി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെയര്‍പേഴ്സണ്‍. കേരള സംസ്ഥാന വനിതാ കമ്മീഷന്‍ അംഗവും മുന്‍ എം.എല്‍.എയുമായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി മുഖ്യാതിഥിയായിരുന്നു.

ഏറ്റവും നീളം കൂടിയ ചേമ്പ് ഇല ഉല്പാദിപ്പിച്ച് ഗിന്നസ് റിക്കോഡ് കരസ്ഥമാക്കിയ റാന്നി പുല്ലൂപ്രം കടക്കേത്ത് റെജി ജോസഫിനെയും പ്രകൃതി കൃഷി പ്രചാരകനായ ഓമനകുമാറിനെയും ചടങ്ങില്‍ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി ആദരിച്ചു. തിരുവല്ല മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ജോസ് പഴയിടം സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുകയും കാര്‍ഷികമേളയുടെയും, പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം നിര്‍വഹക്കുകയും ചെയ്തു.
പ്രകൃതി കൃഷി പദ്ധതിയുടെ വിശദീകരണം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബര്‍ട്ട്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ (എന്‍.ഡബ്ല്യു.ഡി.പി.ആര്‍.എ) വി.ജെ റെജി എന്നിവര്‍ നിര്‍വഹിച്ചു. പ്രകൃതി കൃഷി വീഡിയോ പ്രകാശനം കാര്‍ഡ് ഡയറക്ടര്‍ റവ. മോന്‍സി വര്‍ഗീസ് നിര്‍വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കൃഷിവകുപ്പിന്റെയും കാര്‍ഷിക സര്‍വകലാശാലയുടെയും കര്‍ഷകരുടെയും ഇതര സംഘടനകളുടെയും ആഭിമുഖ്യത്തില്‍ കാര്‍ഷിക പ്രദര്‍ശനവും വിപണനവും സജ്ജീകരിച്ചു. തുടര്‍ന്ന് നടന്ന പ്രകൃതി കൃഷിയുടെ സാധ്യതകളും വിവിധ ഉത്പാദന ഉപാധികളുടെ നിര്‍മ്മാണം എന്ന വിഷയത്തില്‍ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അഗ്രോണമി വിഭാഗം സബ്ജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ് വിനോദ് മാത്യു പരിശീലനത്തിന് നേതൃത്വം നല്‍കി.
25ന് നടക്കുന്ന പ്രകൃതി കൃഷിയിലെ രോഗ കീട നയന്ത്രണം, നാടന്‍ പശുപരിപാലനം, ജൈവ ഉത്പാദന ഉപാധികളുടെ നിര്‍മ്മാണ രീതികള്‍ എന്നീ വിഷയങ്ങളിലെ പരിശീലനം നടക്കും. കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജക്റ്റ് മാറ്റര്‍ സ്പെഷ്യലിസ്റ്റ്മാരായ അലക്സ് ജോണ്‍, ഡോ. സെന്‍സി മാത്യു, കര്‍ഷകന്‍ ഓമനകുമാര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കും. കാര്‍ഷിക മേളയും, പ്രദര്‍ശനവും 25ന് സമാപിക്കും.
തിരുവല്ല മുന്‍സിപ്പാലിറ്റി സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ സാറാമ്മ ഫ്രാന്‍സിസ്, ഷീജ കരിമ്പിന്‍കാല, കൃഷി അസ്സി. ഡയറക്ടര്‍ ജാനറ്റ് ഡാനിയേല്‍, മാമ്മന്‍ മത്തായി നഗര്‍ റസിഡന്‍സ് അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ദീപക്ക് മാമ്മന്‍ മത്തായി എന്നിവര്‍ പങ്കെടുത്തു.